രഹസ്യ വിവരം, കാത്തിരുന്ന് എക്സൈസ്; 10 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തതത്.
ഹരിപ്പാട്: ആലപ്പുഴയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസിന്‍റെ പിടിയിലായി. പള്ളിപ്പാട് കരിപ്പുഴ മുപ്പത്തഞ്ചിൽ രാജീവ് (39) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. അനധികൃത വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.
ആലപ്പുഴ എക്സൈസ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സി ഐ എം. മഹേഷിന്റെ നിർദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ സജിമോൻ, റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരാണ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്തും രോഗികൾ ഉൾപ്പെടെയുള്ളവർക്കു ശല്യമുണ്ടാക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ബഹളമുണ്ടാക്കിയ പാണ്ടനാട് വന്മഴിമുറിയിൽ മണ്ണാറത്തറ അമ്പിളിയെ (അജേഷ് -24) ആണ് പൊലീസ് പിടികൂടിയത്. യുവാവിന്‍റെ ദേഹോപദ്രവമേറ്റ സുരക്ഷാജീവനക്കാരൻ ആശുപത്രിയിൽ ചികിത്സതേടി.
എസ് എച്ച് ഒ, എ സി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ മധു, സീനിയർ സി പി ഒമാരായ സിജു, ഷൈൻ മണിലാൽ, കണ്ണൻ, മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.