ഇന്ത്യയുടെ പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ ശരാശരി താപനില മുന്‍കാലങ്ങളെക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ ശരാശരി താപനില മുന്‍കാലങ്ങളെക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യന്‍ കാലാവസ്ഥാ വ്യതിയാന വിലയിരുത്തല്‍-2020 റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.
1901-2018 കാലയളവില്‍ ഇന്ത്യയുടെ ശരാശരി താപനില 0.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. കൂടിവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗമാണ് ഇതിന് കാരണമായത്. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഈ പ്രവചനം ശരിയായി തന്നെ ഭവിക്കും.
1968 മുതല്‍ 2015 വരെയുള്ള 30 വര്‍ഷ കാലയളവില്‍, വര്‍ഷത്തിലെ ഏറ്റവും ചൂടുള്ള ദിവസത്തിലെ താപനില 0.63 ഡിഗ്രി സെല്‍ഷ്യസും വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള രാത്രിയിലെ താപനില 0.4 ഡിഗ്രി സെല്‍ഷ്യസുമായി വര്‍ദ്ധിച്ചു. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ താപനില മുന്‍കാലങ്ങളെക്കാള്‍ യഥാക്രമം 4.7 ഡിഗ്രി സെല്‍ഷ്യസും 5.5 ഡിഗ്രി സെല്‍ഷ്യസുമായി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നൂറ്റാണ്ടിന്റെ അവസാനത്തോടെ കൂടുതല്‍ ചൂടുള്ള പകലുകള്‍ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനത്തിലേറെയാണ്. ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇപ്പോഴത്തേതിനെ അനുസരിച്ച് 3 -4 ഇരട്ടി കൂടുതല്‍ ആയിരിക്കും. ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുടെ ശരാശരി കാലദൈര്‍ഘ്യവും കൂടുതലായിരിക്കും.
ഇന്ത്യയില്‍ മാത്രമല്ല, ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം മൂലം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തിലുള്ള ശരാശരി താപനിലയും അഞ്ച് ഡിഗ്രി സെല്‍ഷ്യസൊ അതിലധികമോ കൂടും. പാരീസ് എഗ്രിമെന്റ് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ താപനില വര്‍ധനവില്‍ വലിയതോതില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.