തുർക്മെനിസ്ഥാനിൽ സ്ത്രീകൾക്ക് ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക്?
അതുപോലെ തന്നെ ബന്ധുക്കളല്ലാത്തവർക്കൊപ്പം കാറിൽ യാത്ര ചെയ്യാനും സ്ത്രീകൾക്ക് അനുവാദമില്ല എന്ന് പറയുന്നു.
തുർക്മെനിസ്ഥാനിൽ (Turkmenistan) സ്ത്രീകൾക്ക് സൗന്ദര്യവർധകസേവനങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ട്. അതിൽ പ്ലാസ്റ്റിക് സർജറി, മാനിക്യൂർ എന്നിവയെല്ലാം പെടുന്നു. തീർന്നില്ല, കൃത്രിമ നഖങ്ങൾ വയ്ക്കാനോ, മുറുക്കമുള്ള വസ്ത്രം ധരിക്കാനോ, മുടി ബ്ലീച്ച് ചെയ്യാനോ ഒന്നും അനുവാദമുണ്ടാകില്ല. ബ്രെസ്റ്റ് ഇംപ്ലാന്റ്, ചുണ്ടുകൾ വലുതാക്കുക ഇവയെല്ലാം വിലക്കപ്പെട്ടവയിൽ പെടുന്നു. ഇതോടെ ഈ മേഖലയിലെല്ലാം ജോലി ചെയ്യുന്ന നിരവധിപ്പേരുടെ ജോലി പോയിരിക്കയാണ് എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നിയരോധനങ്ങളെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകളൊന്നും എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
അഷ്ഗാബത്ത് അടക്കം നഗരങ്ങളിൽ കൃത്രിമനഖവും ഐലാഷുകളും വച്ചിരിക്കുന്ന സ്ത്രീകളെ പൊലീസ് കൊണ്ടുപോവുകയും സ്റ്റേഷനിൽ വച്ച് അവ ഒഴിവാക്കേണ്ടി വരികയും ചെയ്‍തു. കൂടാതെ ഏകദേശം പതിനൊന്നായിരം രൂപയോളം പിഴയിനത്തിൽ അടക്കേണ്ടിയും വരുന്നു എന്ന് ദ യൂറോപ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അഷ്ഗാബത്തിൽ, ബോട്ടോക്സ് ഉപയോഗിച്ചതും ചുണ്ടുകളുടെ വലിപ്പം വർധിപ്പിച്ചതും ആരോപിച്ച് കുറഞ്ഞത് 20 ഫ്ലൈറ്റ് അറ്റൻഡന്റുമാരെ അടുത്ത ആഴ്ചകളിൽ പിരിച്ചുവിട്ടിരുന്നു. ദേശീയ റെയിൽവേ ഓപ്പറേറ്ററിൽ 50 ഓളം ജീവനക്കാർക്ക് ബ്രെസ്റ്റ് ഇംപ്ലാന്റും ലിപ് ഓഗ്മെന്റേഷനും കാരണം ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരം ബ്യൂട്ടി സർവീസുകൾക്ക് മേൽ നിരോധനം വന്നതോടുകൂടി രാജ്യത്തുടനീളമുള്ള നിരവധിക്കണക്കിന് ബ്യൂട്ടി സലൂണുകൾ അടച്ചതായും പറയുന്നു. അതുപോലെ നീലനിറമുള്ള ജീൻസ്, ഇറുക്കമുള്ള മറ്റ് വസ്ത്രങ്ങൾ എന്നിവയെല്ലാം ധരിക്കുന്നതിന് നിരോധനമുണ്ട്. എന്നാൽ, അയഞ്ഞ വീതിയുള്ള വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഇതുപോലെ നിരോധനമുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളെടുക്കുകയും അവരുടെ ഒരു റിപ്പോർട്ട് തയ്യാറാക്കുകയും അവർക്ക് പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് പറയുന്നു.
വെള്ള വിവാഹവസ്ത്രങ്ങളും നിരോധിക്കപ്പെട്ടവയിൽ പെടുന്നു. അതുപോലെ തന്നെ ബന്ധുക്കളല്ലാത്തവർക്കൊപ്പം കാറിൽ യാത്ര ചെയ്യാനും സ്ത്രീകൾക്ക് അനുവാദമില്ല എന്ന് പറയുന്നു. പൊലീസുകാർ വാഹനം തടയുകയും പരിശോധിക്കുകയും വാഹനമോടിക്കുന്നയാളും യാത്ര ചെയ്യുന്ന സ്ത്രീയും തമ്മിലുള്ള ബന്ധത്തിന് തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യും. ഒപ്പം തന്നെ മുൻസീറ്റിൽ ഡ്രൈവർക്കൊപ്പം ഇരിക്കാനുള്ള അനുവാദവും സ്ത്രീകൾക്കില്ല. അവർ പിന്നിൽ വേണം ഇരിക്കാൻ എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതേ കുറിച്ചൊന്നും തന്നെ ഔദ്യോഗികമായ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.