പാറശ്ശാലയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ സംഘട്ടനം, മൂന്ന് പേർക്ക് കുത്തേറ്റു, അറസ്റ്റ്
മടങ്ങി പോയ രാജേഷും സുഹൃത്തും മറ്റു ആറു പേരുമായി മടങ്ങി എത്തി പുൽക്കൂട് സ്ഥാപിച്ച സംഘാടകരെ മർദ്ദിക്കുകയും, കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് മൂന്നു പേരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കൽ കുണ്ടുവിളയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ നടന്ന സംഘട്ടനത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്നുപേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. പരശുവയ്ക്കൽ തെക്കേ ആലംമ്പാറ കൊല്ലിയോട് വീട്ടിൽ രാജേഷ് (39), പരശുവയ്ക്കൽ മരംചുറ്റു കോളനിയിൽ അക്ഷയ് (21), പരശുവയ്ക്കൽ ഏറാത്ത് വീട്ടിൽ സ്വരൂപ് (23) എന്നിവരെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.
അക്രമ സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
പരശുവയ്ക്കൽ കുണ്ടുവിളയിൽ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന പുൽക്കൂടിന് സമീപത്ത് നിന്നിരുന്നവരെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബൈക്കിലെത്തിയ രാജേഷും സുഹൃത്തും അസഭ്യം വിളിച്ചു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് മടങ്ങി പോയ രാജേഷും സുഹൃത്തും മറ്റു ആറു പേരുമായി മടങ്ങി എത്തി പുൽക്കൂട് സ്ഥാപിച്ച സംഘാടകരെ മർദ്ദിക്കുകയും, കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് മൂന്നു പേരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്തേറ്റ പെരുവിള സ്വദേശി മനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും വിജിൻ, അഖിൽ, എന്നിവരെ കാരക്കോണം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മനുവിൻ്റെ പരിക്ക് ഗുരുതരമാണ്. സംഭവ ശേഷം ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പാറശ്ശാല പൊലീസ് അറിയിച്ചു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം