സ്ത്രീകളെ മനുഷ്യരായി കാണുന്ന ഒരു പുരുഷനാവണം നീ, ഒരമ്മ മകന് എഴുതുന്ന കത്ത്,
അമ്മയോടും പെങ്ങളോടും നീ എത്രത്തോളം സ്‌നേഹവും ബഹുമാനവും ഒരു സ്ത്രീ എന്ന നിലയില്‍ നല്‍കുന്നുവോ അത്രത്തോളം തന്നെ അവളിലെ സ്ത്രീയെയും നീ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക.
മദ്യവും മയക്കുമരുന്നും നിറഞ്ഞു നശിക്കുന്ന പുതു തലമുറയെ കാണുമ്പോള്‍ എന്നിലെ അമ്മ നിന്നെ വിചാരിച്ചു എന്നും ആശങ്ക പെടാറുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നുപെടുവാന്‍ ഒരുപാട് വഴികള്‍ ഉണ്ടാവും എന്നാല്‍ സ്വന്തം ജീവിതം എന്താവണം എന്ന് നിന്റെ കൂട്ടുകെട്ടുകള്‍ ആവരുത് നീ ആവണം തീരുമാനിക്കേണ്ടത്. ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോളും നിന്റെ കുടുംബത്തെ പറ്റി നീ ചിന്തിക്കണം ..
എന്റെ പൊന്നുമോനേ...
എന്താണ് നിന്നോട് ഞാന്‍ പറയേണ്ടത്. എന്റെ എഴുത്തുകള്‍ ഒന്നും തന്നെ നിങ്ങള്‍ ആരും വായിക്കാറില്ല എന്നെനിക്കറിയാം. എന്റെ ഓരോ എഴുത്തുകളിലും ഞാന്‍ എന്റെ മനസ്സില്‍ തട്ടിയിട്ടുള്ള, സന്തോഷിച്ചിട്ടുള്ള, വേദനിപ്പിച്ചുള്ള, ഈ ജീവിതത്തില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന, നടക്കാന്‍ സാധ്യത ഇല്ലാത്ത, എന്നാല്‍ ചിലപ്പോള്‍ മനസ്സിന്റെ അടിത്തട്ടില്‍ ചെറു സന്തോഷത്തിന്റെ ചാറ്റല്‍ മഴ പെയ്യിക്കുന്ന ചെറു വികാര വിചാരങ്ങള്‍ ആണ് പങ്കു വെക്കാറുള്ളത്..
നിന്നോട് പറയാനുള്ള കാര്യങ്ങള്‍ ഈ ഒരു കത്തില്‍ അവസാനിക്കുമോ കുഞ്ഞേ... എങ്കിലും ഞാന്‍ നിനക്കായി ഈ കത്ത് എഴുതട്ടെ. എന്നെങ്കിലും, ഏതെങ്കിലും ഒരു കാലത്ത്. ഒരു പക്ഷെ ഞാന്‍ ഈ ലോകത്ത് നിന്ന് പോയതിന് ശേഷം എങ്കിലും നീ അവിചാരിതമായെങ്കിലും ഈ കത്ത് വായിക്കാന്‍ ഇടവരും എന്ന് ഞാന്‍ ആശിക്കുന്നു.
എന്റെ ജീവിതത്തിലേക്ക് നീ എന്നാണ് കടന്നു വന്നത്? എന്റെ ഉദരത്തില്‍ പറ്റി ആദ്യ കണ്മണി ആയി നീ വളരുമ്പോള്‍ മണ്മറഞ്ഞു പോയ എന്റെ അമ്മയുടെ വാക്കുകള്‍ എന്റെ മനസ്സില്‍ എന്നും മുഴങ്ങുന്നുണ്ടായിരുന്നു. നിന്റെ ഉദരത്തില്‍ വളരുന്നത് നിന്റെ സ്വത്താണ്.. അതിനേ പൊന്നുപോലെ നോക്കണം. അതൊരു പെണ്ണാണെങ്കില്‍ അവളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തണം.
ഒരു പെണ്‍കുട്ടി തന്റെ അമ്മയെ ഏറ്റവും അധികം മനസ്സിലാക്കുന്നത് എന്നാണെന്നു നിനക്കറിയാമോ? മരണവേദനയെക്കാള്‍ വേദനയോടെ അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍. തന്റെ അമ്മയും ഇതേ വേദനയോടെ തന്നെ ആണ് ഈ ലോകത്തേക്ക് തന്നെയും ആനയിച്ചത് എന്ന തിരിച്ചറിവ് ഉണ്ടാകുന്ന നിമിഷം ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ അമ്മയ്ക്കുള്ള സ്ഥാനം ദൈവത്തിന് സമം ആകും. എനിക്ക് അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടാക്കി തന്നത് നിന്റെ വരവോടെ ആയിരുന്നല്ലോ കുഞ്ഞേ...
ഹോസ്പിറ്റലില്‍ സിസ്റ്ററിന്റെ കൈകളില്‍ ടൗവലില്‍ പൊതിഞ്ഞു ചോര കുഞ്ഞായ നിന്നെ ആദ്യം കണ്ടത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. നിന്റെ വളര്‍ച്ചയുടെ ഓരോ ചുവടിലും എന്നിലെ അമ്മയും വളരുകയായിരുന്നല്ലോ കുഞ്ഞേ.. അല്ല നീയല്ലേ എന്നിലെ അമ്മയെ വളര്‍ത്തിയതും പൂര്‍ണതയില്‍ എത്തിച്ചതും.
എന്റെ മുഖമൊന്നു മാറിയാല്‍, എന്റെ കണ്ണുകള്‍ ഒന്ന് നിറഞ്ഞാല്‍... എന്തു പറ്റി അമ്മേ എന്നു ചോദിച്ചു ഓടി വരുന്ന ആദ്യത്തെ ആള്‍ നീയല്ലേ മോനേ.. ഇപ്പോള്‍ നിനക്ക് പുറകെ കുഞ്ഞനിയത്തിയും കുഞ്ഞനിയനും അമ്മയുടെ സങ്കടം അന്വേഷിച്ചു വരുമ്പോള്‍ ഞാന്‍ ഈശ്വരനോട് നന്ദി പറയാറുണ്ട്. കാരണം എന്റെ മുഖം കാണുമ്പോള്‍ എന്റെ മനസ്സറിയുന്ന മൂന്നു പൊന്നോമനകള്‍ ഉള്ളപ്പോള്‍ വേറെന്താണ് എനിക്ക് വേണ്ടത്..
ചേട്ടന്‍ വീട് അടിച്ചുവാരുന്നതും പാത്രങ്ങള്‍ കഴുകുന്നതും കണ്ട് കുഞ്ഞനിയത്തിയും ഇപ്പോള്‍ സഹായത്തിനായി എത്തുമ്പോള്‍ നിന്നെ ഞാന്‍ നല്ലത് മാത്രമേ പഠിപ്പിച്ചുള്ളു എന്ന് എനിക്ക് തോന്നാറുണ്ട്. ഒരു ആണ്‍കുട്ടി ആയതിനാല്‍ നീ വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരിക്കലും മാറി നില്‍ക്കരുത്. നിന്റെ ഭാവിയില്‍ ഒരു സന്തോഷകരമായ ജീവിതത്തിന് അത് അത്യാവശ്യം ആണ് കുഞ്ഞേ.
നീ ഞങ്ങളുടെ മൂത്ത മകന്‍ ആയതിനാല്‍ നിനക്ക് ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ അല്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ എന്റെ എല്ലാ വയ്യായ്കകളിലും മാനസികമായും ശാരീരികമായും നീ എനിയ്ക്ക് താങ്ങായും തണലായും നില്‍ക്കുമ്പോള്‍ എനിക്ക് വേറെ എന്താണ് വേണ്ടത് കുഞ്ഞേ..
ഒരിക്കല്‍ അനങ്ങാന്‍ പോലും വയ്യാതെ കിടന്ന എന്നെ സഹായിക്കാനായി 12 വയസുള്ള നീ അടുക്കളയില്‍ കയറി മുട്ടയും പപ്പടവും കാച്ചി ചോറുമായി വന്നപ്പോള്‍ ഞാന്‍ എന്റെ ഈ ജീവിതത്തില്‍ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദ് ഉള്ള ഭക്ഷണം അന്ന് കഴിച്ചു. കാരണം അന്ന് നീ എനിക്ക് വിളമ്പി തന്ന ആ ചോറ് എന്റെ വയറല്ല മനസാണ് നിറച്ചത് കുഞ്ഞേ...
നിന്റെ സഹോദരങ്ങളെ നീ പൊന്നുപോലെ നോക്കും എന്ന് എനിക്കറിയാം എങ്കിലും നിന്റെ കുഞ്ഞനിയത്തിയെ നിന്റെ ജീവിതകാലം മുഴുവന്‍ നിന്റെ മനസ്സിന്റെ കോണില്‍ കൂട് കെട്ടി പാര്‍പ്പിച്ചിരിക്കണം. അവള്‍ ജീവിതത്തില്‍ എത്ര ദൂരെ പോയാലും ഏത് ജീവിത സാഹചര്യങ്ങളില്‍ പോയാലും അവളുടെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍, ആവലാതികള്‍... എല്ലാം പറയാനും അതെല്ലാം കേള്‍ക്കാനും നീ ഉണ്ടാവണം. അവള്‍ക്ക് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൂടെ നില്‍ക്കാന്‍ ഏട്ടന്‍ ആയി നീ ഉണ്ട് എന്ന വിശ്വാസം അവള്‍ക്ക് എന്നും ഉണ്ടാവണം കുഞ്ഞേ...
ഒരു പുരുഷന്‍ ആയി ഈ സമൂഹത്തില്‍ വളര്‍ന്നു വരുന്ന നീ നിന്റെ മുന്‍പില്‍ കാണുന്ന സ്ത്രീ ജനങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു, എങ്ങനെ സംസാരിക്കുന്നു, എങ്ങനെ പെരുമാറുന്നു എന്ന് ചിന്തിക്കുമ്പോള്‍ നീ ആദ്യം ആയി ഒരു കാര്യം ചിന്തിക്കുക നിന്റെ മുന്‍പില്‍ നില്‍ക്കുന്നത് നിന്റെ അമ്മയെ പോലെ നിന്റെ സഹോദരിയെ പോലെ ഒരു സ്ത്രീ ആണ്. അവരുടെ വ്യക്തിത്വങ്ങളെ നിന്റെ അമ്മയെ പോലെ സഹോദരിയെ പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക.
ഇന്നത്തെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന അനാചാരങ്ങള്‍ ചെറുതല്ല കുഞ്ഞേ. മദ്യവും മയക്കുമരുന്നും നിറഞ്ഞു നശിക്കുന്ന പുതു തലമുറയെ കാണുമ്പോള്‍ എന്നിലെ അമ്മ നിന്നെ വിചാരിച്ചു എന്നും ആശങ്ക പെടാറുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നുപെടുവാന്‍ ഒരുപാട് വഴികള്‍ ഉണ്ടാവും എന്നാല്‍ സ്വന്തം ജീവിതം എന്താവണം എന്ന് നിന്റെ കൂട്ടുകെട്ടുകള്‍ ആവരുത് നീ ആവണം തീരുമാനിക്കേണ്ടത്. ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോളും നിന്റെ കുടുംബത്തെ പറ്റി നീ ചിന്തിക്കണം ..
ഇനി നിന്റെ ഭാവിയില്‍ ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ആനയിക്കുമ്പോള്‍ നീ ഒന്നാമതായി ഒരു കാര്യം മനസ്സില്‍ ഊട്ടി ഉറപ്പിക്കുക. നീ കൈപിടിച്ച് കൊണ്ട് വരുന്ന ആ കുട്ടിയും നിന്റെ അമ്മയെ പോലെ... നിന്റെ പെങ്ങളെ പോലെ...ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരു സ്ത്രീ ആണ്. നിന്റെ അമ്മയോടും പെങ്ങളോടും നീ എത്രത്തോളം സ്‌നേഹവും ബഹുമാനവും ഒരു സ്ത്രീ എന്ന നിലയില്‍ നല്‍കുന്നുവോ അത്രത്തോളം തന്നെ അവളിലെ സ്ത്രീയെയും നീ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക.
കുടുംബ ജീവിതത്തില്‍ ശരീരികമായും മാനസികമായും ഉള്ള തീരുമാനങ്ങളില്‍ നീയും നിന്റെ ഭാര്യയും തുല്യരാണ് എന്നുള്ള കാര്യം നീ മനസിലാക്കുക. വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നീയും, വീടിന് പുറത്ത് പോയി സമൂഹവുമായി ഇടപഴകി ചെയ്യേണ്ട ഉത്തരവാദിത്വങ്ങളില്‍ നിന്റെ ഭാര്യയെയും പ്രാപ്ത ആക്കുക. വീടിന്റെതായ സാമ്പത്തിക സാമൂഹിക കാര്യങ്ങളില്‍ നിങ്ങള്‍ രണ്ടാള്‍ക്കും ഇടയില്‍ മറച്ചുകെട്ടില്ലാത്ത തുറന്ന ചര്‍ച്ചകളിലൂടെ തീരുമാനങ്ങള്‍ എടുക്കുക.
നിങ്ങള്‍ ആവശ്യപ്പെട്ടാല്‍, ആവശ്യപ്പെട്ടാല്‍ മാത്രം, നിങ്ങളുടെ ജീവിതത്തില്‍ അമ്മയെന്നുള്ള നിലയില്‍ എന്തു സഹായം ചെയ്യാനും ഈ അമ്മ ഉണ്ടാവും. എന്റെ പൊന്നു മോന് ജീവിതത്തില്‍ നല്ലത് മാത്രം കാണാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും. സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ....
ഒത്തിരി സ്‌നേഹത്തോടെ
നിന്റെ അമ്മ