കോടാനുകോടി വര്‍ഷങ്ങള്‍ കേരളത്തിലൊക്കെ  ഓടിനടന്നിരിക്കാവുന്ന ഒരു ദൈനസോര്‍

ജോ ജോസഫ് മുതിരേരി എഴുതുന്നു: ഒന്നോര്‍ത്തുനോക്കൂ - നമ്മുടെ കേരളത്തിന്റെ ഭൂഭാഗങ്ങളിലടക്കം കോടാനുകോടി വര്‍ഷങ്ങള്‍ സ്വതന്ത്ര വിഹാരം നടത്തിയിരിക്കാന്‍ സാധ്യതയുള്ള ദൈനോസറുകളെക്കുറിച്ച്!

Bruhathkayosaurus Dinosaur by Joe Joseph Muthireri

ഇന്നത്തെ തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളി ജില്ലയില്‍, കല്ലമേട് ഗ്രാമത്തിലുള്ള കല്ലമേട് പാറക്കുന്നുകളിലാണ് ബൃഹത് കയോ സോറസിന്റെ ഫോസിലുകള്‍ ആദ്യമായി കണ്ടെത്തിയത്. കല്ലമേട് പാറ കുന്നുകള്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കുന്നുകളിലൊന്നാണ്. ആരവല്ലിയെക്കാള്‍ പഴമക്കാരന്‍.

 

Bruhathkayosaurus Dinosaur by Joe Joseph Muthireri

 

24 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഏറ്റവും വലിയ ദൈനസോര്‍. ബൃഹത് കയോസോറസിനെ അങ്ങനെ പറയാം. ഇന്നേ തെക്കേ ഇന്ത്യയുടെ ഭാഗത്തു 'അഴിഞ്ഞാടി നടന്നിരുന്ന ഭീകരന്‍ എന്ന അര്‍ത്ഥത്തില്‍ ഇവനെ (അതോ ഇവളെയോ) ഇന്ത്യന്‍ ദൈനസോര്‍ എന്നു പറയാം. പക്ഷേ, അതിത്തിരി കടന്ന കൈയാണ്. കാരണം, 24 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് എന്ത് ഇന്ത്യ? അന്ന് മനുഷ്യകുലമേ ഉണ്ടായിട്ടില്ല. എന്നാലും പറഞ്ഞു വരുമ്പോള്‍ ലവന്‍ പാഞ്ഞു നടന്ന സ്ഥലത്തെ ഇന്നത്തെ ദക്ഷിണേന്ത്യയില്‍ പെടുത്തി നമുക്ക് സ്വന്തം ദൈനസോര്‍ എന്നു ചുമ്മാ പറയാം എന്നു മാത്രം. പണ്ടുള്ളതിനെയെല്ലാം നമ്മുടെ സ്വന്തമാക്കുന്ന കാലം കൂടിയാണല്ലോ ഇത്. 

പുള്ളി ചരിത്രത്തില്‍ ക്രെറ്റേഡിയസ് പീരിയഡ് എന്നറിയപ്പെടുന്ന കാലത്തെ ആളാണ്. ഏകദേശം 24 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്  മുതല്‍ triassic - jurassic കാലഘട്ടങ്ങള്‍ കഴിഞ്ഞ്, 'chicxulub'  എന്ന ഉല്‍ക്ക പതിച്ചതിനെത്തുടര്‍ന്ന് ദിനോസര്‍ വംശം മുഴുവന്‍ കുറ്റിയറ്റ് പോകുന്ന കാലം വരെ- അതായത് 6.6 കോടി വര്‍ഷത്തോളം-ഇന്നത്തെ തെക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്ര പരിധിയില്‍ ജീവിച്ച ഭീമാകാരരൂപി. കൃത്യമായി പറഞ്ഞാല്‍ 23 ഓളം കോടി വര്‍ഷത്തോളം ഇന്ത്യ ഭരിച്ചിരുന്ന ഭീകരനെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. 

 

Bruhathkayosaurus Dinosaur by Joe Joseph Muthireri

ബൃഹത്കയോസോറസ് ചിത്രകാരന്റെ ഭാവനയില്‍
 

ഓര്‍ക്കുക, അന്ന് മനുഷ്യ കുലമേ ഉണ്ടായിട്ടില്ല. പാന്‍ജിയ എന്ന സൂപ്പര്‍ ഭൂഖണ്ഡം നമ്മുടെ സോവിയറ്റ് യൂണിയന്‍ പോലെ ഛിന്നഭിന്നമായി വേറെ വേറെ സ്ഥലങ്ങളിലേക്ക് പന്തലാസ എന്ന സൂപ്പര്‍ സമുദ്രത്തിലൂടെ തുഴഞ്ഞ് തുഴഞ്ഞ് പോകുന്ന കാലം. ഇന്ത്യന്‍ ഭൂഖണ്ഡം ആഫ്രിക്കന്‍ ഭൂഖണ്ഡവുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്‌ഛേദിച്ച് സ്ഥാവര ജംഗമ വസ്തുക്കള്‍ എല്ലാം എടുത്ത് പതിയെ ഏഷ്യന്‍ ഭൂഖണ്ഡവുമായി ചേര്‍ന്നു കൊണ്ടിരിക്കുന്ന കാലം. തെക്കേ അമേരിക്കയും ആഫ്രിക്കയോട് വിട പറഞ്ഞു കൊണ്ടിരിക്കുന്നു. യൂറോപ്പ് അന്ന് ചെറിയ ദ്വീപ് മാത്രം, ഹിമാലന്‍ മടക്ക് പര്‍വ്വതങ്ങള്‍ ജനിക്കാനുള്ള കൂട്ടിയി ഇനിയും സംഭവിച്ചിട്ടില്ല. 

ലോകത്ത് കണ്ടെത്തിയ ദിനോസറുകളില്‍ വലിപ്പത്തില്‍ ഏറ്റവും ഭീമന്‍ എന്നാണ് ബൃഹത് കയോസോറസിനെപ്പറ്റി ഗവേഷകര്‍ പറയുന്നത്. തെക്കേ ഇന്ത്യയിലെ ഇന്നത്തെ തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളി ജില്ലയില്‍, കല്ലമേട് ഗ്രാമത്തിലുള്ള കല്ലമേട് പാറക്കുന്നുകളിലാണ് ബൃഹത് കയോ സോറസിന്റെ ഫോസിലുകള്‍ ആദ്യമായി കണ്ടെത്തിയത്. കല്ലമേട് പാറ കുന്നുകള്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കുന്നുകളിലൊന്നാണ്. ആരവല്ലിയെക്കാള്‍ പഴമക്കാരന്‍. കല്ലമേട് കുന്നുകളിലെ പാറകള്‍ക്ക് ക്രെറ്റേസിയന്‍ കാലഘട്ടത്തിന്റെ പഴക്കമുണ്ട് എന്ന് കാര്‍ബണ്‍ ഡേറ്റിംഗ് പഠനങ്ങള്‍ പറയുന്നു. ഇടുപ്പെല്ല്, വാല്, തലഭാഗം, കഴുത്ത് എന്നിവ ഉള്‍പ്പെടുന്ന ഫോസില്‍ഭാഗം തന്നെയാണ് കണ്ടെടുത്തത്. സംസ്‌കൃതത്തിലെ 'ബൃഹത്' എന്ന വാക്കില്‍ നിന്നാണ് ഈ ദൈനസോറിന് പേരും വന്നിരിക്കുന്നത്.

ഏകദേശം 44 മീറ്റര്‍ ഉയരം. 80-100 ടണ്‍ ഭാരം. ഇതാണ് ഇപ്പോഴത്തെ അനുമാനം. ജുറാസിക്ക് പാര്‍ക്കിലെ ഇലകള്‍ മാത്രം തിന്നുന്ന ആ പാവം ഭീമാകാരന്റെ അതേ കുടുംബം.T-Rex എന്ന അതിഭീകര മാംസഭോജിയേക്കാള്‍ വലിപ്പത്തില്‍ ഭീമന്‍. 2004 ലെ സുനാമി ഈ ഫോസിലുകള്‍ക്ക് കാര്യമാത്രമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. മിക്കി മോര്‍ട്ടിമര്‍, മാറ്റ് വെഡല്‍ എന്നീ വിഖ്യാത പാലിയന്തോളജിസ്റ്റുകള്‍ ഈ ഫോസിലുകള്‍ വിശദമായി പരിശോധിച്ചിരുന്നു.

 

Bruhathkayosaurus Dinosaur by Joe Joseph Muthireri

ബൃഹത്കയോസോറസ് ചിത്രകാരന്റെ ഭാവനയില്‍
 

എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ദൈനസോര്‍ എന്നു വിളിക്കുന്നതില്‍ ആശയക്കുഴപ്പങ്ങളും എതിരഭിപ്രായങ്ങളും കൂടെയുണ്ട്.

ഒന്നോര്‍ത്തുനോക്കൂ - നമ്മുടെ കേരളത്തിന്റെ ഭൂഭാഗങ്ങളിലടക്കം കോടാനുകോടി വര്‍ഷങ്ങള്‍ സ്വതന്ത്ര വിഹാരം നടത്തിയിരിക്കാന്‍ സാധ്യതയുള്ള ദൈനോസറുകളെക്കുറിച്ച്! നമ്മുടെ കോയമ്പത്തൂരും, തിരുവനന്തപുരത്തും, മദ്രാസിലും, ബാംഗ്ലൂരിലുമെല്ലാം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഭീമാകാരന്‍ പല്ലികള്‍. 

കാലത്തിന്റെ വ്യക്തതയ്ക്ക് വേണ്ടി, ഇന്നത്തെ ഇന്ത്യയുടെ ആ കാലത്തുള്ള ഭൂമിയിലെ സ്ഥാനം താഴെ ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്നു.

For further reading:

1.P.Yadagiri&K Ayyasami.1983. 'A Carnosaurian Dinosaur from the Kallamedu Formation,Tamil Nadu.

2. Geological Society of India Special Publication, 11 (1): 523-528.Volume 1. Precambrian to Mesozoic.

Latest Videos
Follow Us:
Download App:
  • android
  • ios