പട്ടാപ്പകൽ നടുറോഡിൽ നടുക്കുന്ന കൊലപാതകം, ചന്തയ്ക്കരികിൽ നടക്കവെ പിന്നിൽ നിന്നും ആദ്യം വെട്ടി, പിന്നെ ക്രൂരത
ഇറച്ചിക്കടയിൽ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. വെട്ടേറ്റ രാജേഷ് സംഭവ സ്ഥലത്ത് വീണു മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ബോഡിനായ്ക്കന്നൂർ സ്വദേശി രാജേഷ് കുമാർ (39) ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ശിവമൂർത്തിയാണ് കൊലപ്പെടുത്തിയത്. ബോഡിനായ്ക്കന്നൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിനു സമീപമാണ് സംഭവം.
റോഡിലൂടെ നടന്നു പോകുകയായിരുന്നു ബോഡിനായ്ക്കന്നൂർ സ്വദേശിയായ രാജേഷ് കുമാർ. ഈ സമയം പുറകിലൂടെ എത്തിയ രാജേഷ് കുമാറിൻറെ ബന്ധു ശിവമൂർത്തി ഇയാളെ തടഞ്ഞു നിർത്തി. തുടർന്ന് കഴുത്തിനും മുഖത്തും തുരുതുരെ വെട്ടി. ഇറച്ചിക്കടയിൽ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. വെട്ടേറ്റ രാജേഷ് സംഭവ സ്ഥലത്ത് വീണു മരിച്ചു.
കൊലക്ക് ശേഷം ശിവമൂർത്തി ബോഡിനായക്കന്നൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവമറിഞ്ഞെത്തിയ പൊലീസ് രാജേഷ് കുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പതിമൂന്ന് വർഷം മുമ്പാണ് രാജേഷ് കുമാർ ശിവമൂർത്തിയുടെ ബന്ധുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കഴിഞ്ഞ നാലു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഇവരുടെ വീടിനു സമീപത്തുള്ള മറ്റൊരു സ്ത്രീയുമായി രാജേഷ് കുമാർ അടുപ്പത്തിലായിരുന്നു. ഇത് സംബന്ധിച്ച് രാജേഷും ശിവമൂർത്തിയും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോഡിനായ്ക്കന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തമിഴ്നാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല നടന്നു എന്നതാണ്. പ്രണയ വിവാഹത്തിന്റെ മൂന്നാം നാഴിൽ നവദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സംഘവുമാണ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. 24 വയസുകാരനായ മാരിസെൽവവും 20 വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു മാരി സെൽവവും കാര്‍ത്തികയും. ഇരുവരും ഒരേ ജാതിയിൽപെട്ടവരെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാൽ കാർത്തികയുടെ അച്ഛൻ ബന്ധത്തെ എതിർത്തു. വീട്ടിലെ മൂന്ന് പെണ്മക്കളിൽ മൂത്തയാളായ കാർത്തിക കഴിഞ്ഞ തിങ്കളാഴ്ച വീട് വീട്ടിറങ്ങി. മാരിക്കൊപ്പം പോലീസ് സംരക്ഷണം തേടി കോവിൽപ്പെട്ടി സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്തു. നവ ദമ്പതികൾ മാരിയുടെ വീട്ടിൽ താമസിച്ചു തുടങ്ങി മൂന്നാം നാൾ വൈകീട്ടാണ് ആക്രമി സംഘം എത്തി കൊലപാതകം നടത്തിയത്.