പരാതി നൽകിയത് 4 കോളേജ് പെൺകുട്ടികൾ, കോളേജ് പ്രൊഫസർ നിർമല ദേവിയുടെ ശബ്ദരേഖ നിർണായകമായി; ഒടുവിൽ ശിക്ഷ
ഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നുമാണ് പ്രൊഫസർ നിർമല വിദ്യാർഥിനികളോട് പറഞ്ഞത്
തമിഴ്നാട്ടില്‍ കോളേജ് പെൺകുട്ടികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രൊഫസര്‍ക്ക് ഇനി ജയിൽവാസം. സംസ്ഥാനത്താകെ വലിയ കോളിളക്കമുണ്ടാക്കിയ കേസിൽ സ്വകാര്യ കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയിരുന്ന നിർമല ദേവിക്ക് 10 വർഷം തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. നിർമല ദേവിക്കെതിരെ 4 കോളേജ് വിദ്യാർഥിനികൾ നൽകിയ പരാതിയാണ് ശിക്ഷ വിധിക്കാൻ കാരണമായത്. ഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നും നിർമല ഇവരോട് പറഞ്ഞതിന്‍റെ ശബ്ദരേഖയും കേസിൽ നിർണായകമായി.
സംഭവം ഇങ്ങനെ
തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ആയിരുന്ന നിർമല ദേവി. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചില ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നായിരുന്നു നിർമല പറഞ്ഞത്. ഇക്കാര്യം ചൂണ്ടികാട്ടി നാല് വിദ്യാർത്ഥിനികൾ പൊലീസിൽ പരാതി നൽകിയതോടെ വലിയ കോളിളക്കമാണ് സംസ്ഥാനത്തുണ്ടായത്. നിർമല വിദ്യാർഥിനികളുമായി സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നതോടെ സംഭവം രാജ്യമാകെ ചർച്ചയായി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് പിന്നാലെ നിർമലയെ കോളേജ് സസ്പെൻഡ് ചെയ്തു. കേസിൽ ആറ് വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് നിർമലക്ക് കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ തടവ് ശിക്ഷയാണ് ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതി വിധിച്ചത്. 160 പേജുളള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതിയിൽ സമർപ്പിച്ചത്. നിർമലയ്ക്കെതിരെ ചുമത്തിയ 5 കുറ്റങ്ങളും തെളിഞ്ഞെന്ന് പറഞ്ഞ കോടതി 2,45,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം