വാക്കേറ്റം ആരംഭിച്ചത് 'ചേട്ടാ വിളി' തർക്കത്തിൽ; പിന്നാലെ വീടാക്രമണം, വധശ്രമം; യുവാവ് പിടിയിൽ

നാട്ടില്‍ കേസുകളില്‍ ഉള്‍പ്പെട്ട് കഴിഞ്ഞാല്‍ കുമളിയിലെ ബന്ധു വീട്ടിലേക്കും പൊലീസ് വരുന്നതറിഞ്ഞാല്‍ തമിഴ്നാട്ടിലേക്ക് കടന്ന് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ്.

thrissur murder attempt case youth arrested from kerala tamilnadu border joy

തൃശൂര്‍: വധശ്രമ കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കേരള - തമിഴ്നാട് വനാതിര്‍ത്തി ഗ്രാമത്തില്‍ നിന്നും പിടികൂടി. ഇരിങ്ങാലക്കുട കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിയൂര്‍ കുട്ടാടം പാടം വെള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോളിനെയാണ് (28) കാട്ടൂര്‍ എസ്.എച്ച്.ഒ. ജസ്റ്റിന്‍ പി.പി. അറസ്റ്റു ചെയ്തത്. പടിയൂര്‍ വളവനങ്ങാടി തുണ്ടിയത്ത് പറമ്പില്‍ വീട്ടില്‍ ബഷീറിനെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 

ജനുവരി അഞ്ചിന് രാത്രി പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാത്രി എട്ടോടെ അരിപ്പാലം പള്ളിയില്‍ തിരുനാളിന് പോയിരുന്ന ബഷീറിന്റെ മകനോട് സമപ്രായക്കാരനായ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഇനി മുതല്‍ നീ എന്നെ ചേട്ടാ എന്ന് വിളിക്കണം എന്ന് പറഞ്ഞു. ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും സംഭവം അറിഞ്ഞ ബഷീര്‍ സ്ഥലത്ത് ചെന്ന് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി അരുണ്‍ പോളിന്റെ നേതൃത്വത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് ആയുധങ്ങളുമായി ബഷീറിന്റെ വീട്ടില്‍ ചെന്ന് മകനെ ആക്രമിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന വൈരാഗ്യത്തിന് ബഷീറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് വന്ന ബഷീറിന്റെ അമ്മയേയും ഭാര്യയേയും അരുണ്‍ പോള്‍ ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഇടത് ചെവിക്ക് പുറകില്‍ പരുക്കേറ്റ ബഷീറിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അരുണ്‍ പോള്‍ കേരള - തമിഴ്നാട് അതിര്‍ത്തി വനപ്രദേശമായ കുമളിയിലെ ബന്ധു വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പോക്സോ, അടിപിടി, കഞ്ചാവ് വില്‍പ്പന, എക്സൈസ് ഉദ്യോഗസ്ഥനെ ജോലിക്കിടയില്‍ ആക്രമിച്ചതുള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷന്‍ റൗഡിയുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. നാട്ടില്‍ കേസുകളില്‍ ഉള്‍പ്പെട്ട് കഴിഞ്ഞാല്‍ കുമളിയിലെ ബന്ധു വീട്ടിലേക്കും പൊലീസ് വരുന്നതറിഞ്ഞാല്‍ തമിഴ്നാട്ടിലേക്ക് കടന്ന് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ എം. ഹബീബ്, ഷിബു എ.പി, എ.എസ്.ഐ. മുരുകേഷ് കടവത്ത്, സീനിയര്‍ സി.പി.ഒമാരായ വിജയന്‍ പി.ഡി, കിരണ്‍ രഘു എന്നിവരാണ് ഉണ്ടായിരുന്നത്.

കാട്ടാനയെ വാഹനത്തിൽ പിന്തുടര്‍ന്ന് ഭയപ്പെടുത്തി; യുവജന സംഘടനാ നേതാവിന് ഒരുലക്ഷം പിഴ ചുമത്തി വനംവകുപ്പ് 
 

Latest Videos
Follow Us:
Download App:
  • android
  • ios