'മകന്റെ കസ്റ്റഡി തനിക്ക്', 4 വയസുകാരന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ കുറിപ്പ് എഴുതിയത് ഐലൈനർ കൊണ്ട്

പിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് മകനെ കാണാനുള്ള അനുമതി നൽകിയതിലെ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു കത്തെന്നാണ് വ്യാഴാഴ്ച ഗോവന്‍ പൊലീസ് വിശദമാക്കിയത്

Suchana Seth wrote note with eyeliner which left it in bag with sons dead body says Goa Police etj

കണ്ടോലിം: നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സ്റ്റാർട്ടപ്പ് ലാബിന്റെ സിഇഒ കുറിപ്പ് എഴുതിയത്  ഐലൈനർ കൊണ്ടെന്ന് ഗോവന്‍ പൊലീസ്. മകന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് പൊലീസ് സുചന സേഥിന്റെ കുറിപ്പ് കണ്ടെത്തിയത്. പിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് മകനെ കാണാനുള്ള അനുമതി നൽകിയതിലെ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു കത്തെന്നാണ് വ്യാഴാഴ്ച ഗോവന്‍ പൊലീസ് വിശദമാക്കിയത്. മകന്‍റ് പൂർണമായ കസ്റ്റഡിയായിരുന്നു സുചന ആവശ്യപ്പെട്ടിരുന്നത്. 

കുറിപ്പിൽ സുചന സേഥ് വിശദമാക്കുന്നത് ഇങ്ങനെയാണ്. 'എന്ത് വന്നാലും മകന്റെ കസ്റ്റഡി എനിക്കൊപ്പമായിരിക്കും, കോടതി വിവാഹ മോചനം അനുവദിച്ചാലും. എനിക്ക് മകന്റെ കസ്റ്റഡി വേണം.' അതേസമയം വ്യാഴാഴ്ച പൊലീസുകാരുടെ സാന്നിധ്യത്തിൽ സുചനയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ ഗോവയിലെ കലാഗോട്ടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചൊവ്വാഴ്ചയാണ് സുചന സേഥ് അറസ്റ്റിലായത്. മകന്‍റെ മൃതദേഹം ബാഗിലൊളിപ്പിച്ച് ടാക്സി കാറിൽ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്. 

ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ സുചന മുറിയെടുത്തത്. ബെംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ ഇവർ നല്‍കിയിരുന്നത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാന്‍ ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. സുചന പോയ ശേഷംമുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ വിളിച്ച് മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. 

മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സുചന പറഞ്ഞത്. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിലാസം വ്യാജമായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ വ്യക്തമായി. ഇതോടെ സുചന സഞ്ചരിച്ച ടാക്സി ഡ്രൈവറെ പൊലീസ് ബന്ധപ്പെട്ടു. സംഭാഷണം യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കിണി ഭാഷയിലാണ് പൊലീസ് സംസാരിച്ചത്. സുചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ചു. തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് സുചനയുടെ ബാഗിനുള്ളില്‍ നാല് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തിയത്.

4 വയസുകാരനെ കൊന്നത് ശ്വാസം മുട്ടിച്ച്, അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്; 6 ദിവസം കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios