പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; 17 കാരന്റെ രക്തസാംപിളിന് പകരം പരിശോധിച്ചത് അമ്മയുടെ രക്തം

പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു

Pune Porsche crash 17 year old boys blood sample allegedly switched with mothers

പൂനെ: പുനെയിൽ പോർഷെ കാർ ഇടിച്ച് 2 ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ച പതിനേഴുകാരനെ രക്ഷിക്കാൻ നടത്തിയത് വലിയ ഗൂഡാലോചന. പതിനേഴുകാരൻ മദ്യപിച്ചിട്ടില്ലെന്ന് വരുത്താൻ അമ്മയുടെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചതെന്നാണ് കേസിൽ അവസാനമെത്തുന്ന കണ്ടെത്തൽ. കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. കാറപകടം നടന്ന് മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ച പ്രതി മദ്യപിച്ചില്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട് വന്നത്. ജനകീയ പ്രതിഷേധത്തിൽ രൂക്ഷമായതിന് പിന്നാലെ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന ഗൂഡാലോചനയായിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. 

ഇതിൽ ഏറ്റവും ഒടുവിൽ അപകട ദിവസം പ്രതിയുടേതിനു പകരം അമ്മ ശിവാനി അഗർവാളിന്റെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്. സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ നടന്ന  പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ സാംപിളിൽ കൃത്രിമം നടന്നെന്ന് വ്യക്തമായിരുന്നു. പതിനേഴുകാരന്റെ രക്തസാമ്പിൾ ഡോക്ടർമാർ ചവറ്റുകുട്ടയിലെറിഞ്ഞെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

പ്രതിയുടെ അച്ഛനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കൽ ഓഫിസറും ഫൊറൻസിക് മേധാവിയും ചേർന്നാണ് കൃത്രിമം നടത്തിയത്. ഇവർ പ്രതിയുടെ അച്ഛനുമായി ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകളും പൊലീസ് പുറത്തുവിട്ടു. അറസ്റ്റിലായ രണ്ടു ഡോക്ടമാരെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിയെ രക്ഷിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെ കുടുംബം സമീപിച്ചതായാണ് സൂചന. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. ജുവനൈൽ ഹോമിൽ കഴിയുന്ന പതിനേഴുകാരന്റെ കസ്റ്റഡി കാലാവധി അടുത്ത ബുധനാഴ്ച്ച തീരാനിരിക്കെയാണ് നിർണായക കണ്ടെത്തലുകൾ പുറത്ത് വരുന്നത്. 

അപകടം നടന്ന ഉടൻ വിവരം കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് ഐയും  കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിരുന്നു. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയ ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂനെ സസൂൺ ജനറൽ ആശുപത്രി ഫൊറൻസിക് മേധാവിയും മറ്റൊരു ഡോക്ടറുമാണ് അറസ്റ്റിലായത്. അതിനിടെ അപകടമുണ്ടാക്കുന്നതിന് മുൻപ് പതിനേഴുകാരൻ പബ്ബിൽ ചെലവിട്ടത് 48000 രൂപയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാവാത്ത പ്രതിയും സുഹൃത്തുക്കളും പൂനെയിലെ വിവിധ ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നുവെന്ന് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ നേരത്തെ വ്യക്തമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios