റൂഫ് ടോപ്പ് ബാറിലെ സംഗീത പരിപാടിക്കിടെ കസേര വലിച്ചെറിഞ്ഞു, വിവാദ ഗായകൻ വീണ്ടും അകത്ത്
ആറ് നില കെട്ടിടത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ കസേര തിരക്കേറിയ തെരുവിൽ രണ്ട് പൊലീസുകാരുടെ സമീപത്താണ് വീണത്
നാഷ്വില്ലേ: റൂഫ് ടോപ്പിലെ ബാറിലെ സംഗീത പരിപാടിക്കിടെ ആവേശം കൂടി കസേര വലിച്ചെറിഞ്ഞ ഗായകൻ അറസ്റ്റിലായി. നാഷ്വില്ലേയിലെ പ്രമുഖ റൂഫ് ടോപ്പ് ബാറുകളിലൊന്നായ എറിക് ചർച്ച് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ കസേര തിരക്കേറിയ തെരുവിൽ രണ്ട് പൊലീസുകാരുടെ സമീപത്താണ് വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പൊതുജനത്തിന് അപകടമുണ്ടാക്കുന്ന രീതിയിലെ പെരുമാറ്റത്തിനാണ് നിരവധി അവാർഡുകൾ നേടിയ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം. മേഖലയിലെ പ്രാദേശിക ഗായകർക്ക് സ്ഥിരം വേദിയൊരുക്കുന്ന ഇടം കൂടിയാണ് ഈ ബാർ. അടുത്തിടെ പുറത്തിറങ്ങിയ മോർഗന്റെ വൺ തിംഗ് അറ്റ് എ ടൈം എന്ന ആൽബം വലിയ ഹിറ്റായിരുന്നു. സ്വകാര്യ ചാനലായ എൻബിസിയുടെ ദി വോയിസ് എന്ന പരിപാടിയിലെ ജേതാവായിരുന്നു 30കാരനായ മോർഗൻ. അറസ്റ്റ് ചെയ്ത് 3 മണിക്കൂറിനേ ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. കേസ് മെയ് 3നാണ് പൊലീസ് പരിഗണിക്കുക.
മോർഗൻ ഇത് ആദ്യമായല്ല വിവാദങ്ങളിൽ ചെന്ന് ചാടുന്നത്. 2020 മെയ് മാസത്തിൽ അലക്ഷ്യമായ പെരുമാറ്റത്തിനും വിദ്വേഷ പ്രചാരണത്തിനും ഇയാൾ അറസ്റ്റിലായിരുന്നു. വർഗീയ പരാമർശങ്ങൾ സ്ഥിരമായി നടത്തുന്ന ഗായകൻ സിഥിരമായി വിവാദങ്ങളിൽ ചെന്ന് ചാടിയതിന് പിന്നാലെ നിരവധി പരിപാടികളിൽ നിന്നും പ്രാദേശിക റേഡിയോയിലെ പരിപാടിയിൽ നിന്നും പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം