അതീവ സുരക്ഷയുള്ള സെല്ലാറില്‍ നിന്ന് മോഷണം; കാണാതായത് കോടികള്‍ വിലവരുന്ന 132 വൈന്‍ ബോട്ടിലുകള്‍

സ്പെയിനിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണശാലകളിലൊന്നില്‍ നിന്നാണ് കോടികള്‍ വില വരുന്ന വൈന്‍ ബോട്ടിലുകള്‍ മോഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ നടന്ന സമാനമായ മറ്റൊരു വൈന്‍ മോഷണത്തിന് പിന്നാലെ ഇവിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് 'വൈന്‍ ഹേയ്സ്റ്റ്' നടന്നിരിക്കുന്നത്.

Thieves stole wine worth 1.6 crores from Madrids top restaurant in a well planned wine heist

സ്പെയിനിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണ ശാലയില്‍ നിന്ന് 132 ബോട്ടില്‍ വൈന്‍  മോഷ്ടിച്ച് കള്ളന്മാര്‍. 2 ലക്ഷം യുഎസ് ഡോളര്‍(1.6 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന വൈനാണ് മോഷണം പോയത്. മാഡ്രിഡിലെ ഏറ്റവും പ്രശസ്തമായ കോഖ് റസ്റ്റോറന്‍റിലാണ് വളരെ വിദഗ്ധമായി ആസൂത്രണം ചെയ്ത വൈന്‍ മോഷണം നടന്നത്. പൊലീസ് നല്‍കുന്ന ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 132 വൈന്‍ ബോട്ടിലുകളാണ് കാണാതായിട്ടുള്ളത്. രണ്ട് ലക്ഷം ഡോളറാണ് ഇവയുടെ മൂല്യമെന്നാണ് കോഖ് വക്താവ് ക്രിസ്റ്റീന പെരസ് ഓള്‍മോസ് പ്രതികരിക്കുന്നത്.

വളരെ അധികം വര്‍ഷങ്ങളായി സെല്ലാറിനുള്ളില്‍ സൂക്ഷിച്ച ബോട്ടിലുകള്‍ അടക്കമാണ് മോഷണം പോയിട്ടുള്ളത്. മോഷണം പോയ ബ്രാന്‍ഡുകളേക്കുറിച്ച് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കോഖ് ഭക്ഷണശാലയുടെ സമീപത്തുള്ള ഫാര്‍മസിയിലൂടെയാണ് മോഷണം നടന്നിരിക്കുന്നത്. വൈന്‍ ബോട്ടിലുകള്‍ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ചില സംഘങ്ങളെയാണ് സംശയിക്കുന്നതെന്ന് സ്പെയിന്‍ പൊലീസ് പറയുന്നു. 30000 വൈന് ബോട്ടില്‍ ശഖരമുണ്ടെന്ന പ്രത്യേകതയുള്ള സ്ഥാപനമാണ് കോഖ്.

വൈന്‍ നിര്‍മ്മിച്ച വര്‍ഷങ്ങളുടെ പഴക്കത്തിന് അനുസരിച്ച് ബോട്ടിലുകളുടെ മൂല്യവും വര്‍ധിക്കും. 1925ല്‍ നിര്‍മ്മിച്ചതെന്ന് കണക്കാക്കുന്ന വൈന്‍ അടക്കമുള്ളവയാണ് മോഷണം പോയിരിക്കുന്നത്. ഇത് കോഖിന്‍റെ തന്‍റെ സവിശേഷതയായി കണക്കാക്കുന്ന ഒരു വൈനായിരുന്നു. പൊലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോഖിന്‍റെ ശേഖരത്തിലെ ഏറ്റവും വിലയേറിയ ഇനങ്ങളാണ് മോഷണം പോയവയില്‍ ഏറിയ പങ്കും. മറ്റ് തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രത്യേകതയുള്ള വൈന്‍ ബോട്ടിലുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ കവര്‍ന്നിട്ടുള്ളത്. വളരെ വിലയേറിയ മോഷണമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.

സമീപത്തെ ഫാര്‍മസിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കോഖിനുള്ളില്‍ കടന്നത്. ഭക്ഷണശാലയ്ക്കുള്ളില്‍ കടന്ന ശേഷം നേരെ സെല്ലാറിന്‍റെ വാതില്‍ പൊളിച്ച് ബോട്ടിലുകള്‍ മോഷ്ടിച്ച ശേഷം ഇതേ തുരങ്കത്തിലൂടെ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഭക്ഷണശാലയിലുള്ള അപായ അലാറാം ഒന്നും തന്നെ പ്രവര്‍ത്തിക്കാത്ത രീതിയിലായിരുന്നു മോഷണം. കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ സമാനമായ ഒരു മോഷണം നടന്നിതിന് പിന്നാലെ കോഖില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഈ മാനദണ്ഡങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് 'വൈന്‍ ഹേയ്സ്റ്റ്' നടന്നിരിക്കുന്നത്. 

സാന്ഡോവല്‍ എന്ന കുടുംബത്തിന്‍റെ തലമുറകളായുള്ള വ്യാപാരത്തെയാണ് മോഷ്ടാക്കള്‍ അടിമുടി വലച്ചത്. മൂന്ന് തലമുറയിലധികമായി വൈന്‍ വ്യാപാരികളാണ് സാന്‍ഡോവല്‍ കുടുംബം. ആതിഥ്യ മര്യാദകള്‍ക്കും സര്‍വ്വീസിനും നല്‍കുന്ന ഗുണ മേന്മയ്ക്കുള്ള രണ്ട് മിഷേലിന്‍ സ്റ്റാര്‍ നേടിയ സ്ഥാപനമാണ് കോഖ്. 

Latest Videos
Follow Us:
Download App:
  • android
  • ios