Asianet News MalayalamAsianet News Malayalam

പോൺ വീഡിയോ പ്രചരിപ്പിച്ചു, പണി കിട്ടും; വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 'ഡിജിറ്റൽ അറസ്റ്റ്'; 59.5 ലക്ഷം തട്ടി

48 മണിക്കൂറോളം യുവതിയെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ  59,54,000 രൂപ ഗോയൽ ഒരു അക്കൗണ്ടിലേക്ക് അയപ്പിച്ചു. എന്നാൽ  താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർ പിന്നീടാണ് മനസിലാക്കിയത്.

Woman Doctor Loses 59 Lakhs In Digital Arrest  Scam  Was Told She Circulated Porn videos
Author
First Published Jul 26, 2024, 12:14 AM IST | Last Updated Jul 26, 2024, 12:14 AM IST

ദില്ലി: നോയിഡയിൽ വനിതാ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം അടിച്ചെടുത്തത് 59.5 ലക്ഷം രൂപ. നോയിഡ സെക്ടർ 77-ൽ താമസിക്കുന്ന ഡോ. പൂജ ഗോയലിനെ കബളിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. ഡോക്ടറുടെ ഫോണിൽ നിന്നും പോൺ വീഡിയോകൾ പ്രചരിപ്പിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീഡിയോ കോൾ വഴി 48 മണിക്കൂറോളം ഡോക്ടറെ വ്യാജ അന്വേഷണ സംഘം ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 13ന് ആണ് കേസിന് ആസ്പദമായ സംഭവം. ഡോക്ടർ പൂജ ഗോയലിന് ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരു ഫോൺ കോളെത്തി. ഡോക്ടറുടെ ഫോണിൽ നിന്നും അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ഇയാൾ ആരോപിച്ചത്. എന്നാൽ ഡോക്ടർ ഇത് നിഷേധിച്ചു. ഇതോടെ വീഡിയോ കോൾ കണക്ട് ചെയ്യണമെന്നും തെളിവ് കാണിക്കാമെന്നും ഇയാൾ പറഞ്ഞു.

വീഡിയോ കോൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ വീഡിയോ കോളിൽ ആഡ് ചെയ്തു. വീഡിയോ കോൾ സ്വീകരിച്ചതോടെ യുവതിയോട് തട്ടിപ്പ് സംഘം  ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു. 48 മണിക്കൂറോളം യുവതിയെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ  59,54,000 രൂപ ഗോയൽ ഒരു അക്കൗണ്ടിലേക്ക് അയപ്പിച്ചു. എന്നാൽ  താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർ പിന്നീടാണ് മനസിലാക്കിയത്. ഇതോടെ ജൂലൈ 22ന് ഡോക്ടർ നോയിഡ സെക്ടർ 36   സൈബർ ക്രൈം സെല്ലിൽ പരാതി നൽകുകയായിരുന്നു. പൂജ പണം കൈമാറിയ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ കണ്ടെത്തിയതായി നോയിഡ സൈബർ ക്രൈം അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ വിവേക് രഞ്ജൻ റായ് പറഞ്ഞു.

Read More : ഒരു ഫേസ്ബുക്ക് പോസ്റ്റ് മാറ്റിമറിച്ച ജീവിതം; സത്യസന്ധയ്ക്കുള്ള സമ്മാനം, പരുതൂരിലെ കുട്ടികൾക്ക് വീടൊരുങ്ങുന്നു

Latest Videos
Follow Us:
Download App:
  • android
  • ios