ബാറും ബിവറേജും അവധി, കൈയ്യിൽ മറ്റൊരു 'ഐറ്റം' ഉണ്ടെന്ന് യുവാവ്; പൊക്കിയപ്പോൾ എംഡിഎംഎയും കഞ്ചാവും !
തിരൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മുഹമ്മദ് റാഷിദ് പിടിയിലായത്. ഇയാളിൽ നിന്നും 2.94 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
തിരൂർ: മലപ്പുറം തിരൂരിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തൃക്കണ്ടിയൂർ സ്വദേശി മുഹമ്മദ് റാഷിദ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും എംഡിഎംഎയും കഞ്ചാവും എക്സൈസ് കണ്ടെത്തി. പുതിയങ്ങാടി നേർച്ചയുടെ ഭാഗമായി മദ്യഷാപ്പുകളും ബാറുകളും അടഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ വരുന്ന ആളുകൾക്ക് ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎയും കഞ്ചാവുമെത്തിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി.
തിരൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മുഹമ്മദ് റാഷിദ് പിടിയിലായത്. ഇയാളിൽ നിന്നും 2.94 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച റാഷിദിന്‍റെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ എക്സൈസ് സംഘം വട്ടം വെച്ച് പിടികൂടുകയായിരുന്നു.
തിരൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി അരവിന്ദൻ , പ്രിവന്റീവ് ഓഫീസർ ഷിജിത്ത് എംകെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ സി, ഷാജു എംജി, ശരത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, ഐശ്വര്യ, സജിത, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അതിനിടെ കൊച്ചി മട്ടാഞ്ചേരിയിലും മയക്കുമരുന്നുമായി ഒരാളെ എക്സൈസ് പിടികൂടി. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബീച്ച് റോഡ് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജേക്കബ് സ്റ്റാൻലിയാണ് 1.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പ്രിവൻറ്റീവ് ഓഫീസർ കെ.കെ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ് റൂബൻ, റിയാസ്. കെ.എസ്, വനിതാ സി.ഇ.ഒ കനക എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read More : 'ആരാടാ എന്‍റെ ചങ്കിനെ തൊടാൻ'; വളർത്തുനായക്ക് നേരെ പാഞ്ഞെത്തി കൊയോട്ടുകൾ, തുരത്തിയോടിച്ച് പൂച്ച!- VIDEO