ശമ്പളം മൊത്തം ഭാര്യയെ ഏൽപ്പിക്കും, പോക്കറ്റ് മണി നൽകുന്നതുപോലും ഭാര്യ; ഈ നാട്ടിലുണ്ട് ഇങ്ങനെയൊരു രീതി

പണം ഭാര്യയെ ഏൽപ്പിക്കുകയും അവർ പോക്കറ്റ് മണി നൽകുകയും ചെയ്യുന്നത് സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമുണ്ടാകാനും ഭർത്താക്കന്മാർ കൂടുതൽ പണം സമ്പാദിക്കാനും സഹായിക്കും എന്നാണ് പറയുന്നത്.

Kozukai in Japan wife takes care of family finances and gives pocket money to the husband

ഓരോ നാട്ടിലും ഓരോ രീതിയും ആചാരവും ഒക്കെയാണ് അല്ലേ? നമ്മുടെ നാട്ടിൽ ഭർത്താക്കന്മാർ ജോലിക്ക് പോവുകയും ഭാര്യമാർക്ക് ചെലവിനുള്ള പണവും ഭാര്യക്കും മക്കൾക്കും പോക്കറ്റ് മണിയും ഒക്കെ കൊടുക്കുന്നതാണ് പതിവ്. സ്ത്രീകൾ ജോലിക്ക് പോവുകയും സ്വന്തം കാര്യം നോക്കുകയും ഒക്കെ ചെയ്യുന്ന കാലമായപ്പോൾ ഈ രീതി അല്പമൊന്ന് മാറിയിട്ടുണ്ട്. എന്നാൽ, ജപ്പാനിൽ വളരെ വ്യത്യസ്തമായ ഒരു രീതി നിലവിലുണ്ട്. അതാണ് കൊസുകായ്. അതായത്, ഭാര്യയാണ് വീട്ടിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും നോക്കി നടത്തുക. എന്തിനേറെ പറയുന്നു. ഭർത്താവിനുള്ള പോക്കറ്റ് മണി വരെ തീരുമാനിക്കുന്നതും നൽകുന്നതും ഭാര്യയാണത്രെ. ‌ഇങ്ങനെ ഭാര്യ ഭർത്താവിന് പോക്കറ്റ്‍മണി നൽകുന്നതിനെയാണ് കൊസുകായ് എന്ന് പറയുന്നത്.

സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കാൻ മിക്കവാറും മിടുക്ക് സ്ത്രീകൾക്കാണ്. മാത്രമല്ല, മക്കളുടെ ഫീസും സാധനം വാങ്ങലും പാലിന്റെയും പത്രത്തിന്റെയും കാശുമൊക്കെ നൽകുന്നത് മിക്കവാറും ഭാര്യമാരായിരിക്കും. ഭർത്താവ് ജോലിക്ക് പോയി കൊണ്ടുവരുന്നതാണെങ്കിലും അതിൽ നിന്നും ഭാര്യയെ ഏൽപ്പിക്കുകയും ഭാര്യ ഇക്കാര്യങ്ങളെല്ലാം നോക്കുകയും ചെയ്യാറാണ് പതിവ്. എന്തായാലും അതുപോലെ തന്നെയാണ് ഏറെക്കുറെ ജപ്പാനിലെ ഈ കൊസുകായ് എന്ന രീതിയും. റിപ്പോർട്ടുകൾ പറയുന്നത്, ജപ്പാനിൽ 74% സ്ത്രീകളാണ് അവരുടെ വീടിൻ്റെ ബജറ്റ് കൈകാര്യം ചെയ്യുന്നത് എന്നാണ്. അതേസമയം പണം സമ്പാദിക്കുന്നത് മിക്കവാറും പുരുഷന്മാരാണത്രെ. ‌

36 -കാരനായ യോഷിഹിരോ നൊസാവ അങ്ങനെ ഒരാളാണ്. എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ തൻ്റെ മുഴുവൻ ശമ്പളവും അയാൾ ഭാര്യക്ക് നൽകുമത്രെ. എല്ലാ മാസവും 15 -ാം തീയതി, ഭാര്യ നൊസാവയ്ക്ക് പോക്കറ്റ് മണിയായി 30,000 യെൻ തിരികെ നൽകും. ഇത് 16,000 രൂപയ്ക്ക് തുല്യമാണ്. ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾ തങ്ങൾക്കുണ്ട്. ആ സമയത്താണ് വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചതും ബില്ലുകൾ സ്വയം കൈകാര്യം ചെയ്യാൻ തുടങ്ങിയത് എന്നുമാണ് ഇയാളുടെ ഭാര്യ പറയുന്നത്.

പണം ഭാര്യയെ ഏൽപ്പിക്കുകയും അവർ പോക്കറ്റ് മണി നൽകുകയും ചെയ്യുന്നത് സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമുണ്ടാകാനും ഭർത്താക്കന്മാർ കൂടുതൽ പണം സമ്പാദിക്കാനും സഹായിക്കും എന്നാണ് പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജപ്പാനിലെ ഭർത്താക്കന്മാർ മൂന്ന് കാരണങ്ങൾ കൊണ്ടാണത്രെ ഭാര്യമാർക്ക് പണം നൽകുന്നത്. 

ആദ്യത്തേത് ജാപ്പനീസ് സംസ്കാരത്തിൽ പുരുഷന്മാർ ജോലി ചെയ്യുകയും സ്ത്രീകൾ വീട്ടിലെ കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. ഇന്നതിന് മാറ്റം വന്നുവെങ്കിലും.

രണ്ടാമത്തേത്, മുഴുവൻ തുകയും ഭാര്യയെ ഏൽപ്പിക്കുകയും അവർ കണ്ടറിഞ്ഞ് പണം ചെലവഴിക്കുകയും ചെയ്യുന്നത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. 

മൂന്നാമതായി, ഇത് കൂടുതൽ പ്രായോ​ഗികമായ രീതിയാണ് എന്ന് കരുതപ്പെടുന്നു. വീട്ടിലെ കാര്യങ്ങൾ മിക്കതും നോക്കുന്നത് സ്ത്രീകളായതിനാൽ അവർക്കാണ് കൂടുതൽ പണം ചെലവഴിക്കുന്നതിനെ കുറിച്ച് അറിയുക എന്നും ജപ്പാനിലെ പുരുഷന്മാർ കരുതുന്നത്രെ. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios