ജീപ്പ് തടഞ്ഞ് നിർത്തി പൊലീസ് പരിശോധന, കവറിൽ പൊതിഞ്ഞൊളിപ്പിച്ച നിലയിൽ എംഡിഎംഎ, പെരുമ്പാവൂരിൽ 3 പേർ പിടിയിൽ
ജീപ്പില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച കവറില്‍ നിന്ന് എം ഡി എം എ പൊലീസ് പിടിച്ചെടുത്തു. 7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.
കൊച്ചി : എറണാകുളത്ത് ഇന്നും എംഡിഎംഎ വേട്ട. പെരുമ്പാവൂർ എംസി റോഡിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസിന്‍റെ പിടിയിലായി. ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മൂന്നു പേരും എംഡിഎംഎ മയക്കുമരുന്നിന്‍റെ വില്‍പ്പനക്കാരെന്ന് പൊലീസ് ഉറപ്പിച്ചു. ജീപ്പില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച കവറില്‍ നിന്ന് എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. 7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.
ഇന്നലെ രാത്രി കൊച്ചി നഗരത്തിലും എംഡിഎംഎയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് അത്താണി സ്വദേശി സുനീർ, വടശേരിക്കര സ്വദേശി നിരഞ്ജൻ, മലപ്പുറം സ്വദേശി അജ്മൽ റഷീദ് എന്നിവരാണ് പിടിയിലായത്. കലൂരിൽ ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ ലഹരി കച്ചവടം. പൊലീസ് പരിശോധനയില്‍ മുറിയില്‍ ഒളിപ്പിച്ച15 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. നഗരത്തില്‍ പൊലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കിയതോടെ മയക്കുമരുന്ന് മാഫിയ നഗരം വിട്ട് റൂറല്‍ പ്രദേശങ്ങളിലേക്ക് മാറുന്നുവെന്നാണ് ഇന്നത്തെ പെരുമ്പാവൂരിലെ അറസ്റ്റ് സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലുള്ളവരെയടക്കം ലക്ഷ്യമിട്ടാണ് കച്ചവടമെങ്കിലും സംഘം പൊലീസിന്‍റെ പരിശോധനയില്‍ നിന്നും ഒഴിവാകാൻ സിറ്റിക്ക് പുറത്ത് കേന്ദ്രീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിറ്റിയിൽ നടത്തുന്ന പ്രത്യേക പരിശോധന നഗരത്തിനു പുറത്തേക്കുകൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.