Love Debate : ചാപല്യങ്ങളില്‍ ആടിയുലയുന്ന പങ്കായങ്ങളാണ് നമ്മുടെ പ്രണയജീവിതം!

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന്  അമീന ബഷീര്‍ എഴുതുന്നു

love debate Ameena Basheer on Love and lust

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.

 

love debate Ameena Basheer on Love and lust
 

 

സ്‌നേഹത്തിനപ്പുറം ബാഹ്യസൗന്ദര്യം, പണം, വിദ്യാഭ്യാസം, പശ്ചാത്തലം, നിറം എന്നിവ എങ്ങനെ പ്രണയത്തെ നിര്‍ണ്ണയിക്കുന്ന ഘടകം ആവുന്നു? 

യഥാര്‍ത്ഥത്തില്‍ പ്രണയം ഉടലെടുക്കുന്നത് രണ്ടു മനസ്സുകള്‍ക്കിടയിലാണ്. ഒരുപക്ഷേ ജീവിതത്തിലെ ഒരു അവിചാരിത സമയത്ത്, തികച്ചും നിഷ്‌ക്കളങ്കമായ ഒരിഷ്ടം. അനിര്‍വചനീയമായ ആനന്ദമായി, ഹൃദയത്തോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്‌നേഹവായ്പായി, നിഴലായി,  നിലാവായി അങ്ങനെയങ്ങനെ.

ഇത്തരം ഒരനുഭൂതിയില്‍ എവിടെയാണ് ബാഹ്യാലങ്കാരങ്ങള്‍ക്കു പ്രസക്തി? ചിലപ്പോഴെങ്കിലും നമ്മുടെയൊക്കെ ജീവിതത്തില്‍ അത്തരം ആകര്‍ഷണങ്ങളും കടന്നു വന്നേക്കാം. കാരണം നാം മനുഷ്യരാണ്. അത്ര മാത്രം ചാപല്യങ്ങളാല്‍ ആടിയുലയുന്ന പങ്കായങ്ങളാണ് നമ്മുടെയൊക്കെ ജീവിതങ്ങള്‍.

യഥാര്‍ത്ഥ പ്രണയം നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ കടന്നു വരൂ എന്നു നാം പറയുമ്പോഴും എത്ര തവണ വേണമെങ്കിലും ബാഹ്യമായ ആകര്‍ഷണങ്ങളില്‍ നാം പെട്ടുപോയേക്കാം. ഒരു പക്ഷേ നമ്മുടേ തന്നെ മനോനിലകളില്‍ ഒരു ആശ്വാസം നാം കണ്ടെത്തുന്നത് അത്തരം നൈമിഷികമായ ബന്ധങ്ങളില്‍ കൂടിയാണെന്നുമിരിക്കാം. എന്നിരുന്നാല്‍ക്കൂടി വീണ്ടും വീണ്ടും നമ്മെ അവരിലേക്കു വലിച്ചടുപ്പിക്കുന്നതാണ് യഥാര്‍ത്ഥ പ്രണയം.

ഇന്നത്തെ കാലത്ത് ക്യാമ്പസുകളില്‍ നിന്നു പോലും യഥാര്‍ത്ഥ പ്രണയങ്ങള്‍ അറ്റു പോകുന്നതാണ് നാം കണ്ടു വരുന്നത്. പണം, സൗന്ദര്യം എന്നിവയൊക്കെ കണക്കു കൂട്ടി കിഴിച്ചാണ് ഇന്നു പലരും പ്രണയബന്ധങ്ങളില്‍ ചെന്നകപ്പെടുന്നത് തന്നെ! അതു കൊണ്ടു തന്നെയാണ് ഇന്നത്തെ തലമുറയ്ക്ക് മൊയ്തീന്‍-കാഞ്ചനമാല പ്രണയം ഒക്കെ തികച്ചും അവിശ്വസനീയമായ ഒന്നായി തോന്നുന്നത്. ഇന്നത്തെ കാലത്തെ പല പ്രണയ വിവാഹങ്ങളും പരാജയങ്ങളാവുന്നതും അഡ്ജസ്റ്റുമെന്റുകള്‍ ആകുന്നതും അതുകൊണ്ടു കൂടി തന്നെയാണ്.

പരസ്പരം നന്നായി മനസ്സിലാക്കുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ ഉടലെടുക്കുന്ന സത്യസന്ധമായ പ്രണയം അവരെ മരണം വരെ ആത്മവിശ്വാസത്തോടെ ജീവിക്കുവാന്‍, ഇണയും തുണയുമായി വര്‍ത്തിച്ചു പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുവാന്‍ സഹായിക്കുന്നു. എല്ലാ നെഗറ്റിവിറ്റികളിലും പോസിറ്റീവായി ചിന്തിക്കുവാന്‍ ഇത് അവരെ പ്രേരിപ്പിക്കുന്നു. പണത്തേക്കാളും സൗന്ദര്യത്തേക്കാളും ഏറ്റവും വിലമതിക്കുന്നത് ഈ സ്‌നേഹബന്ധമാണെന്ന് മനസ്സിലാക്കുന്ന ഭാഗ്യശാലികളായിരിക്കും ഇത്തരക്കാര്‍.

ഇനിയും മറ്റൊരു വിഭാഗമുണ്ട്. ജീവിതത്തിലെ കണക്കു കൂട്ടലുകളില്‍ തികച്ചും പിഴച്ചുപോയ ചിലര്‍. സ്വന്തം പങ്കാളിയില്‍ നിന്നും പ്രണയം നഷ്ടമായ ഒരു കൂട്ടര്‍. ഇത്തരക്കാര്‍ എന്നെന്നും പ്രണയം ഉള്ളില്‍ കാത്തു സൂക്ഷിക്കുന്നവരായിരിക്കും. പ്രണയ ഗാനങ്ങള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതു പോലെ, യാത്രകള്‍ മനസ്സിന്റെ വേദനകളെ അലിയിച്ചു കളയുന്നതു പോലെ.

പുതിയ കാഴ്ചകളില്‍, നിറങ്ങളില്‍, പ്രകൃതിയില്‍ തന്നെ പ്രണയം കണ്ടെത്തുന്നവര്‍. ജീവിതത്തെ ജീവിതത്തോടു കൂട്ടിയോജിപ്പിക്കുവാന്‍ സദാ ജാഗരൂകരായിരിക്കുന്നവര്‍. അവിടെ നമുക്ക് പ്രണയം ജീവിതത്തെ ഏറ്റവും പോസിറ്റീവായി പച്ച പിടിപ്പിക്കുന്നതാണ് കാണാന്‍ കഴിയുക. കലയും സാഹിത്യവും സിനിമയും പാഷനും എല്ലാം കൈകോര്‍ത്തു സമന്വയിക്കുമ്പോള്‍ ജീവിതത്തോടു ഏറ്റവും ചേര്‍ന്നിരിക്കുന്ന കുറേ മനുഷ്യരെ നമുക്കു കാണാന്‍ കഴിയും.

കാല്പ്പനികമായ, ക്രിയേറ്റീവായ ഒന്നായി പ്രണയം അവരോടൊപ്പം എന്നെന്നും നിലനില്‍ക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രണയം ഒരിക്കലും അസ്തമിക്കുന്നില്ല. അമ്പതുകളിലും അറുപതുകളിലും വരെ അതവവരുടെ ജീവശ്വാസമായി കൂടെയുണ്ടാകുന്നു..
 

Latest Videos
Follow Us:
Download App:
  • android
  • ios