ലോക്ഡൗണിൽ ജോലി നഷ്ടമായവരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ; വ്യാജ കമ്പനികളുടെ പേരിൽ ജോലി ഓഫർ
വീട്ടിലിരുന്ന് ഡേറ്റാ എൻട്രി ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പേരിലാണ് തട്ടിപ്പ്. തൊഴിൽ അറിയിപ്പുകൾ നൽകുന്ന ആപ്പുകളിലും വെബ്സെറ്റുകളിലും വ്യാജകമ്പനികളുടെ പേരിൽ പരസ്യം നൽകിയാണ് ഇവരുടെ പ്രവർത്തനം.
ദില്ലി: രാജ്യത്ത് ലോക്ഡൗൺക്കാലത്ത് ജോലി നഷ്ടമായവരെ ഉന്നമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ. വീട്ടിലിരുന്ന് ഡേറ്റാ എൻട്രി ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പേരിലാണ് തട്ടിപ്പ്. തൊഴിൽ അറിയിപ്പുകൾ നൽകുന്ന ആപ്പുകളിലും വെബ്സെറ്റുകളിലും വ്യാജകമ്പനികളുടെ പേരിൽ പരസ്യം നൽകിയാണ് ഇവരുടെ പ്രവർത്തനം. വാഗ്ദാനങ്ങളിൽ വീണ് ലക്ഷങ്ങൾ വരെ നഷ്ടമായവരുണ്ടെന്ന് ദില്ലി പൊലീസ് സൈബർ ക്രൈം സെൽ ഡിസിപി അനീഷ് റായ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തുടർച്ചയായി രണ്ട് ലോക്ഡൗണുകളിൽ രാജ്യത്ത് തൊഴിൽ നഷ്ടമായവരിൽ ദിവസ വേതനക്കാർ മുതൽ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാർ വരെയുണ്ട്. കൊവിഡ് പ്രതിസന്ധി തിരിച്ചടിയായപ്പോൾ ഇങ്ങനെ ജോലി നഷ്ടമായവരെ ഉന്നമിട്ട് സൈബർ തട്ടിപ്പുസംഘങ്ങളും ഇപ്പോൾ സജീവമാകുകയാണ്. പുതിയ തൊഴിൽ കണ്ടെത്താൻ ആപ്പുകൾ മുതൽ വെബ് സെറ്റുകൾ വരെ രാജ്യത്ത് ലഭ്യമാണ്. ഇത്തരം ഒരു വെബ് സെറ്റിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം ഒരു അക്കൗണ്ട് തുടങ്ങി ബയോഡേറ്റ സമർപ്പിച്ചു. ചില പരസ്യങ്ങൾക്ക് മറുപടി നൽകിയതോടെ ജോലി അറിയിപ്പുകൾ ഫോണിൽ എത്തിതുടങ്ങി. ഒരു സന്ദേശത്തിൽ ജോലിക്കായുള്ള അപേക്ഷ തെരഞ്ഞെടുക്കപ്പെട്ടെന്ന അറിയിപ്പും വന്നു.
വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമുണ്ടെന്നായിരുന്നു ഈ സന്ദേശത്തിലെ അറിയിപ്പ്. പിന്നാലെ നോയിഡയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ട് സൊലൂഷൻസ് എന്ന് കമ്പനിയുടെ എച്ച് ആർ ആണെന്ന് പരിയപ്പെടുത്തിയ സ്ത്രീ ടെലിഫോൺ അഭിമുഖത്തിനായി വിളിച്ചു. ബയോഡേറ്റ പരിശോധിച്ചെന്നും രണ്ട് വർഷം ഐറ്റി ജോലി പരിചയമുള്ളതിനാൽ മാസം ഒരു ലക്ഷം രൂപ വീട്ടിലിരുന്ന് സമ്പാദിക്കാവുന്ന ജോലിയുടെ ഓഫർ തരുന്നുവെന്നും അറിയിച്ചു. 11 മാസത്തെ കരാർ, പരിശീലനത്തിനും ജോലിയിൽ തുടരുമെന്ന ഉറപ്പിനായും 25000 രൂപ സെകൂരിറ്റി ഡിപ്പോസ്റ്റ് നൽകണമെന്നും ഇത് കരാർ കഴിയുമ്പോൾ തിരികെ നൽകുമെന്നും അവർ അറിയിച്ചു.
അത്രയും പണം ഉടൻ കൈയില്ലെന്നും ആദ്യഗഡുവായി 5000 നൽകാമെന്നും അറിയിച്ചതിനെ തുടർന്ന് പണം അയക്കേണ്ട വിവരങ്ങൾ എത്തി. ഇതിൽ പണം അടച്ചു. പിന്നാലെ ഇമെയിൽ പരിശീലന വിവരങ്ങളും ജോലി സംബന്ധമായ മാനുവേലുകളും വീഡിയോയും അയച്ച് തന്നു. രണ്ട് മണിക്കൂറിനുള്ളിൽ ജോലി തുടങ്ങാനുള്ള ലിങ്ക് എത്തുമെന്ന് അറിയിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ് രണ്ട് മണിക്കൂറല്ല രണ്ട് ദിവസം കഴിഞ്ഞിട്ടും ലിങ്ക് എത്തിയില്ല. തിരികെ വിളിച്ചപ്പോൾ മറുപടിയുമില്ല..സമാനതട്ടിപ്പിൽപ്പെട്ട 36 പരാതികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ കിട്ടിയെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുക്കാരെ കണ്ടെത്താൻ പ്രത്യേക സംഘം അടക്കം നിയോഗിച്ചുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ദില്ലി പൊലീസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona