മ്യൂസിയം തുരന്ന് മോഷണം; കൊണ്ട് പോയത് വിലമതിക്കാനാവാത്ത അത്യപൂര്‍വ്വ സൈനിക പുരാവസ്തുക്കള്‍ !
ആദ്യകാല സൈനികരുടെ ആയുധങ്ങളും മെഡലുകളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സൈനിക വിജയങ്ങള്‍ അടയാളപ്പെടുത്തിയ പെയിന്‍റിംഗുകളും മറ്റും സൂക്ഷിച്ചിരുന്ന മ്യൂസിയത്തിലാണ് മോഷണം നടന്നത്.
പുരാവസ്തുക്കള്‍, ഓരോ പ്രദേശത്തെ ജനതകളുടെ സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും അപൂര്‍വ്വമായ അവശേഷിപ്പുകളാണ്. ഇത്തരം ചരിത്രാവശേഷിപ്പുകള്‍ സംരക്ഷിക്കുന്നതില്‍ ഓരോ രാജ്യവും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. എന്നാല്‍, ഇത്തരം ചരിത്രാവശേഷിപ്പുകള്‍ക്ക് കരിഞ്ചന്തയില്‍ വലിയ വിലയാണ് ഉള്ളത്. അതിനാല്‍ തന്നെ മ്യൂസിയങ്ങളിലും മറ്റുമുള്ള അമൂല്യമായ പുരാവസ്തുക്കള്‍ മോഷണം നടത്തുന്നവരും സജീവം. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അമൂല്യമായ ചില പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ നിന്നും മോഷണം പോയി. അതും വെള്ളിയില്‍ തീര്‍ത്ത സൈനികര്‍ ഉപയോഗിച്ചിരുന്ന അത്യപൂര്‍വ്വമായ വസ്തുക്കള്‍. ഇവ മോഷ്ടിക്കുന്നതിനായി മോഷ്ടാക്കള്‍ മ്യൂസിയത്തിന്‍റെ തറ വെട്ടിപ്പൊളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒല്ലെർട്ടണിനടുത്തുള്ള തോർസ്‌ബി പാർക്കിലെ ബ്രിട്ടനിലെ റോയൽ ലാൻസേഴ്‌സ് ആൻഡ് നോട്ടിംഗ്ഹാംഷെയർ യെമൻറി മ്യൂസിയത്തിലാണ് മോഷണം നടന്നത്.
ഞായറാഴ്ച ജോലിക്ക് എത്തിയപ്പോഴാണ് മ്യൂസിയത്തില്‍ നിന്നും അത്യപൂര്‍വ്വ പുരാവസ്തുക്കള്‍ മോഷണം പോയതായി ജീവനക്കാര്‍ അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മ്യൂസിയത്തിന്‍റെ ഡിസ്‌പ്ലേ കാബിനറ്റിലേക്ക് കടക്കാനായി മോഷ്ടാക്കള്‍ തുരങ്കം നിര്‍മ്മിച്ചതായി കണ്ടെത്തി. അന്വേഷണത്തിനെത്തിയ ഡിറ്റക്ടീവുകള്‍ 'ഏറെ ആസൂത്രണവും കൃത്യമായി സംഘടിക്കപ്പെട്ടതുമായ' മോഷണം എന്നാണ് ഇതിനെ വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മോഷണം പോയവയില്‍ വിംബിൾഡൺ വനിതാ സിംഗിൾസ് ട്രോഫിയുടെ ഇരട്ടപതിപ്പായ ഗിൽറ്റ് റോസ് വാട്ടർ ഡിഷും ഹർലിംഗ്ഹാം ഗ്രാൻഡ് മിലിട്ടറി പോളോ ട്രോഫി, സൈനികരുടെ പ്രതിമകൾ, കുതിരപ്പടയുടെ കാഹളം എന്നിവയും ഉള്‍പ്പെടുന്നു.
15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !
ഞായറാഴ്ച പുലർച്ചെ 02:40 നും 03:30 നും ഇടയിലാണ് മോഷണം നടന്നതെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറയുന്നു. ആദ്യം മുറിയിലേക്ക് ചെറിയൊരു ദ്വാരമുണ്ടാക്കി അതിലൂടെ ക്യാമറ ഉപയോഗിച്ച് മ്യൂസിയത്തിലെ വസ്തുക്കളെ നിരീക്ഷിച്ചു. പിന്നീട് മ്യൂസിയത്തിന്‍റെ തടികൊണ്ടുള്ള തറയിലൂടെയും കാബിനറ്റിലൂടെയും കഷ്ടിച്ച് ഒരാള്‍ക്ക് കടന്ന് പോകാന്‍ പറ്റുന്ന തരത്തില്‍ തുരക്കുകയായിരുന്നു. "രാജ്യത്തെ സേവിക്കുകയും പോരാടുകയും ചെയ്ത സൈനികരുടെ ചരിത്രം മോഷ്ടിക്കപ്പെട്ടത് വെറുപ്പുളവാക്കുന്നതാണ്." എന്നായിരുന്നു മ്യൂസിയം ക്യൂറേറ്റര്‍ സ്റ്റീവ് കോക്‌സ് അഭിപ്രായപ്പെട്ടത്. "അവർ കൊണ്ടുപോയ വസ്തുക്കൾ വിലമതിക്കാനാവാത്തതാണ്, നിങ്ങൾ എങ്ങനെയാണ് ചരിത്രത്തിന് ഒരു മൂല്യം നൽകുന്നത്?" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യൂസിയത്തില്‍ ആദ്യകാല സൈനികരുടെ ആയുധങ്ങളും മെഡലുകളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സൈനിക വിജയങ്ങള്‍ അടയാളപ്പെടുത്തിയ പെയിന്‍റിംഗുകളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. പ്രധാനമായും സൈന്യവുമായി ബന്ധപ്പെട്ട പുരാവസ്കുക്കള്‍ സൂക്ഷിക്കുന്ന മ്യൂസിയമാണ് യെമൻറി മ്യൂസിയം.