കാലാവസ്ഥ വ്യതിയാനം: ആഘാതം ആഴക്കടലിലും

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും മോചനമില്ലെന്നാണ് ഐസക് ബ്രിട്ടോ മോര്‍ലസിന്റെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്. 

Climate change affects deep sea biodiversity

കാലാവസ്ഥ വ്യതിയാനം കടലിലെ ജൈവവൈിധ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, ആഴക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കാര്യമായി പഠിക്കപ്പെട്ടിട്ടില്ല.  ആഴക്കടലിലെ ജീവികള്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് വലിയ രീതിയില്‍ വിധേയമല്ല എന്ന പൊതുധാരണയാണ്, ഈ ധാരണ മാറ്റുകയാണ് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പഠനം. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും മോചനമില്ലെന്നാണ് ഐസക് ബ്രിട്ടോ മോര്‍ലസിന്റെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്. 

കാലാവസ്ഥ മോഡലുകള്‍ ഉപയോഗിച്ചുകൊണ്ട്  'കാലാവസ്ഥ പ്രവേഗം' കണ്ടുപിടിച്ചാണ് ഈ പഠനം നടത്തിയത്. സമുദ്രം ചൂടാകുമ്പോള്‍ ഒരു  ഇനം ജീവികളുടെ കൂട്ടം മാറാന്‍ സാധ്യതയുള്ള വേഗതയും ദിശയും കണ്ടുപിടിക്കാനാണ് 'കാലാവസ്ഥ പ്രവേഗം' ഉപയോഗിക്കുന്നത്. 

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രജലത്തിന്റെ താപനില കൂടുമ്പോള്‍ ആഴക്കടലിലെ  പാളികള്‍ സാവധാനത്തിലാണ് ചൂടാകുക. അതുകൊണ്ടു തന്നെ ആഴക്കടല്‍ ജൈവവൈവിധ്യം  കാലാവസ്ഥാ വ്യതിയാനത്തിന് വളരെ കുറഞ്ഞ രീതിയില്‍ മാത്രമേ വിധേയമാകുകയുള്ളു എന്നായിരുന്നു പൊതു ധാരണ. ഇതാണ് ഈ പഠനം മാറ്റിമറക്കുന്നത്. ആഴക്കടലിലെ ജൈവവൈവിധ്യം കൂടുതലും സ്ഥിരതയുള്ള താപനില സ്ഥിതികളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ്. അതുകൊണ്ടു തന്നെ കാലാവസ്ഥ വ്യതിയാനം മൂലം താപനിലയില്‍ മാറ്റം സംഭവിക്കുമ്പോള്‍ ആഴമേറിയ കടല്‍ ജൈവവൈവിധ്യത്തിന് അതിനോട് പൊരുത്തപ്പെടാന്‍ കൂടുതല്‍ കഴിയാതെ വരും. 

സമകാലിക കാലാവസ്ഥാ പ്രവേഗം ഉപരിതലത്തേക്കാള്‍ ആഴക്കടലിലാണ് കൂടുതല്‍. കൂടാതെ ഭാവിയിലുള്ള കാലാവസ്ഥാ പ്രവേഗവും ആഴക്കടലില്‍ കൂടി തന്നെയായിരിക്കും. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ചാല്‍ പോലും ഒരളവുവരെ ആഴക്കടലില്‍ ഈ കാലാവസ്ഥ പ്രവേഗം കുറക്കാന്‍ സാധിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. സമുദ്രത്തിന്റെ വലിയ വിസ്താരം കാരണം ഇതിനോടകം തന്നെ ആഗിരണം ചെയ്യപ്പെട്ട താപം ആഴമേറിയ ഭാഗങ്ങളിലേക്ക് കൂട്ടിക്കലര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്.

ആഴക്കടലിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്  കടല്‍ത്തീര ഖനനം, ആഴക്കടലിലെ  മത്സ്യബന്ധനം എന്നിവ ഉള്‍പ്പെടെ  ആഴക്കടല്‍ ജൈവവൈവിധ്യങ്ങള്‍ക്ക്  മനുഷ്യര്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ അടിയന്തിരമായി പരിഹരിക്കുക എന്ന ഒരു മാര്‍ഗ്ഗമേ മുമ്പിലുള്ളു എന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios