ഒറ്റ ദിവസം, രണ്ട് ബാറുകളിൽ വാളുമായി ആക്രമണം; പ്രതി പിടിയിൽ, 'കാത്തിരിക്കുന്നത് മറ്റൊരു കുരുക്ക്'
ആറ്റിങ്ങല്‍ മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറിലും സൂര്യ ബാറിലുമാണ് വിഷ്ണു ആക്രമണം നടത്തിയത്.
തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരത്തിലെ ബാറുകളില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആറ്റിങ്ങല്‍ വെള്ളൂര്‍കോണം തൊടിയില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (26) പിടിയില്‍. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ആറ്റിങ്ങല്‍ മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറിലും സൂര്യ ബാറിലുമാണ് വിഷ്ണു ആക്രമണം നടത്തിയത്. വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാര്‍ ജീവനക്കാരെ മര്‍ദിച്ച് പണം കവരുകയും ചെയ്തു. ആദ്യം മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറില്‍ ആണ് അക്രമം നടന്നത്. തുടര്‍ന്ന് സൂര്യ ബാറിലും പ്രതി എത്തി ആക്രമണം അഴിച്ചുവിട്ടു. ഈ കേസിലാണ് മുഖ്യ പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ വിഷ്ണുവിനെ ആറ്റിങ്ങല്‍ എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവ്, സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ മാമത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. കാപ്പ ഉള്‍പ്പെടെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം; രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം, മണ്ഡപത്തിന്‍കടവ് ചേനാട് ദേവി യോഗീശ്വര ക്ഷേത്രത്തിലെ നടപ്പന്തലില്‍ സ്ഥാപിച്ചിരുന്ന വലിയ നിലവിളക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളറട മുട്ടച്ചല്‍ പനയാട് വടക്കുംകര പുത്തന്‍വീട്ടില്‍ രാജന്‍ (52), വെള്ളറട കാക്ക തൂക്കി നിഷാ ഭവനില്‍ രതീഷ് (35) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടന്നത്.
50,000 രൂപയുടെ അഞ്ചര അടിയോളം ഉയരമുള്ള ആറ് തട്ടുള്ള നിലവിളക്കാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര ജീവനക്കാരനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആര്യങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. നിലവിളക്ക് മോഷണം നടത്തിയ ശേഷം പാലിയോടുള്ള ആക്രിക്കടയില്‍ വിളക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മോഷ്ടാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ആക്രിക്കട ഉടമ വിളക്ക് വാങ്ങില്ലെന്ന് അറിയിച്ചതോടെ അവിടുന്ന് ഇരുവരും മടങ്ങി. തുടര്‍ന്ന് പനച്ചമൂട്ടിലെ ആക്രി കടയില്‍ വിളക്ക് വിറ്റു. പൊലീസ് അന്വേഷണത്തില്‍ ആക്രിക്കട ഉടമയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പനച്ചമൂട്ടിലെ ആക്രി കടയില്‍ നിന്നും വിളക്ക് കണ്ടെത്തി തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന ഇരുവരെയും ആര്യങ്കോട് പൊലീസ് പിടികൂടുകയായിരുന്നു.
വധശ്രമക്കേസ് : ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ