ക്രിസ്തുമസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ച താത്കാലിക പാലം തകർന്ന സംഭവം, സംഘാടകർക്കെതിരെ കേസ്
ഐപിസി 1860 ലെ 283, 336, 337, 338, 34 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു തടിയും പലകകളും ഉപയോഗിച്ചുള്ള പാലം നിർമ്മാണമെന്നും എഫ്ഐആർ
തിരുവനന്തപുരം: പൂവാർ തിരുപുറം പുറുത്തിവിളയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ച താത്കാലിക പാലം തകർന്ന സംഭവത്തിൽ സംഘാടകർക്ക് എതിരെ കേസ് എടുത്ത് പൊലീസ്. തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീന എസ് ദാസ് ആണ് പരിപാടിയുടെ പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ. പരിപാടി സംഘടിപ്പിച്ചത് തിരുപുറം പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ എന്നാണ് എഫ്.ഐ.ആർ വിശദമാക്കുന്നത്. തിരുപുറം പുൽക്കൂട് ഫെസ്റ്റിന്‍റെ സംഘാടകർക്ക് എതിരെയാണ് പൂവാർ പൊലീസ് കേസെടുത്തത്.
അപകടത്തിൽ പരിക്ക് പറ്റിയ ജയൻ രാജ് (40), സഞ്ചു (47), ജോയ് (36), ആതിര (27) എന്നിവരുടെ പരാതിയിൽ ആണ് കേസ്. സംഘാടകർ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ 7 അടിയോളം ഉയരത്തിൽ സുരക്ഷാ പരിശോധനകൾ കൂടാതെ സ്ഥാപിച്ച പാലം തകർന്ന് നിരവധിപേർക്ക് പരിക്ക് പറ്റി എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. ഫെസ്റ്റില്‍ പുല്‍ക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാന്‍ തടി കൊണ്ട് താത്കാലിക നടപ്പാലം നിര്‍മിച്ചിരുന്നു. ആളുകള്‍ കൂട്ടത്തോടെ കയറിയതോടെ ഈ പാലം തകരുകയായിരുന്നു.
ഐപിസി 1860 ലെ 283, 336, 337, 338, 34 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു തടിയും പലകകളും ഉപയോഗിച്ചുള്ള പാലം നിർമ്മാണമെന്നും എഫ്ഐആർ വിശദമാക്കുന്നു. അതിനിടെ നടപ്പാലം തകർന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോരും ശക്തമാവുകയാണ്. സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു. അപകടത്തില്‍ 30 ഓളം പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം