ഗവേഷണം എന്ന ചുരുളി, റിജക്ഷന്‍ എന്ന ചുഴി; ഭ്രമയുഗത്തിലെ പോറ്റിത്തറവാട്ടില്‍ ഈ പി എച്ച് ഡി ജീവിതം!
മാസ്‌റ്റേഴ്‌സ് ഡിഗ്രി കഴിഞ്ഞ്, ഗവേഷണമാണ് തന്റെ വഴിയെന്ന് ആലോചിച്ചു തുടങ്ങിയ നേരം മുതല്‍ ഒരാള്‍ ഈ ചുരുളിയുടെ ഭാഗമാവുകയാണ്.
(സമര്‍പ്പണം: ഭൂതങ്ങള്‍ക്കും ഫൂതങ്ങള്‍ക്കുമിടയില്‍ ജീവിതം തള്ളി നീക്കുന്ന സകലലോക റിസര്‍ച്ച് സ്‌കോളേഴ്‌സിനും..!)
'...Thank you for submitting your manuscript to Separation and Purification Technology. I regret to inform you that the reviewers recommend against publishing your manuscript, and I must therefore reject it...'
Sep 14, 2022
മെസ്സില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് പതിവ് പൂച്ചയുറക്കത്തിനായി റൂമിലേക്ക് വന്നതായിരുന്നു. പാതി മയക്കത്തിലെപ്പോഴോ ഫോണില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ശബ്ദം കേള്‍ക്കുന്നു. മെയില്‍ ബോക്‌സില്‍ 'Decision on your submission' എന്ന ടൈറ്റില്‍ കാണുന്നു. ഞാന്‍ ആനന്ദതുന്ദിലനാകുന്നു. രാവ് പകലാക്കി, ചിന്ത തീയാക്കി ഞാന്‍ ചെയ്തു തീര്‍ത്ത ആദ്യ വര്‍ക്ക് - എന്റെ പി എച്ച് ഡി തീസിസിന്റെ ആദ്യ ചാപ്റ്റര്‍ ഇതാ ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പബ്ലിഷ് ചെയ്യാന്‍ പോകുന്നു! അത്യാഹ്‌ളാദത്തിന്റെ പരകോടിയില്‍ ആ മെയില്‍ തുറക്കുന്നു.
റിജക്ഷന്‍!
ആ നിമിഷം എന്നിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തൊക്കെയെന്ന് എഴുതി ഫലിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുവരെ ചെയ്തതൊക്കെയും നിഷ്പ്രഭമായതു പോലെ; പ്രപഞ്ചമാകെയും എനിക്കെതിരെ തിരിഞ്ഞത് പോലെ ആകമാനമൊരു ശൂന്യത എന്നില്‍ നിറഞ്ഞു. പ്രൊഫസറാണ് മെയില്‍ ഫോര്‍വേഡ് ചെയ്തത്. ഞാനിനി എങ്ങനെ ആ മുഖത്തു നോക്കും. ഇതിനിനി സെപ്പറേറ്റ് ചീത്ത വിളി കേള്‍ക്കേണ്ടി വരുമോ? ആകുലതകള്‍ എന്നെ ഭരിച്ചു!
ഒടുവില്‍ ഞാന്‍ ധൈര്യം സംഭരിച്ച് ലാബിലേക്ക് തിരികെ ചെല്ലാന്‍ തീരുമാനിക്കുന്നു. അന്ന് മുതല്‍ ഞാന്‍ പുതിയ മനുഷ്യന്‍ ആവും എന്ന ദൃഢപ്രതിജ്ഞയെടുത്ത് 'ഓണപ്പരിപാടിക്ക് പാട്ട് പാടാനൊന്നും ഞാന്‍ ഉണ്ടാവില്ല...' എന്ന് ക്ലൈവിനെ വിളിച്ച് പറയുന്നു..(അതെന്തിനായിരുന്നു എന്ന് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്..!)
വരുന്നത് വരട്ടെ എന്ന് കരുതി ലാബിലേക്ക് ചെല്ലുന്നു. സംഭവത്തിന്റെ ഗൗരവം ഒട്ടും ചോരാതെ ആതിയോടും പ്രിങ്കുവോടും പറയുന്നു. റിജക്ഷന്‍ അനുഭവം അതുവരെ ഇല്ലാത്തതിനാല്‍ അവര്‍ക്കും ഇതിന്റെ പരിണിത ഫലങ്ങളെ പറ്റി തിട്ടമില്ല. പക്ഷെ ഇത് പോയാല്‍ അടുത്തത് നോക്കാലോ എന്ന നിലയ്ക്ക് അവര്‍ എനിക്ക് സമാധാനം തന്നു. എന്തായാലും സാറിനെ പോയൊന്ന് കാണാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഒരു ടെറര്‍ സീന്‍ പ്രതീക്ഷിച്ചു പോയ എന്റെ മുന്നില്‍ സാര്‍ സമാധാനത്തിന്റെ ഒരു ലോഡ് പ്രാവുകളെ പറത്തി വിടുന്നു. റിവ്യൂവേഴ്‌സ് കമന്റ് നന്നായി വായിച്ച് തിരുത്താന്‍ വല്ലതും ഉണ്ടെങ്കില്‍ അത് ചെയ്ത് അടുത്ത ജേണലില്‍ ഇടാം എന്ന് പറയുന്നു. മൊത്തത്തില്‍ ഒരു ലാഘവം..!
ദംഷ്ട്രയുള്ള ഭൂതമാണെന്നു വിചാരിച്ച് നേരിടാന്‍ പോയ ഒരു കാര്യത്തെ വെറും ഫൂതമാക്കി വിട്ട സാറിന്റെ സമീപനത്തില്‍ നിന്നാണ് റിസര്‍ച്ച് സ്‌കോളര്‍സിന്റെ ജീവിതത്തില്‍ മാനുസ്‌ക്രിപ്ട് റിജക്ഷന്‍ എന്നത് അത്രമേല്‍ സ്വാഭാവികമായ പ്രതിഭാസമാണെന്നു ഞാന്‍ തിരിച്ചറിയുന്നത്. അന്ന് തൊട്ടാണ് ചുറ്റുമുള്ള സ്‌കോളര്‍മാരുടെ മാനുസ്‌ക്രിപ്ട് റിജക്ഷന്‍ അനുഭവങ്ങളെ പറ്റിയറിയാനുള്ള കൗതുകം മനസ്സില്‍ മുളച്ചു തുടങ്ങുന്നതും! അങ്ങനെ സ്വാനുഭവത്തില്‍ നിന്നും ചുറ്റിലുമുള്ള സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ കവര്‍ന്നെടുത്തും സ്വരുക്കൂട്ടിയ ഇത്തിരി കാര്യങ്ങളാണ് ഈ കുറിപ്പിലുള്ളത്.
പ്രിയപ്പെട്ട സ്‌കോളര്‍മാരെ..ഇത് നിങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്. ഇവിടം തൊട്ടാണ് ഈ ലേഖനം തുടങ്ങുന്നതും! ഇതുവരെ പറഞ്ഞതത്രയും നിങ്ങള്‍ ഈ കുറിപ്പ് ആദ്യ വരിയില്‍ തന്നെ റിജെക്റ്റ് ചെയ്യാതിരിക്കാന്‍ കാട്ടിയ പൊടിക്കൈകളാകുന്നു!
ഗവേഷണം എന്ന ചുരുളി!
പെട്ടുപോയാല്‍ പുറത്തിറങ്ങാന്‍ അനുവാദമില്ലാത്ത പോറ്റിത്തറവാടാണ് മിക്കവാറും സ്‌കോളര്‍മാരുടെ പി എച്ച് ഡി ജീവിതം. അതില്‍ തന്നെ പല ഘട്ടങ്ങളുണ്ട്. നിബിഡ വനത്തില്‍ നാളിതുവരെ ആരും കണ്ടെത്താത്ത നീലക്കൊടുവേലി തപ്പിയാണ് ഓരോ സ്‌കോളറുടെയും അലച്ചില്‍. അലയേണ്ടി വരുന്ന ദൂരമോ സമയമോ ആര്‍ക്കും പ്രവചിക്കാനാകില്ല! ചിലര്‍ ആദ്യം തിരയുന്നയിടത്ത് നിന്ന് കിട്ടുന്ന പൊട്ടും പൊടിയും പെറുക്കിക്കൂട്ടി അതാണ് താന്‍ തേടിയിറങ്ങിയതെന്നു സമര്‍ത്ഥിച്ച് തിരികെയിറങ്ങുന്നു. ചിലര്‍ മുന്നോട്ട് മുന്നോട്ട് നടന്നു നടന്നു തിരികെയിറങ്ങാന്‍ വഴിയറിയാതെ ചുരുളിയില്‍ പെട്ടലയുന്നു. ചിലര്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നു. പിന്നെയും ചിലര്‍ സകല പ്രഹേളികകളും താണ്ടി കയറിയതില്‍ നിന്നും തികച്ചു വ്യത്യസ്തനായൊരു മനുഷ്യനായി തിരികെയിറങ്ങുന്നു!
മാസ്‌റ്റേഴ്‌സ് ഡിഗ്രി കഴിഞ്ഞ്, ഗവേഷണമാണ് തന്റെ വഴിയെന്ന് ആലോചിച്ചു തുടങ്ങിയ നേരം മുതല്‍ ഒരാള്‍ ഈ ചുരുളിയുടെ ഭാഗമാവുകയാണ്. ആദ്യം ഫെല്ലോഷിപ് എങ്ങനെ ഒപ്പിക്കുമെന്ന ചിന്ത. UGC, CSIR , MHRD, DST...എല്ലാം ഫണ്ട് തരാന്‍ റെഡിയാണ്..പക്ഷെ അതാത് പരീക്ഷകള്‍ പാസാവണം. ജെ ആര്‍ എഫ് എടുക്കണം. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കയറി നടന്ന് ഇന്റര്‍വ്യൂ കൊടുക്കണം. പാനലിന്റെ പുച്ഛം ഏറ്റു വാങ്ങണം. ഇങ്ങനെ നീളുന്ന പുത്തരിയങ്കങ്ങള്‍ക്കൊടുവില്‍ എവിടെയെങ്കിലും കയറിപ്പറ്റുന്നിടത്ത് ഒന്നാം ഘട്ടം അവസാനിക്കുന്നു.
സ്വന്തം വിധി സ്വയമേവ തെരഞ്ഞെടുക്കാമെന്ന ഓഫറില്‍ റിസര്‍ച്ച് സൂപ്പര്‍വൈസറെ തിരയലാണ് രണ്ടാം ഘട്ടം. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ജാഗരൂകരായിരിക്കേണ്ട ഘട്ടം. ഈ ഘട്ടം നിങ്ങളുടെ നിയോഗം ഏറെക്കുറെ തീരുമാനിക്കുന്നു. ഇനിയുള്ള കലാപകലുഷിത കാലത്തിലേക്കുള്ള സുപ്രധാന തീരുമാനം വളരെ ആലോചിച്ചെടുക്കുന്നിടത്ത് ഈ ഘട്ടത്തിനും തിരശീല വീഴുന്നു.
ഒന്ന് ശ്വാസം വിടാമെന്ന് വയ്ക്കുമ്പോള്‍ പഞ്ചാബി ഹൗസില്‍ രമണന്റെ മുന്നില്‍ അലക്കാനുള്ള തുണിക്കൂന വരും പോലെ ഉടനെ വരും അടുത്ത പണി. കോഴ്‌സ് വര്‍ക്ക്! ഘടാഘടിയന്മാരായ കോഴ്സുകള്‍ മിനിമം ഗ്രെയിഡില്‍ പാസാവണം. ഇക്കണ്ട പരീക്ഷയും ഇന്റര്‍വ്യൂവും കോഴ്‌സ് വര്‍ക്കും കഴിഞ്ഞവര്‍ പിന്നെയും ഒരുതവണ കൂടി യോഗ്യത തെളിയിക്കാനായി കൊമ്പ്രെഹെന്‍സീവ് എക്‌സാമെന്ന കടമ്പ കടക്കണം. ഇത്രയും കടന്നവരാണ് റിസര്‍ച്ച് ചെയ്യാന്‍ യോഗ്യര്‍!
കോഴ്‌സ് വര്‍ക്കില്‍ തുടങ്ങി കൊമ്പ്രെഹെന്‍സീവ് എക്‌സാം കടന്ന് ടേബിള്‍ വര്‍ക്കിലേക്കു പതിയെ പതിയെ നീളുന്ന ഈ ഘട്ടമാണ് മിക്കവാറും ആളുകള്‍ക്കും ഹണിമൂണ്‍ പീരീഡ് (അവിടം മുതല്‍ തന്നെ ചക്രശ്വാസം വലിച്ചു തുടങ്ങിയവര്‍ക്കായി ഒരു മിനിറ്റ് മൗനം!). എത്തിപ്പെട്ട ക്യാമ്പസ്സിനെ ഒന്നറിയാനും അത്യാവശ്യം ഒന്ന് ശ്വാസം വിടാനുമുള്ള ഇടനേരം കിട്ടുന്ന കാലം. ഒരു മുഴുനീള റിസേര്‍ച്ചറായെന്ന ഔദ്യോഗിക സര്‍ട്ടിഫിക്കേറ്റ് വന്നു കഴിഞ്ഞാല്‍ പിന്നെ പല വിധ പ്രോജക്റ്റുകള്‍ നമുക്ക് മുന്നില്‍ കുന്നു കൂടി തുടങ്ങുന്നു. പോരാതെ പ്രൊഫസര്‍മാരെ കോഴ്‌സ് വര്‍ക്കുകളില്‍ സഹായിക്കാനുള്ള ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് ഡ്യൂട്ടിയും. ചില റിസര്‍ച്ച് സൂപ്പര്‍വൈസര്‍മാര്‍ സ്‌കോളര്‍മാരെ നാരങ്ങാ സര്‍വത്തു പോലെ പിഴിഞ്ഞ് അവസാന അല്ലി പോലും ഊറ്റിയെടുക്കുന്നു. ഓഫിസ് വര്‍ക്കും ബില്‍ സെറ്റിലിങ്ങും തൊട്ട് റിപ്പയറിങ്ങും പര്‍ച്ചേസിംഗും വരെ ചെയ്യിപ്പിക്കുന്നു. മറ്റു ചിലര്‍ പരബ്രഹ്മങ്ങളായി വാത്മീകത്തില്‍ അമര്‍ന്ന് യാതൊരു ഇന്‍പുട്ടും തരാതെ സ്‌കോളറെ ത്രിശങ്കുവിലാക്കുന്നു, അപൂര്‍വം ചിലര്‍ മാതൃകാ മെന്റര്‍മാരായി സ്‌കോളറുടെ കൂടെ സഞ്ചരിച്ച് പ്രതിസന്ധികളില്‍ കൈത്താങ്ങാകുന്നു.
സബ്മിഷന്‍ എന്ന പ്രതീക്ഷ
ടേബിള്‍ വര്‍ക്കില്‍ നിന്നും മാനുസ്‌ക്രിപ്റ്റിലേക്കുള്ള ദൂരം ഒട്ടുമേ രേഖീയമല്ല. അത് വളഞ്ഞും പുളഞ്ഞും മുന്നോട്ടു നീളുന്ന പടുകൂറ്റന്‍ ചുരമാകുന്നു. ഒരുപാട് ലിറ്ററേച്ചറുകള്‍ തിരഞ്ഞും ഡിസ്‌കഷനുകള്‍ നടത്തിയും നമ്മളെത്തിച്ചേരുന്ന ഒരു ഹൈപ്പോതെസിസിനെ ഏറെ നാള്‍ നീണ്ട ബെഞ്ച് വര്‍ക്കില്‍ കൂടി യാഥാര്‍ഥ്യമാക്കി ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ആര്‍ക്കും മനസ്സിലാകുന്ന നിലയ്ക്ക് വ്യക്തവും കൃത്യവുമായി അവതരിപ്പിക്കുകയെന്നത് ശ്രമകരമാണ്. അതിലും ശ്രമകരമാണ് അത് നല്ലൊരു ജേര്‍ണലിലേക്ക് പിച്ച് ചെയ്യുകയെന്നത്. പ്രത്യേകിച്ചും ആദ്യത്തെ ആര്‍ട്ടിക്കിള്‍! നമ്മുടെ രീതിയും സൂപ്പര്‍വൈസറുടെ സങ്കല്‍പ്പവും തമ്മില്‍ അജഗജാന്തരമുണ്ടെങ്കില്‍ പ്രത്യേകിച്ചും. Modified manuscript 1 , 2 , 3 , 4 എന്നിങ്ങനെ ഫോള്‍ഡറില്‍ കോപ്പികള്‍ പെറ്റു പെരുകും. വെട്ടലും തിരുത്തലുമായി നേരം ഒഴുകും. ഒടുവില്‍ ഇരുകൂട്ടര്‍ക്കും തൃപ്തിയായൊരു ഫോമിലെത്തുമ്പോഴാണ് ഏതിടത്തേക്ക് പോകണമെന്ന ചര്‍ച്ച തുടങ്ങുന്നത്. സ്വപ്നങ്ങള്‍ നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും പോലെ കാര്‍ പോര്‍ച്ചും പൂന്തോട്ടവുമുള്ള വീട്ടിലേക്ക് നമ്മെ ഉന്തിത്തള്ളുമെങ്കിലും കയ്യിലെന്താണുള്ളത് എന്ന ബോധ്യം നമ്മളെ യാഥാര്‍ഥ്യത്തിലേക്ക് കൂവിയുണര്‍ത്തും! ഇക്കണ്ട കസര്‍ത്തുകളെല്ലാം കഴിഞ്ഞ് മാനുസ്‌ക്രിപ്റ്റും സപ്പോര്‍ട്ടിങ് ഫയലുകളും (കോണ്‍ട്രിബ്യൂഷന്‍ സ്റ്റേറ്റ്‌മെന്റടക്കം ശരാശരി ആറ് ഫയലുകള്‍ ) തയ്യാറാക്കി ഇതൊന്ന് അപ്ലോഡ് ചെയ്ത് കിട്ടുന്ന ആ നിമിഷം! ഏറെ നേരം ഓടിത്തളര്‍ന്നൊരുവന്‍ ആശിച്ചെടുക്കുന്ന ദീര്‍ഘ നിശ്വാസത്തോളം സുഖതരമാണത്.
ഡിസിഷന്‍ ഓണ്‍ യുവര്‍ സബ്മിഷന്‍..!
എത്ര ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചവരാണെങ്കിലും മെയില്‍ ബോക്‌സില്‍ 'ഡിസിഷന്‍ ഓണ്‍ യുവര്‍ സബ്മിഷന്‍' എന്ന തലക്കെട്ട് കാണുമ്പോള്‍ ഒന്ന് ചങ്കിടിക്കും. ആര്‍ട്ടിക്കിളിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള നമ്മുടെ ആകാംഷയില്‍ നിന്ന് ഉരുവാകുന്ന സംഭ്രമം!
പക്ഷെ സബ്മിഷന് ശേഷം എന്തും സംഭവിക്കാം, സംഭവിക്കാതിരിക്കാം. സബ്മിറ്റ് ചെയ്ത ആര്‍ട്ടിക്കിള്‍ നേരെ ചെല്ലുന്നത് എഡിറ്ററുടെ മുന്നിലേക്കാണ്. ചില എഡിറ്റര്‍മാര്‍ ആദ്യ നോട്ടത്തില്‍, ടൈറ്റിലില്‍, അബ്‌സ്ട്രാക്റ്റില്‍ പിടിച്ച് കയറി ഈ ആര്‍ട്ടിക്കിള്‍ തങ്ങളുടെ ജേണലിന്റെ നിലവാരത്തിന് പറ്റിയതല്ലെന്നറിയിച്ച് കാലവിളംബമില്ലാതെ തിരിച്ചയക്കുന്നു. ചിലപ്പോള്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിനെ ഇതിനായി ചുമതലപ്പെടുത്തുന്നു. ഇതിനെ ഡെസ്‌ക് റിജക്ഷന്‍ എന്നാണ് സാധാരണ പറയാറ്. ചിലപ്പോള്‍ അവര്‍ തന്നെ അനുയോജ്യമായ മറ്റൊരു ജേണല്‍ നിര്‍ദേശിക്കുകയും ചെയ്യും. അതിനെ ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ എന്നാണ് വിളിക്കുക. അതല്ല ഏതാണ്ടൊരു നിലവാരമുണ്ടെന്നും, തങ്ങളുടെ ജേണലിന്റെ അഭിരുചിക്ക് യോജിക്കുമെന്നും തോന്നുന്നവ അതത് മേഖലയില്‍ വിദഗ്ദരായ രണ്ടോ മൂന്നോ പേരെ കണ്ടെത്തി അവര്‍ക്ക് നല്‍കി അഭിപ്രായങ്ങള്‍ സ്വരൂപിച്ച് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നു. ഇതാണ് പിയര്‍ റിവ്യൂ പ്രോസസ്. അതിനുശേഷം ആര്‍ട്ടിക്കിളുകള്‍ എഡിറ്റര്‍ പിന്നെയും വിലയിരുത്തി തങ്ങളുടെ തീരുമാനം എഴുതിയവരെ അറിയിക്കുന്നു. ചിലപ്പോള്‍ അതേപടി സ്വീകരിക്കുന്നുവെന്നാകാം, ഇന്നയിന്ന മാറ്റം വരുത്തിയാല്‍ സ്വീകരിക്കാന്‍ ശ്രമിക്കാം എന്നാകാം, പാടെ നിരസിച്ചു എന്നാകാം! 'ഡിസിഷന്‍ ഓണ്‍ യുവര്‍ സബ്മിഷന്‍' നന്നായി വായിച്ച് മുന്നോട്ടുള്ള വഴി തിരഞ്ഞെടുത്താല്‍ നമുക്ക് നന്ന്!
റിജക്ഷന്‍ സൂപ്പര്‍മാര്‍ക്കറ്റ്..!
മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം വായിക്കുമ്പോഴും പറയുമ്പോഴും പെട്ടെന്ന് തീര്‍ന്നെങ്കിലും ഒരുപാട് സമയം തിന്നുന്ന പരിപാടിയാണ്. ചിലപ്പോള്‍ നമ്മുടെ സബ്മിഷനുകള്‍ കാലാകാലം യാതൊരു വിധ കമ്മ്യൂണിക്കേഷനുമില്ലാതെ, എന്നാല്‍ പ്രത്യേകിച്ച് പുരോഗതികളൊന്നുമില്ലാതെ എഡിറ്ററുടെ ടേബിളില്‍ കിടക്കും. റിസര്‍ച്ച് ചെയ്യുക എന്നതിനോളം തന്നെ പ്രസക്തമാണ് റിസള്‍ട്ടുകള്‍ കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുക എന്നത്. 'നോവല്‍റ്റി' എന്നത് റീസച്ചേഴ്സ് നെ സംബന്ധിച്ച് വെറുമൊരു വാക്കല്ല! താന്‍ ചിന്തിക്കുന്നത് ലോകത്തെവിടെയിരുന്നും ആര്‍ക്കു വേണമെങ്കിലും ചിന്തിച്ചെടുത്ത് നടപ്പിലാക്കാവുന്നതേയുള്ളൂ എന്ന് പൂര്‍ണ ബോധ്യമുള്ള സ്‌കോളര്‍, മേല്‍ പറഞ്ഞ 'ആര്‍ട്ടിക്കിള്‍ കോമ' സ്റ്റേജില്‍ പരിഭ്രാന്തനാകുന്നത് തികച്ചും സ്വാഭാവികമാണ്. അതിനാല്‍ തന്നെ ഈ നിലയാണ് റിജക്ഷനെക്കാള്‍ അപകടകരം. സുഹൃത്തുക്കളുടെ സബ്മിഷന്‍ അനുഭവങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു ഭാഗവും ഇതുതന്നെയാണ്!
മറ്റൊരു സാധ്യത റിവ്യൂവിനു പോയ ആര്‍ട്ടിക്കിള്‍ കാലാകാലം വച്ച് വച്ച് ഒടുവില്‍ വരുന്ന റിജക്ഷനാണ്. റിവ്യൂ ചെയ്യുന്ന മൂന്നു പേര്‍ മൂന്ന് തരക്കാരായിരിക്കും. അവരുടെ സമയത്തിനും സൗകര്യത്തിനുമനുസരിച്ച് കാര്യങ്ങള്‍ നടന്നു വരുമ്പോഴേക്കും കാലം പായും! പക്ഷെ, ജേണല്‍ ഇന്റര്‍ഫേസില്‍ 60 ദിവസത്തിനകം റിവ്യൂ ഡിസിഷന്‍ എന്ന ഗ്യാരണ്ടി എഴുതി വച്ച് ആറും ഏഴും മാസം കഴിഞ്ഞു മാത്രം കഴിഞ്ഞ് ഫസ്റ്റ് ഡിസിഷന്‍ വരുന്ന കഥ എഞ്ചിനീയറിംഗ് മേഖലയില്‍ ഗവേഷണം ചെയ്യുന്ന ഒരുപറ്റം സുഹൃത്തുക്കള്‍ പറയുകയുണ്ടായി. ഇത്തരം തഴയലുകളും നമ്മെ മാനസികമായി തകര്‍ക്കാന്‍ പോന്നതാണ്. ഇനിയെന്തു ചെയ്യുമെന്ന ശൂന്യത അപ്പോഴും ബാക്കിയാകും.
'I accept - but I reject' ഡിസിഷനുകളാണ് മിക്കവരെയും ബാധിക്കുന്ന മറ്റൊന്ന്. രണ്ടു റിവ്യൂവര്‍മാരില്‍ ഒരാള്‍ നമ്മുടെ ഉദ്യമത്തെ ഗംഭീരമായി പ്രശംസിക്കുകയും മറ്റൊരാള്‍ പത്തു പൈസക്ക് കൊള്ളില്ലായെന്ന് പറയുകയും ചെയ്താലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ! റിജെക്ഷന്‍ വരുമ്പോള്‍ ഈ ആര്‍ട്ടിക്കിള്‍ ഇങ്ങനെ തന്നെ നിര്‍ത്തണോ അല്ല മാറ്റം വരുത്തണോ എന്ന് സ്‌കോളര്‍ക്കു തിട്ടമില്ലാതെ പോകുന്ന ദുസ്ഥിതി മറ്റൊരു പരിതാപകരമായ അവസ്ഥയാണ്.
ഒരുതവണ റിവ്യൂ വന്ന ആര്‍ട്ടിക്കിള്‍ പിന്നെയും മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് തിരിച്ചു വന്ന്, പിന്നെയും കൊടുത്ത് പിന്നെയും വന്ന്, ഒടുക്കം കിട്ടുന്ന ബമ്പര്‍ റിജക്ഷനാണ് കൂട്ടത്തില്‍ മുന്തിയ റാങ്കുള്ളത്. സമയവും ബുദ്ധിയും ഈ ഒന്നിനായി സമര്‍പ്പിച്ച് സമര്‍പ്പിച്ച് ഒടുവില്‍ 'നന്നായിട്ടുണ്ട്..ഇവിടെ വേണ്ട' എന്ന് പറയുന്ന അവസ്ഥ. ഇത്തരം സന്ദര്‍ഭങ്ങളും ഒരുപാട് പേര്‍ പങ്കുവച്ചിരുന്നു. ഇവിടെയും സമയമാണ് പ്രധാന പ്രതിബന്ധമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭൂതത്തെ ഫൂതമാക്കല്‍..!
ഒരുപാട് സ്‌കോളര്‍മാരുടെ വിവിധ തരം റിജക്ഷന്‍ കഥകള്‍ കേട്ടപ്പോള്‍ എമ്പതറ്റിക്ക് ആകുന്നു എന്നതല്ലാതെ പലതിനും എന്താണ് പരിഹാരം എന്ന് നിര്‍ദ്ദേശിക്കാനോ ആലോചിച്ചെടുക്കാനോ കഴിയുന്നില്ല. നാല് റിവ്യൂ കഴിഞ്ഞ ആര്‍ട്ടിക്കിള്‍, 'ഉള്ളടക്കം കൊള്ളാം, പക്ഷെ നിന്റെ ഭാഷ പോരാ' എന്ന് പറഞ്ഞ റിജക്റ്റ് ചെയ്ത കഥയൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ എന്ത് പ്രതിവിധി നിര്‍ദേശിക്കാനാണ്. അതിനാല്‍ തന്നെ ഈ ഭൂതത്തെ ഫൂതമാക്കല്‍ അത്ര എളുപ്പമല്ല.
എങ്കിലും ചെയ്യാവുന്ന ചില കാര്യങ്ങളില്‍ ഒന്ന് ജേണല്‍ സെലക്ഷനിലുള്ള ശ്രദ്ധയാണ്. അവരെ പറ്റി അവര്‍ തന്നെ പറയുന്ന കാര്യങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങാതെ, മറ്റു മാര്‍ഗങ്ങളിലൂടെ ജേണലിന്റെ സ്വഭാവം മനസിലാക്കിയെടുക്കുകയെന്നതാണ് പ്രധാന കാര്യം. റിസര്‍ച്ച് ഗേറ്റ്, LikedIn, ജേര്‍ണല്‍ ഇന്‍ഡക്‌സ് അളക്കുന്ന ചില പ്രൈവറ്റ് വെബ് സൈറ്റുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. മുന്‍പേ ആ ജേര്‍ണലില്‍ സബ്മിറ്റ് ചെയ്തവരെ നേരിട്ട് ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ആരായുന്നതും ഒരു പരിധി വരെ ഗുണം ചെയ്യുമെന്ന് തോന്നുന്നു.
റിവ്യൂവേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലവിളംബം നമ്മുടെ കയ്യില്‍ നില്‍ക്കില്ലെങ്കിലും പല ജേണലുകളും 'റിവ്യൂവര്‍ സജഷന്‍' ചോദിക്കാറുണ്ട്. അത് റാന്‍ഡം ആയി നല്‍കാതെ സമയമെടുത്ത് കൃത്യമായി ഗവേഷണം ചെയ്ത് നല്‍കുക. അവരിലേക്ക് തന്നെ പോകുമെന്ന് ഉറപ്പില്ലായെങ്കിലും പോയാല്‍ നമുക്ക് കിട്ടാവുന്ന സമയലാഭം ഒരു സുപ്രധാന നേട്ടമാണ്.
മറ്റൊന്ന് ചോദ്യങ്ങള്‍ക്ക് നമ്മള്‍ എങ്ങനെ മറുപടി പറയുന്നു എന്നതാണ്. ഒരുപക്ഷെ റിവ്യൂവര്‍ ചോദിച്ചിരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണെങ്കില്‍ കൂടെ അത് അക്‌നൗലെഡ്ജ് ചെയ്ത് അതിനുള്ള സൈദ്ധാന്തിക മറുപടി നല്‍കുക. ചില നേരങ്ങളില്‍ ഉള്ളിലെ അന്യനെ ഉറക്കിക്കിടത്തി സ്വയം അമ്പിയായി രൂപാന്തരപ്പെടുക.
ആര്‍ട്ടിക്കിള്‍ നിര്‍മിക്കുന്നതിലെയും പ്രെസന്റ് ചെയ്യുന്നതിലെയും പിഴവുകള്‍, ജേണല്‍ ഉദ്ദേശിക്കുന്ന രീതി കൃത്യമായി പിന്തുടരാതിരിക്കല്‍, ഭാഷയിലെ വ്യക്തതക്കുറവ് തുടങ്ങി ടെക്‌നിക്കല്‍ ആയ പല കാര്യങ്ങളും നമ്മുടെ മാത്രം കയ്യിലാണ്. ഒന്നില്‍ തന്നെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കല്‍ മടുപ്പുളവാക്കുമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ചെറിയ പെര്‍ഫെക്ഷനിസ്റ്റ് ആവാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല..!
ഏറ്റവും പ്രധാന കാര്യം ആത്മധൈര്യം കൈവിടാതിരിക്കലാണ്. സംഭവം ഫേക്ക് പോസിറ്റിവിറ്റിയോളം ടോക്‌സിക് ആയ മറ്റൊരു സംഗതിയില്ലെങ്കിലും ഇത്തരം സങ്കീര്‍ണ ഘട്ടങ്ങളില്‍ അത് വിതറാതെ തരമില്ല. അഞ്ചാറു മാസം കാത്തിരുന്ന് റിജക്ഷന്‍ അടിച്ചു കയ്യില്‍ കിട്ടിയവനോട് 'നീ തീര്‍ന്നെടാ തീര്‍ന്നു' എന്ന് ബ്രൂട്ടലി ഓണസ്റ്റ് ആയി വിളിച്ച് പറയുന്ന സ്ഥിതി ആലോചിച്ചു നോക്കൂ. അവരുടെ കൂടെ നില്‍ക്കുക. ഉപദേശിച്ചു ചളമാക്കാതെ, എന്നാല്‍ തളരാന്‍ വിടാതെ അവരുടെ കൈകള്‍ ചേര്‍ത്തു പിടിക്കുക.
പിന്നെ ഒരുപാട് പേരുടെ അനുഭവങ്ങള്‍ അറിഞ്ഞും കണ്ടും ഇങ്ങനെ പെരുകുമ്പോള്‍ ഭൂതം ചിലപ്പോഴൊക്കെ ഫൂതമായി തനിയെ അങ്ങ് പരിണമിക്കും. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആറ് ഡെസ്‌ക് റിജക്ഷന്‍ കഴിഞ്ഞ ഒരു റിസര്‍ച് ആര്‍ട്ടിക്കിള്‍ എന്റെ മറ്റൊരു ടാബില്‍ മോഡിഫിക്കേഷന്‍ കാത്ത് വേഴാമ്പലിനെ പോലെ കിടപ്പുണ്ട്. ഇപ്പോഴും റിജക്ഷന്‍ എന്ന് മെയില്‍ ബോക്‌സില്‍ കാണുമ്പോള്‍, അന്ന് 2022 സെപ്തംബര്‍ 24-ന് ആദ്യമായി കണ്ട അതേ അന്ധാളിപ്പുണ്ട്. പക്ഷെ, ഇപ്പോള്‍ പഴയത് പോലെ പരിപാടി കാന്‍സല്‍ ചെയ്ത് മുറിയടച്ചിരുന്ന് സ്വയം 'നന്നാവാന്‍' തീരുമാനമെടുക്കില്ലെന്ന വ്യത്യാസം മാത്രമേയുള്ളൂ.
ഈ കുറിപ്പ് വായിച്ച് മുഴുമിക്കുന്ന ചിലര്‍ക്കെങ്കിലും അങ്ങനെയൊരു മാറ്റം ഉണ്ടാകുമെന്ന ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു..!
( മദ്രാസ് ഐ ഐ ടിയില്‍ രസതന്ത്ര വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍. )