വിദ്യാർത്ഥിക്ക് മർദ്ദനം, വായിൽ മൂത്രമൊഴിച്ചു, ഷൂ നക്കിപ്പിച്ചു, പൊലീസുകാരനടക്കം 3 പേർ അറസ്റ്റിൽ
ക്രൂരമർദ്ദനത്തിനിടെ യുവാവിന്റെ വായിൽ സംഘത്തിലുള്ളവർ മൂത്രമൊഴിച്ചതായാണ് ആരോപണം. അക്രമികളുടെ ചെരുപ്പ് യുവാവിനോട് നാവ് കൊണ്ട് വൃത്തിയാക്കിപ്പിക്കുകയും ചെയ്തതായാണ് പരാതി
കാണ്‍പൂർ: ഉത്തർ പ്രദേശിൽ എംസിഎ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളടങ്ങുന്ന സംഘം. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊലപാതക ശ്രമത്തിന് വിദ്യാർത്ഥിക്കെതിരെ ഹെഡ് കോണ്‍സ്റ്റബിളിന്റെ പരാതിയിൽ കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്നുള്ള സംഭവ വികാസങ്ങളിലാണ് 23കാരനായ ആയുഷ് ദ്വിവേദിയെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു അതിക്രൂരമായ ആക്രമണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാണ്‍പൂരിലെ സിവിൽ ലൈനിൽ ഒരാളെ കാണാനെത്തിയ 23കാരന്റെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തിൽ അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോപ്പർഗഞ്ചിലെത്തിച്ചായിരുന്നു അക്രമം. കോപ്പർഗഞ്ചിലെ റെയിൽ വേ ട്രാക്കിന് അരികെ എത്തിച്ച 23കാരനെ വസ്ത്രങ്ങളഴിച്ച ശേഷം സംഘം മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിനിടെ യുവാവിന്റെ വായിൽ സംഘത്തിലുള്ളവർ മൂത്രമൊഴിച്ചതായാണ് ആരോപണം. അക്രമികളുടെ ചെരുപ്പ് യുവാവിനോട് നാവ് കൊണ്ട് വൃത്തിയാക്കിപ്പിക്കുകയും ചെയ്തതായാണ് പരാതി.
പൊലീസുകാരന്റെ മകനും കൂട്ടാളികളും ചേർന്നാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന. ഇവർ ആക്രമിച്ച് അവശനാക്കിയ യുവാവിനെ പൊലീസുകാരനും മർദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇവർ വീഡിയോ ചിത്രീകരിച്ചതായും ആക്രമത്തിനിരയായ യുവാവ് പരാതിയിൽ വിശദമാക്കുന്നത്. 12 പേരോളമുള്ള സംഘമായിരുന്നു 23കാരനായ എംസിഎ വിദ്യാർത്ഥിക്കെതിരെ അക്രമം നടത്തിയത്. യുവാവിന്റെ മുറിവുകളിൽ സംഘം ഉപ്പ് പുരട്ടിയതായും പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നുമാണ് ആരോപണം വിശദമാക്കുന്നത്.
ഇതിന് വഴങ്ങാതെ വന്നതോടെ യുവാവിന് നേരെ വെടിയുതിർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സംഘാംഗങ്ങൾ പിന്തിരിപ്പിച്ചതോടെ ആകാശത്തേക്ക് വെടിയുതിർത്തതായും ആരോപണമുണ്ട്. ചെവിക്ക് വളരെ അടുത്ത് വച്ചാണ് വെടിയുതിർത്തതെന്നും അതിനാൽ കേൾവിക്ക് തകരാറുണ്ടെന്നുമാണ് യുവാവ് ആരോപിക്കുന്നത്. ലോക്കൽ ഇന്റലിജന്‍സ് യൂണിറ്റിലെ ധർമേന്ദ്ര യാദവ് അടക്കം മൂന്ന് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം