മനുഷ്യർ ആദ്യമായി പരസ്‍പരം പോരടിച്ചത് എന്ന്? എന്തിനു വേണ്ടിയായിരുന്നു ആ യുദ്ധം? തെളിവുകൾ പറയുന്നത്...
കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ ഭക്ഷണത്തിനും മറ്റും ക്ഷാമം വരുത്തിയപ്പോള്‍ അതിനുവേണ്ടിയായിരുന്നിരിക്കണം മനുഷ്യര്‍ പരസ്പരം പോരടിച്ചിരിക്കുക എന്നാണ് കരുതപ്പെടുന്നത്.
മനുഷ്യര്‍ തമ്മിലുള്ള യുദ്ധം തുടങ്ങിയതെപ്പോഴാണ്? ഒരുപക്ഷേ, മനുഷ്യരുണ്ടായ കാലം തൊട്ട് ഏതിന്‍റെയെങ്കിലും പേരില്‍ യുദ്ധങ്ങളും അക്രമങ്ങളും ഉണ്ടായിട്ടുണ്ടാകാം. 1960 -കളില്‍ നൈല്‍വാലിയില്‍ നിന്നും കണ്ടെത്തിയ 61 അസ്ഥികൂടങ്ങള്‍ ഇപ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള സംഘടിതയുദ്ധത്തിന്‍റെ ആദ്യത്തെ തെളിവായി കണക്കാക്കുകയാണ്. അസ്ഥികൂടങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.
ജബല്‍ സഹാബയില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ 13,000 വര്‍ഷങ്ങളെങ്കിലും പഴക്കമുള്ളതാണ് എന്ന് കണക്കാക്കപ്പെടുന്നു. അതിലുള്ള പരിക്കുകളുടെ തെളിവുകളില്‍ നിന്നും മനസിലാക്കുന്നത് അതിക്രൂരമായ ഏറ്റുമുട്ടലുകൾ അന്ന് നടന്നിരുന്നു എന്നാണ്. പ്രധാനമായും കുന്തങ്ങളും അമ്പുകളും പോലുള്ള ആയുധങ്ങളിൽ നിന്നുള്ള പരിക്കുകളാണ് കണ്ടെത്തിയിരുന്നത്. സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം പറയുന്നത്, നേരത്തെ കരുതിയിരുന്നതു പോലെ ഒറ്റത്തവണ നടന്ന കൂട്ടക്കൊലയല്ല ഇത്. മറിച്ച് വര്‍ഷങ്ങളോളം നടന്ന വിവിധ അതിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുക എന്നാണ്. അതിന് തന്നെ പ്രധാനപ്പെട്ട കാലാവസ്ഥാ, പാരിസ്ഥിതിക കാരണങ്ങളുമുണ്ടായിട്ടുണ്ടാവാം എന്നും ഈ പഠനം പറയുന്നു.
അടിപിടി, പെട്ടെന്നുള്ള ആക്രമണങ്ങള്‍, പതിയിരുന്നുള്ള ആക്രമണങ്ങള്‍ എന്നിവയെല്ലാം ഈ മനുഷ്യര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം എന്നും പഠനത്തില്‍ പറയുന്നു. നേരത്തെ ഈ അസ്ഥികൂടങ്ങള്‍ പരിശോധിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോയ കാരണങ്ങളാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വേട്ടയാടിയും മീന്‍പിടിച്ചും മറ്റും ജീവിച്ചിരുന്ന ഒരു സമൂഹമായിരുന്നു അന്നത്തേത്. അതില്‍, പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമെല്ലാം വ്യത്യാസമൊന്നുമില്ലാതെ അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട് എന്ന് യൂണിവേഴ്സിറ്റി ഓഫ് ബോര്‍ഡക്സിലെ ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ചിലെ ഗവേഷകയായ ഇസബെല്‍ ക്രവോകൂര്‍ പറയുന്നു.
ഒരേയൊരു വ്യത്യാസം സ്ത്രീകള്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത് ഏറെയും കൈത്തണ്ടകളിലും പുരുഷന്മാര്‍ക്ക് കൈകളിലും ആണെന്നതാണ്. സ്ത്രീകള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ പുരുഷന്മാര്‍ വെറും കൈകളുപയോഗിച്ചാണ് അവയെ പ്രതിരോധിച്ചിരുന്നത് എന്നും കരുതപ്പെടുന്നു. കുട്ടികള്‍ക്ക് തലയിലാണ് കനത്ത ആഘാതം ഏറ്റിരിക്കുന്നത് എന്നും കരുതപ്പെടുന്നു. പരിക്കുകളുടെ തെളിവുകളില്‍ നിന്നും മനസിലാകുന്നത് ഒരേ സമുദായത്തില്‍ തന്നെ പെട്ടവരോ ഗാര്‍ഹിക കലാപങ്ങളോ ആയിരുന്നിരിക്കില്ല നടന്നത് എന്നാണ്.
പുതുതായി നൂറ് പരിക്കുകളേറ്റ അടയാളങ്ങളാണ് ഗവേഷകര്‍ കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തിരിക്കുന്നത്. അതില്‍, ഭേദമായതും ഭേദമാകാത്തതും പെടുന്നു. അസ്ഥികളില്‍ കല്ലു കൊണ്ടുള്ള ആയുധത്തിൽ നിന്നുമുള്ള പരിക്കുകള്‍ പലതും ഇപ്പോഴും വ്യക്തമാണ്. 40% വ്യക്തികൾക്ക് സുഖം പ്രാപിച്ചതും സുഖപ്പെടുത്താത്തതുമായ പരിക്കുകൾ ഉണ്ടായിരുന്നു. അക്രമം അക്കാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗിലൂടെ മനസിലാവുന്നത് ഏകദേശം 13,400 വര്‍ഷങ്ങളെങ്കിലും പഴക്കമുള്ളതാണ് ഈ അസ്ഥികളെന്നാണ്. അതില്‍ നിന്നും ഇതാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ അക്രമസംഭവം എന്ന് കരുതപ്പെടുന്നു. എന്നാല്‍, എന്തായിരിക്കും ഈ പരസ്പരാക്രമണത്തിന്‍റെ കാരണം എന്ന് വ്യക്തമല്ലെന്ന് ഇസബെല്‍ പറയുന്നു. കാരണം, അതേക്കുറിച്ചുള്ള രേഖകളൊന്നും തന്നെ ലഭ്യമല്ല.
അതിനാല്‍, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ ഭക്ഷണത്തിനും മറ്റും ക്ഷാമം വരുത്തിയപ്പോള്‍ അതിനുവേണ്ടിയായിരുന്നിരിക്കണം മനുഷ്യര്‍ പരസ്പരം പോരടിച്ചിരിക്കുക എന്നാണ് കരുതപ്പെടുന്നത്. 11,000 മുതൽ 20,000 വർഷങ്ങൾക്കുമുമ്പാണ് ഈ മാറ്റങ്ങൾ സംഭവിച്ചിരിക്കുക. അവസാന ഹിമയുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനത്തിലായിരിക്കണം ഇത്. ഹിമപാളികൾ വടക്കൻ അർദ്ധഗോളത്തിന്റെ ഭൂരിഭാഗവും മൂടുകയും ഭൂമിയുടെ കാലാവസ്ഥയെ തകർക്കുകയും ചെയ്തിരുന്നു അന്ന്. ഇതെല്ലാം വിഭവങ്ങൾക്ക് വേണ്ടി പരസ്പരം പോരടിക്കുന്നതിലേക്ക് ആളുകളെ നയിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു.
ഒരുകാലത്ത് വിശാലമായ പ്രദേശത്ത് താമസിച്ചിരുന്ന വിവിധ തരം മനുഷ്യർക്ക് നൈൽ വാലി ഒരു അഭയകേന്ദ്രമായിരുന്നിരിക്കാമെന്ന് ഇസബെല്‍ പറഞ്ഞു. വളരെ വരണ്ട കാലാവസ്ഥയാണ് അവരെ നദിക്കരികിലേക്ക് നയിച്ചത്, അവിടെ മൃഗങ്ങളെ വേട്ടയാടാനും മത്സ്യബന്ധനം നടത്താനും എളുപ്പമായിരുന്നു. ഈ സമയത്ത് നൈൽ നദിയിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായതിന്റെ തെളിവുകളും ഉണ്ടായിരുന്നു. ഈ കടുത്ത അവസ്ഥയെ അവര്‍ക്ക് അതിജീവിക്കേണ്ടി വന്നിരിക്കാമെന്നും ഇസബെല്‍ പറയുന്നു.