പൂരം ആഘോഷങ്ങൾ മുന്നിൽക്കണ്ട് എംഡിഎംഎ വിൽപ്പന; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്.
തൃശൂർ: ചൂണ്ടലിൽ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പെലക്കാട്ട് പയ്യൂർ സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടിൽ അബു, കേച്ചേരി തലക്കോട്ടുകര സ്വദേശി കറുപ്പച്ചാൽ വീട്ടിൽ നിതിൻ എന്നിവരെയാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്. പൂരവും മറ്റു ആഘോഷങ്ങളും മുന്നിൽക്കണ്ടാണ് പ്രതികൾ എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ടൂറിസ്റ്റ് ബസ്സിൽ നിന്നും 8 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: വർക്കലയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ നിന്നും 8 കിലോ കഞ്ചാവ് പിടികൂടി.
ബസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് ട്രാവലർ ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നും വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലാണ് സംഭവം. ബസ് ഡ്രൈവർ ഷാജി, ആലപ്പുഴ സ്വദേശി അൻസാരി എന്നിവരെ കസ്റ്റഡിയിലെടുത്തു.
ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ
കോഴിക്കോട് : കോഴിക്കോട്ട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. മലപ്പുറം മൂച്ചിക്കൽ ചെരക്കുന്നത്ത് ഹൗസിൽ രാഗേഷാണ് 60.650 ഗ്രാം ബ്രൗൺ ഷുഗറുമായി കോഴിക്കോട്ട് പിടിയിലായത്. ഡാൻസാഫും മാറാട് പൊലീസും ചേർന്ന് അരക്കിണറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പന നടത്താനായി മധ്യപ്രദേശിൽ നിന്നാണ് ലഹരി മരുന്നെത്തിച്ചത്.
കല്ലായി സ്വദേശി കുന്നത്തിൽ പറമ്പ് ഫർഹാൻ എം.കെയാണ് അരക്കിലോയോളം ഹാഷിഷുമായി പിടിയിലായത്. ഇയാൾ താമസിക്കുന്ന കല്ലായിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വില്പനക്കായി കൊണ്ട് വന്ന ഹാഷിഷ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഫർഹാൻ.