ദൈവത്തിന് കാഴ്ചയായി സമർപ്പിക്കുന്നത് മദ്യവും സിഗരറ്റും, പ്രസാദമായി ഇതുതന്നെ തിരികെ ലഭിക്കും
ഷിപ്ര നദിയുടെ തീരത്ത് ഭദ്രസെൻ രാജാവാണ് കാലഭൈരവ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അഷ്ടഭൈരവന്മാരിൽ പ്രധാനിയായ കാലഭൈരവനു വേണ്ടിയാണ് ഇത് നിർമ്മിച്ചത്.
സാധാരണയായി അമ്പലങ്ങളിൽ ദൈവങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നത് പൂക്കളും എണ്ണയും നെയ്യും ഒക്കെ പോലെയുള്ള വിശിഷ്ടങ്ങളായ വസ്തുക്കളാണ്. എന്നാൽ, മധ്യപ്രദേശിലെ ഒരു അമ്പലത്തിൽ സ്ഥിതി നേരെ തിരിച്ചാണ് സിഗരറ്റും മദ്യവും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവിടെ ഭക്തർ പൂജയ്ക്കായി സമർപ്പിക്കുന്നത്. പൂജക്ക് ശേഷം ഇവയെല്ലാം ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകുകയും ചെയ്യുന്നു. കേൾക്കുമ്പോൾ അതിശയകരമായി തോന്നുന്നുണ്ടെങ്കിലും സംഗതി സത്യമാണ്.
മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള ഭഗതിപുരയിലെ 56 ഭൈരവ ക്ഷേത്രത്തിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു ചടങ്ങ് നടക്കുന്നത്. എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇവിടുത്തെ ഭൈരവ അഷ്ടമി ചടങ്ങിൽ 60 തരം സിഗരറ്റുകളും 40 തരം മദ്യവും ആണ് ആളുകൾ കാഴ്ചയായി സമർപ്പിച്ചത്. ചടങ്ങുകൾക്കു ശേഷം ഇവയെല്ലാം ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകുകയും ചെയ്തു. കാഴ്ചയായി സമർപ്പിച്ച മദ്യത്തിൽ റം, വിസ്കി, ടെക്വില, വോഡ്ക, ബിയർ, ഷാംപെയ്ൻ എന്നിവയും ഉൾപ്പെടുന്നു. ഇതുകൂടാതെ കഞ്ചാവും ഈ രീതിയിൽ ഇവിടെ കാഴ്ച സമർപ്പിക്കുകയും തിരികെ പ്രസാദമായി ആളുകൾക്ക് നൽകുകയും ചെയ്യുന്നു. ഡ്രൈ ഫ്രൂട്ട്സ്, ബിസ്ക്കറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, മധുര ഫലഹാരങ്ങൾ, ലഘു കടികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഷിപ്ര നദിയുടെ തീരത്ത് ഭദ്രസെൻ രാജാവാണ് കാലഭൈരവ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അഷ്ടഭൈരവന്മാരിൽ പ്രധാനിയായ കാലഭൈരവനു വേണ്ടിയാണ് ഇത് നിർമ്മിച്ചത്. അതിമനോഹരമായ മാൾവ ശൈലിയിലുള്ള ചിത്രങ്ങളാൽ മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഈ ക്ഷേത്രം. ദൈവത്തിന് മദ്യം അർപ്പിക്കുന്ന ക്ഷേത്രത്തിന്റെ സവിശേഷമായ പാരമ്പര്യം കാരണം, ക്ഷേത്രത്തിന് പുറത്തുള്ള കടകളിൽ വർഷം മുഴുവനും ഭക്തർക്ക് എല്ലാത്തരം മദ്യവും ലഭിക്കും. ഭൈരവ അഷ്ടമി പോലുള്ള ഉത്സവങ്ങളിൽ ഒരു ദിവസം നൂറുകണക്കിന് മദ്യക്കുപ്പികളാണ് വിതരണം ചെയ്യുന്നത്.