ഇത് സ്ത്രീകൾ മാത്രം നടത്തുന്ന മാർക്കറ്റ്, 500 വർഷത്തെ പഴക്കം, അറിയാം ഇമ കൈതേലിനെ കുറിച്ച്
ഇവിടെ ഒരു കാലത്ത് നിർബന്ധിത സേവനം നിലവിൽ വന്നപ്പോൾ പുരുഷന്മാർക്കെല്ലാം സൈന്യത്തിൽ ചേരേണ്ടി വന്നു. അതോടെ, പാടവും മറ്റ് ഇടങ്ങളും എല്ലാം സ്ത്രീകളുടെ ചുമതലയിൽ വന്നു. പയ്യെപ്പയ്യെ കൂടുതൽ സ്ത്രീകൾ പുറത്തോട്ട് വരികയും അവർ മാർക്കറ്റ് ഏറ്റെടുക്കുകയും ചെയ്തു. ഈ സ്ത്രീകൾ സ്ത്രീശാക്തീകരണത്തിന്റെ തന്നെ മുഖമായി പിന്നീട് മാറി.
ഇന്ത്യയുടെ വടക്കു -കിഴക്കൻ സംസ്ഥാനങ്ങൾ പ്രകൃതിസൗന്ദര്യം കൊണ്ട് ഏറെ അറിയപ്പെടുന്നതാണ്. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമടക്കം അനേകം പേരാണ് ഇവിടെ എത്തിച്ചേരുന്നത്.
പ്രകൃതി സൗന്ദര്യത്തിന് പുറമെ സാംസ്കാരികമായും സാമൂഹികമായും രാഷ്ട്രീയപരമായും അനേകം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടം കൂടിയാണ് ഇത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മണിപ്പൂരിനെ വിശേഷിപ്പിച്ചിരുന്നത് 'ഇന്ത്യയുടെ രത്നം' എന്നാണ്.
ഇതിനൊക്കെ പുറമെ മണിപ്പൂരിൽ ഒരു മാർക്കറ്റ് ഉണ്ട്. ഏറെ അറിയപ്പെടുന്നതാണ് ആ മാർക്കറ്റ്. അതിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. ഇത് സ്ത്രീകൾ മാത്രമായി നടത്തുന്ന ഒരു മാർക്കറ്റാണ്. ആ പ്രാധാന്യത്തിന് പുറമെ ഏഷ്യയിലെ തന്നെ സ്ത്രീകൾ നടത്തുന്ന ഏറ്റവും വലിയ മാർക്കറ്റ് എന്ന പേരും കൂടി ഇതിനുണ്ട്. ഇത് അറിയപ്പെടുന്നത് 'ഇമ കൈതേൽ' എന്നാണ്. ഇമ എന്നാൽ 'അമ്മ' എന്നും കൈതേൽ എന്നാൽ 'മാർക്കറ്റ്' എന്നുമാണ് അർത്ഥം.
ഇംഫാലിലെ ഖ്വൈരംബന്ദ് ബസാറിലാണ് ഈ സ്ത്രീകളുടെ മാർക്കറ്റ് പ്രവർത്തിക്കുന്നത്. എത്ര വർഷമാണ് ഈ മാർക്കറ്റിന്റെ പഴക്കം എന്നോ? 500 വർഷത്തെ പഴക്കമുണ്ട് ഈ സ്ത്രീകളുടെ മാർക്കറ്റിന്. അവിടെ ലൈസൻസുള്ള അയ്യായിരത്തോളം സ്ത്രീകളാണ് വിവിധ വസ്തുക്കൾ വിൽപന നടത്തുന്നത്. ഈ ലൈസൻസ്, കുടുംബം ഓരോ തലമുറകൾക്കുമായി കൈമാറി വരികയാണ് ചെയ്യുന്നത്. ചിലപ്പോൾ, ലോകത്തിലെ തന്നെ സ്ത്രീകൾ നടത്തുന്ന ഏറ്റവും വലിയ മാർക്കറ്റ് ആയിരിക്കും ഇത്.
ഇനി എങ്ങനെ ഇത് സംഭവിച്ചു എന്നല്ലേ? ഇവിടെ ഒരു കാലത്ത് നിർബന്ധിത സേവനം നിലവിൽ വന്നപ്പോൾ പുരുഷന്മാർക്കെല്ലാം സൈന്യത്തിൽ ചേരേണ്ടി വന്നു. അതോടെ, പാടവും മറ്റ് ഇടങ്ങളും എല്ലാം സ്ത്രീകളുടെ ചുമതലയിൽ വന്നു. പയ്യെപ്പയ്യെ കൂടുതൽ സ്ത്രീകൾ പുറത്തോട്ട് വരികയും അവർ മാർക്കറ്റ് ഏറ്റെടുക്കുകയും ചെയ്തു. ഈ സ്ത്രീകൾ സ്ത്രീശാക്തീകരണത്തിന്റെ തന്നെ മുഖമായി പിന്നീട് മാറി. പക്ഷേ, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ കച്ചവടം നടത്താൻ ലൈസൻസുള്ളത്. ബിസിനസ് തുടങ്ങാൻ യൂണിയനിൽ നിന്നും പണം കിട്ടും. ഇത് ഗഡുക്കളായി പിന്നീട് തിരികെ അടക്കണം.
എന്നാൽ, 1891 -ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഇവിടുത്തെ സാധാരണ ജനങ്ങളെ ബാധിച്ചു. എന്നാൽ, സ്ത്രീകൾ ഇതിനെതിരെ പോരാടുകയും വിജയം നേടുകയും ചെയ്തു. അതുപോലെ തന്നെ 2016 -ലെ ഭൂകമ്പവും മാർക്കറ്റിനെ ബാധിച്ചു. രണ്ട് വർഷമെടുത്താണ് മാർക്കറ്റ് പഴയതുപോലെ ആക്കിയെടുത്തത്.
ഇവിടെ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് പുരുഷന്മാർക്ക് അനുമതി. അവർക്ക് കച്ചവടം നടത്താനോ ബിസിനസ് നടത്താനോ ഇവിടെ അനുവാദമില്ല. ഇന്ന് വിനോദസഞ്ചാരികൾക്ക് മുഖ്യ ആകർഷണം കൂടിയാണ് ഈ സ്ത്രീകളുടെ മാർക്കറ്റ്. ആറായിരം രൂപ മുതൽ പതിനായിരം രൂപാ വരെ സ്ത്രീകൾ ഓരോ ദിവസവും വരുമാനം നേടുന്നു എന്നാണ് കരുതുന്നത്.