ശ്രദ്ധയുടെ പഴയ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റ ചാറ്റുകള്‍ പുറത്ത്; അഫ്താബ് ശ്രദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു
അഫ്താബ് ശ്രദ്ധയെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചുവെന്നാണ് ചാറ്റുകള്‍ വെളിവാക്കുന്നത്.
ദില്ലി: കാമുകന്‍ അഫ്താബ് പൂനാവാല ക്രൂരമായി കൊലപ്പെടുത്തി ശ്രദ്ധ വാക്കര്‍ മുന്‍പും കാമുകനില്‍ നിന്നും ക്രൂരമായ മര്‍ദ്ധനം സഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ശ്രദ്ധയുടെ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്ന് അഫ്താബ് ശ്രദ്ധയെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചുവെന്നാണ് ചാറ്റുകള്‍ വെളിവാക്കുന്നത്.
ഇതിന് ശേഷം ശ്രദ്ധ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന ചാറ്റുകൾ മുംബൈയ്ക്ക് അടുത്ത് വസായിൽ ശ്രദ്ധയും അഫ്താബും ഒന്നിച്ച് താമസിച്ചപ്പോഴുള്ളതാണ്. ഈ വർഷം മെയ് മാസത്തിൽ ശ്രദ്ധയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് ഈ ചാറ്റുകള്‍ തെളിവ് നല്‍കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
"ഇന്ന് ഒന്നും നടക്കില്ല, ഇന്നലെ കിട്ടിയ അടിയില്‍ ബിപി കുറഞ്ഞ് ഞാന്‍ അവശയാണ്. കിടക്കയിൽ നിന്ന് ഇറങ്ങാൻ പോലും ശക്തിയില്ല " ശ്രദ്ധ തന്‍റെ വർക്ക് മാനേജർക്ക് അയച്ച വാട്ട്സ്ആപ്പ് ചാറ്റില്‍ പറയുന്നു. മുറിവേറ്റ പാടുകളുള്ള ശ്രദ്ധയുടെ മുഖത്തിന്‍റെ ചിത്രവും ഈ ചാറ്റിലുണ്ട്. സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ ശ്രദ്ധയുടെ കൊലപാതകം അന്വേഷിക്കുന്ന ദില്ലി പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്നത്തെ മര്‍ദ്ധനത്തില്‍ ശ്രദ്ധയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2020 നവംബർ 24 നാണ് ഈ ചാറ്റ് നടത്തിയിരിക്കുന്നത്. "അവൻ (അഫ്താബ്) ഇന്ന് പുറത്തേക്ക് പോകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന്" അവൾ മാനേജരോട് പറഞ്ഞു, കൂടാതെ അവന്‍റെ മാതാപിതാക്കളോടും സംസാരിച്ചതിനെ കുറിച്ച് പരാമർശിച്ചു. ഇതിലൂടെ ഇടക്കാലത്ത് ഇവര്‍ ബന്ധം പിരിയുന്ന അവസ്ഥയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മാനേജർ അവളുടെ "ഭർത്താവിന്റെ പേര്" ചാറ്റില്‍ ചോദിക്കുന്നുണ്ട്. അത് അവർ വിവാഹിതരാണെന്നാണ് ശ്രദ്ധ ഓഫീസിൽ പറഞ്ഞതായി സൂചിപ്പിക്കുന്നുവെന്നാണ് പൊലീസ് അനുമാനം. "വിഷമിക്കേണ്ട. ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്," എന്നാണ് വര്‍ക്ക് മാനേജര്‍ പ്രതികരിച്ചു. അവളെ സഹായിക്കാൻ അമ്മയോടും സഹോദരിയോടും ആവശ്യപ്പെടാം എന്നും മനേജര്‍ പറയുന്നു.
ഒരു സുഹൃത്തുമായുള്ള ഇൻസ്റ്റാഗ്രാം ചാറ്റിൽ, ഒരു പുതിയ ഹെയർസ്റ്റൈൽ കാണിക്കുന്നതിനായി ശ്രദ്ധ ഒരു ഫോട്ടോ പങ്കിട്ടപ്പോൾ. സുഹൃത്ത് പരിക്കുകൾ ശ്രദ്ധിച്ചു ഇത് എന്ത് പറ്റിയതാണെന്ന് ചോദിക്കുന്നു. കോണിപ്പടികൾ കയറുന്നതിനിടെ കാലിടറിയതാണ് മൂക്കിന് പൊട്ടലുണ്ടായതെന്ന് ശ്രദ്ധ പറയുന്നത്.
വര്‍ക്ക് മാനേജറുമായുള്ള ചാറ്റിന് ഒരാഴ്ചയ്ക്ക് ശേഷം ഡിസംബർ 3 നും 6 നും ഇടയിൽ ശ്രദ്ധ വസായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെന്ന രേഖകളും ലഭിച്ചിട്ടുണ്ട്. ആ സമയത്ത് ശ്രദ്ധയ്ക്ക് ആന്തരിക പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഡോക്ടർ പൊലീസിനോട് പറയുന്നത്. ആശുപത്രി റിപ്പോർട്ടിൽ "കടുത്ത നടുവേദന, ഓക്കാനം, കഴുത്ത് വേദന, കഴുത്തിന്റെ ചലനത്തിലെ ബുദ്ധിമുട്ട്, താഴത്തെ അവയവങ്ങളിൽ മരവിപ്പ്" എന്നിവയാണ് ലക്ഷണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തുടര്‍ ചികില്‍സയ്ക്ക് ശ്രദ്ധ ആശുപത്രിയില്‍ പോയിട്ടില്ല എന്നാണ് വിവരം.
ശ്രദ്ധ ആശുപത്രിയിലും പോയിരുന്നുവെന്ന് അവളുടെ സുഹൃത്ത് രാഹുൽ റായ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. "അവൻ (അഫ്താബ്) ശ്രദ്ധയെ രണ്ട് മൂന്ന് തവണ ആക്രമിച്ചു. കഴുത്തിൽ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചത് പോലെ ആഴത്തിലുള്ള ഒരു പാടുണ്ടായിരുന്നു. പരിഭ്രാന്തയായ ശ്രദ്ധയോട് അന്ന് സ്വന്തം വീട്ടിലേക്ക് പോകാനാണ് പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ പറഞ്ഞത്" റായ് പറയുന്നു.
അഫ്താബിന്റെ കയ്യിൽ നിന്ന് അവൾ സ്ഥിരമായി ഗാർഹിക പീഡനത്തിന് ഇരയാകാറുണ്ടെന്ന് അവളുടെ സുഹൃത്തുക്കൾ പോലീസിനോട് ഇപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. "അഫ്താബിനെ ഉപേക്ഷിക്കുമെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവൾ ചെയ്തില്ല" കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് ശ്രദ്ധ സന്ദേശം അയച്ച കോളേജിലെ അവളുടെ സുഹൃത്ത് രജത് ശുക്ല പറഞ്ഞു.
കോൾ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധ (26), അഫ്താബ് (28) എന്നിവർ മെയ് മാസത്തിൽ ദില്ലിയിലേക്ക് താമസം മാറിയിരുന്നു. നാല് ദിവസത്തിന് ശേഷം തർക്കത്തെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി. ഫ്രിഡ്ജിൽ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത് വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് ഇപ്പോള്‍ വിവാദമായ കൊലപാതക കേസ്.
അഫ്താബുമായുള്ള ശ്രദ്ധയുടെ ബന്ധം അംഗീകരിക്കാത്തതിനാൽ 2021 മെയ് മുതൽ ശ്രദ്ധയോട് സംസാരിക്കാറില്ലെന്ന് ശ്രദ്ധയുടെ പിതാവ് പറയുന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ശ്രദ്ധയുടെ കൊലപാതകത്തിലേക്കും അഫ്താബിലേക്കും എത്തിയത്.
ഉപേക്ഷിക്കപ്പെട്ട ശരീരഭാഗങ്ങൾ, ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം മുതലുള്ള വസ്ത്രങ്ങൾ, ശ്രദ്ധയുടെ ഫോൺ എന്നിങ്ങനെയുള്ള പ്രധാന തെളിവുകൾ കണ്ടെത്തേണ്ടതിനാല്‍ നവംബർ 17 ന് അഫ്താബിനെ ദില്ലി കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.