കൂലിപ്പടയാളികൾ, നിഗൂഢമായ ജീവിതം, ജപ്പാനിൽ ഇന്നും നിഞ്ചകളുണ്ടോ? ഇന്ന് അവരുടെ ജീവിതമെങ്ങനെയാണ്?
സാധാരണയായി നിഞ്ചകളെ കൊലയാളികളായിട്ടാണ് കണക്കാക്കുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രത്യേക കാര്യം സാധിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ആളുകളായി.
ഫ്യൂഡൽ ജപ്പാനിലെ കൂലിപ്പടയാളികളെയാണ് നിഞ്ചകൾ എന്ന് വിളിക്കുന്നത്. ചാരവൃത്തിയും മിന്നൽ ആക്രമണങ്ങളുമൊക്കെ നടത്തുന്ന നിഞ്ചകൾ സമൂഹത്തിൽ അധികമൊന്നും ബഹുമാനം കിട്ടുന്ന കൂട്ടരായിരുന്നില്ല. എന്നാൽ, ഇവരെ ചുറ്റിപ്പറ്റി ഒരുപാട് നിഗൂഢതകൾ പ്രചരിച്ചിരുന്നു. ഇവർക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാനുള്ള കഴിവുകളുണ്ടെന്നും മറ്റും പറയപ്പെട്ടു. ഇന്നും നിഞ്ചകളുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ജീവിതം എങ്ങനെയാണ്?
ഗെനിച്ചി മിസ്തുഹാഷി നിഞ്ച സ്റ്റഡീസില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ്. ജപ്പാനിലെ മിയേ സര്‍വകലാശാലയില്‍ നിന്നാണ് ഗെനിച്ചി പഠനം പൂര്‍ത്തിയാക്കിയത്. നിഞ്ചകളുടെ ചരിത്രം, ആയോധനകലകള്‍ എന്നിവയെല്ലാമാണ് ഇതിന്റെ ഭാഗമായി പഠിക്കേണ്ടുന്നത്. ഈ മഹാമാരിക്കാലത്ത് ഗെനിച്ചിക്ക് എന്നാൽ നിഞ്ചകളെ കുറിച്ചും അവരുടെ ജീവിതരീതികളെ കുറിച്ചും പറയാനുള്ളത് വ്യത്യസ്തമായ ചില കാര്യങ്ങളാണ്.. അദ്ദേഹം ബിബിസിയോട് പങ്കുവെച്ച കാര്യങ്ങള്‍:
നഗരങ്ങളിലെ ജീവിതം സുസ്ഥിരമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മളിപ്പോള്‍ ഒരു മഹാമാരിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, നിഞ്ചകള്‍ക്ക് പ്രകൃതിയില്‍ ആളുകളൊഴിഞ്ഞയിടങ്ങളില്‍ ജീവിച്ചാണ് ശീലം. പരിസ്ഥിതിയെ സംരക്ഷിക്കുക, സുഹൃത്തുക്കളെ സഹായിക്കുക, പുതിയപുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുക എന്നിങ്ങനെയാണ് അവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. അതിനാല്‍ത്തന്നെ ഒരു നിഞ്ചയുടെ ജീവിതം സുസ്ഥിരമാണ് എന്ന് ഞാന്‍ കരുതുന്നു.
സാധാരണയായി നിഞ്ചകളെ കൊലയാളികളായിട്ടാണ് കണക്കാക്കുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രത്യേക കാര്യം സാധിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ആളുകളായി. എന്നാൽ, അത് അവരുടെ ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. ബാക്കി മുക്കാല്‍നേരങ്ങളിലും അവര്‍ മറ്റുള്ളവര്‍ക്ക് സുസ്ഥിരമായ ജീവിതം സാധ്യമാക്കാനായി പ്രകൃതിയെ സംരക്ഷിക്കുകയാണ്.
മിയേ സർവകലാശാല സ്ഥിതി ചെയ്യുന്നത് പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്താണ്. ഒരുകാലത്ത് ഒരുപാട് നിഞ്ചകള്‍ താമസിച്ചിരുന്ന സ്ഥലം കൂടിയാണിത്. അതില്‍ ഭൂരിഭാഗം പേരും കര്‍ഷകരായിരുന്നു. അതിനാല്‍ത്തന്നെ പഠനസമയത്ത് ഗെനിച്ചി തന്റെ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങള്‍ കൃഷി ചെയ്തുണ്ടാക്കാന്‍ തുടങ്ങിയിരുന്നു.
ലോകത്തെ ജനങ്ങള്‍ക്ക് നിഞ്ചകളുടെ ജീവിതത്തില്‍ നിന്നും പഠിക്കാനുണ്ട്. കാരണം, ഈ വര്‍ഷം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. അതിന്റെ ഭാഗമായി ഭൂരിഭാഗം പേരും വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുകയാണ്. നിഞ്ചകള്‍ സ്വയം പര്യാപ്തരാണ്. അതുപോലെ തന്നെ എല്ലാത്തില്‍ നിന്നും സ്വയം സംരക്ഷിക്കുന്നവരും. എന്തൊക്കെ സംഭവിച്ചാലും അതിജീവിക്കാന്‍ അവര്‍ക്കാവുന്നു. അങ്ങനെ നോക്കുമ്പോള്‍ ആളുകള്‍ ഒരു അടിയന്തിരഘട്ടം വന്നാല്‍ സ്വന്തം വീടിനെയും സ്വയവും സംരക്ഷിക്കേണ്ടതെങ്ങനെയാണ് എന്ന് പഠിക്കേണ്ടതുണ്ട്.
ജപ്പാനിലെ 92 ശതമാനം ആളുകളും നഗരങ്ങളിലാണ് താമസിക്കുന്നത്. എന്നാല്‍, കൊവിഡ് വന്നതോടെ തങ്ങളുടെ ജീവിതപരിസരങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണ്. ഗെനിച്ചി പറയുന്നത് നാം കൂടുതല്‍ പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കണം എന്നാണ്. ഈ കൊറോണ വൈറസ് മഹാമാരി നമ്മുടെ പരിസ്ഥിതിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതെങ്ങനെ സുസ്ഥിരമാക്കാമെന്നതിനെ കുറിച്ച് നാം ചിന്തിക്കണമെന്നും ഗെനിച്ചി പറയുന്നു.
(ആദ്യചിത്രം, പ്രതീകാത്മകം)