കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തി, പൊലീസിനെ കണ്ട് പുഴയിൽ ചാടി; ഒടുവില്‍ ഫയർഫോഴ്സെത്തി പ്രതിയെ പിടികൂടി
കണ്ടൽക്കാട്ടിൽ ഒളിച്ചിരിക്കുന്ന ജിതിനെ ഫയർഫോഴ്സ് സംഘം കണ്ടെത്തി കയ്യോടെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കണ്ണൂർ: കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതി പൊലീസിനെ കണ്ടപ്പോൾ പുഴയിൽ ചാടി. കണ്ടൽക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ ഫയർഫോഴ്സിന്‍റെ സഹായത്തോടെ പിടികൂടി പൊലീസ്. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം.
സ്ഫോടക വസ്തു കൈവശം വച്ചതിനുൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ് തലശ്ശേരി നടമ്മൽ ജിതിൻ. ഇയാളെ ഈ മാസം 19ന് കാപ്പ ചുമത്തി നാടുകടത്തി. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. എന്നാൽ കഴിഞ്ഞ ദിവസം ജിതിൽ വീട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടി. വീട്ടിൽ പൊലീസെത്തിയപ്പോൾ ജിതിൽ മുന്നിൽപ്പെട്ടു. സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടതോടെ ജിതിൽ ഓടി. തൊട്ടടുത്ത കുയ്യാലിപ്പുഴയിൽ ചാടികയായിരുന്നു.
പൊലീസ് പ്രതിയുടെ പിന്നാലെച്ചാടാതെ ഫയർഫോഴ്സിന്‍റെ സഹായം തേടി. കണ്ടൽക്കാട്ടിൽ ഒളിച്ചിരിക്കുന്ന ജിതിനെ ഫയർഫോഴ്സ് സംഘം കണ്ടെത്തി കയ്യോടെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.