കുട്ടികളുടെ മുന്നിൽവച്ച് സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നവരാണോ? മുന്നറിയിപ്പ് നൽകി അധ്യാപിക
ഈ കുട്ടിയുടെ പിതാവ് അവനെ സുഹൃത്തായി കണക്കാക്കി. ഇരുവരും ഒരുമിച്ച് സ്ത്രീവിരുദ്ധത നിറഞ്ഞ കംപ്യൂട്ടർ ഗെയിമുകളും കളിക്കാറുണ്ട് എന്നും കാരെൻ വിശദീകരിക്കുന്നു. അതുപോലെ തന്നെ ഒരു ഏഴുവയസുകാരൻ അച്ഛന്റെ ക്രെഡിറ്റ് കാർഡ് മോഷ്ടിച്ച് സ്കൂളിലെത്തുകയും അവിടെനിന്നും പോണോഗ്രഫി വെബ്സൈറ്റ് സന്ദർശിക്കുകയും ചെയ്‍തതിനെ കുറിച്ചും അധ്യാപിക വിവരിക്കുന്നു.
കുട്ടികളു(Children)ടെ മുന്നിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരുപാട് പുരുഷന്മാരുണ്ട്. ഭാര്യയോടൊക്കെ വളരെ അധികാരസ്വരത്തിലും സ്ത്രീവിരുദ്ധ(misogyny)മായുമാണ് പലരും സംസാരിക്കുന്നത്. അതുപോലെ തന്നെ പൊതുവെ സ്ത്രീയെന്ന് കേൾക്കുമ്പോൾ പലപ്പോഴും പുച്ഛത്തോടെയും സ്ത്രീവിരുദ്ധമായും സംസാരിക്കുന്ന പുരുഷന്മാരുമുണ്ട്. എന്നാൽ, ഇത്തരം പെരുമാറ്റങ്ങൾ കാണുന്ന കുട്ടികൾ സ്കൂളിൽ ചെല്ലുമ്പോൾ സഹപാഠികളായ പെൺകുട്ടികളോടും മറ്റ് സ്ത്രീകളോടും ഇതേ രീതിയിൽ മോശമായി പെരുമാറുന്നു എന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു അധ്യാപിക.
കാരെൻ ഡെർബിഷയർ (Karen Derbyshire) എന്ന അധ്യാപിക പറയുന്നത് ഭയപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളുമാണ് പല കുട്ടികളുടേയും ഭാഗത്ത് നിന്നുമുണ്ടാവുന്നത് എന്നാണ്. കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ലൻകാഷെയർ കൗൺസിലർ കൂടിയായ ഈ അധ്യാപിക. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട പ്രമേയവും യോഗത്തിൽ ഉയർന്നുവന്നു. 25 വർഷമായി അധ്യാപകജോലി ചെയ്യുന്ന കാരെൻ പറയുന്നത് ചില കുട്ടികളുടെ പെരുമാറ്റം തന്നെ വല്ലാതെ ഭയപ്പെടുത്തി എന്നാണ്. ആറ് വയസുള്ള ഒരു ആൺകുട്ടി നിരന്തരം അധ്യാപികമാരെ ആക്രമിക്കുന്നതിനെ കുറിച്ചും കാരെൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. അവൻ വനിതാ അധ്യാപകരെ ചവിട്ടാനും അടിക്കാനും ശ്രമിക്കാറുണ്ട്. മാത്രവുമല്ല അങ്ങേയറ്റം മോശം അധിക്ഷേപ പദങ്ങളാണ് അവൻ അധ്യാപികമാർക്ക് നേരെ പ്രയോഗിക്കുന്നത്.
ഈ കുട്ടിയുടെ പിതാവ് അവനെ സുഹൃത്തായി കണക്കാക്കി. ഇരുവരും ഒരുമിച്ച് സ്ത്രീവിരുദ്ധത നിറഞ്ഞ കംപ്യൂട്ടർ ഗെയിമുകളും കളിക്കാറുണ്ട് എന്നും കാരെൻ വിശദീകരിക്കുന്നു. അതുപോലെ തന്നെ ഒരു ഏഴുവയസുകാരൻ അച്ഛന്റെ ക്രെഡിറ്റ് കാർഡ് മോഷ്ടിച്ച് സ്കൂളിലെത്തുകയും അവിടെനിന്നും പോണോഗ്രഫി വെബ്സൈറ്റ് സന്ദർശിക്കുകയും ചെയ്‍തതിനെ കുറിച്ചും അധ്യാപിക വിവരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് വീട്ടിലെ സ്ത്രീവിരുദ്ധതകളിൽ നിന്നുമാണ്. അവ തുടക്കത്തിലേ തന്നെ നാം അവസാനിപ്പിക്കേണ്ടതുണ്ട്. നമ്മളതിന്റെ അപകടങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും അധ്യാപിക സൂചിപ്പിക്കുന്നു.
ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസ് പറയുന്നത് കൗമാരക്കാർക്കിടയിൽ ലൈംഗികത നിറഞ്ഞ പദപ്രയോഗങ്ങളുടെ ഉപയോഗം വളരെയധികം വർധിച്ചതിനെ ചൊല്ലിയും യോഗത്തിൽ ചർച്ച നടന്നു എന്നാണ്. സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി.
ഏതായാലും ഇന്ത്യയിലായാലും വിദേശത്തായാലും വീട്ടിൽ നിന്നും പഠിക്കുന്ന കാര്യങ്ങളാണ് കുട്ടികൾ അവരുടെ ജീവിതത്തിൽ പലപ്പോഴും പ്രായോഗികമാക്കാറുള്ളത് എന്ന് പറയാറുണ്ട്. അവർ മുതിർന്നവരെ കണ്ടാണ് പഠിക്കുന്നത്. അതിനാൽ തന്നെ സ്ത്രീകളോട് അച്ഛനോ വീട്ടിലെ മറ്റ് പുരുഷന്മാരോ മോശമായി പെരുമാറുന്നത് കണ്ടാൽ ആൺകുട്ടികൾ അത് അനുകരിക്കാനുള്ള സാധ്യത വളരെ അധികമാണ്. അങ്ങനെ പെരുമാറാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ഇതിനുള്ള പോംവഴിയും.