മദ്യപിക്കാനെത്തിയവര്‍ക്ക് ഇരുമ്പു കമ്പി കൊണ്ട് മര്‍ദ്ദനം; ബാര്‍ ജീവനക്കാര്‍ അറസ്റ്റില്‍
മദ്യപിക്കാന്‍ പണം മുന്‍കൂര്‍ വേണം എന്നാവശ്യപ്പെട്ട ബാര്‍ ജീവനക്കാരുമായി യുവാക്കള്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തിരുവനന്തപുരം: മദ്യപിക്കാനെത്തിയവരുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണക്കേസില്‍ ബാർ ജീവനക്കാരായ നാലു പേര്‍ അറസ്റ്റില്‍. കുളത്തൂര്‍ ഗുരു നഗറിലെ ബാര്‍ ജീവനക്കാരായ വക്കം ജാനകി സദനത്തില്‍ പ്രസാദ് (54), ആനാട് ലക്ഷ്മി ഭവനില്‍ വിഷ്ണു (32), പത്തനാപുരം മുല്ലപറമ്പില്‍ അനീഷ് (40), പാലക്കാട് പുതുക്കാട് കുന്നത്തു വീട്ടില്‍ ബാബു (50) എന്നിവരാണ് പിടിയിലായത്. അക്രമണത്തില്‍ പരുക്കേറ്റ ആറ്റിപ്ര സ്വദേശികളായ ആകാശ് ബിന്ദു കുമാര്‍ (24), അഖില്‍ (25), നിധിന്‍ (27) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മദ്യപിക്കാന്‍ പണം മുന്‍കൂര്‍ വേണം എന്നാവശ്യപ്പെട്ട ബാര്‍ ജീവനക്കാരുമായി യുവാക്കള്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ ചേര്‍ന്ന് ഇരുമ്പു കമ്പി കൊണ്ട് മൂന്നു പേരെയും അടിച്ചു എന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കും കൈക്കും കാലിനും സാരമായി പരുക്കേറ്റ മൂന്നു പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
തട്ടുകടകളിലും പച്ചക്കറി കടകളിലും മോഷണം; ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍
ഹരിപ്പാട്: തട്ടുകടകളിലും പച്ചക്കറി കടകളിലും മോഷണം നടത്തിയ ലോട്ടറി കച്ചവടക്കാരനായ പ്രതി പിടിയില്‍. മണ്ണാറശാല മുളവന തെക്കതില്‍ മുരുകന്‍ ആണ് പൊലീസ് പിടിയിലായത്. പകല്‍ സമയങ്ങളില്‍ ഹരിപ്പാട് നഗരപ്രദേശത്ത് കറങ്ങി നടന്ന് ലോട്ടറി വില്‍പന നടത്തുന്ന പ്രതി സിസി ടിവി ഇല്ലാത്ത പ്രദേശങ്ങളിലെ തട്ടുകടകളിലും പച്ചക്കറി കടകളിലും ആണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ച്ചയായി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നതോടെ ഹരിപ്പാട് പൊലീസ് രാത്രികാലങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മണിയോടു കൂടി ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ സമീപമുള്ള പച്ചക്കറി കടയില്‍ മോഷണത്തിനിടയില്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മോഷണത്തിന് കയറുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും രൂപ ലഭിച്ചില്ലെങ്കില്‍ സാധനങ്ങളും മറ്റും മോഷ്ടിക്കുകയും ചെയ്യുന്ന രീതിയായിരുന്നു മുരുകന്‍ സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി പിടിയിലായ സമയത്ത് ഒരു ബക്കറ്റ് നിറയെ സാധനങ്ങളും കൈവശമുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ 9 തവണയാണ് മുരുകന്‍ മോഷണത്തിന് വേണ്ടി കയറിയതെന്നും പൊലീസ് അറിയിച്ചു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മോഷണം നടക്കുന്ന കടകളിലെ മേശയ്ക്ക് മുകളില്‍ ആരുടെയെങ്കിലും ഫോട്ടോകള്‍ ഉപേക്ഷിച്ചിട്ട് പോകുമായിരുന്നു. മോഷ്ടിച്ച പേഴ്‌സില്‍ നിന്നും ലഭിച്ച ഫോട്ടോകളാണ് ഇവയെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതി നേരത്തെയും നിരവധി മോഷണ കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.