വീട്ടുകാർ സ്ഥലത്തില്ല, സർവ്വീസ് റൈഫിൾ ഉപയോഗിച്ച് പൊലീസുകാരൻ വെടിവച്ച് കൊന്നത് 7 നായ്ക്കളെ, കേസ്
നായ്ക്കളുടെ ക്ഷേമം അന്വേഷിക്കാനായി നിയോഗിച്ച 24കാരനായ യുവ പൊലീസ് ഉദ്യോഗസ്ഥനാണ് ഏഴ് വളർത്തുനായ്ക്കളെ വെടിവച്ച് കൊലപ്പെടുത്തിയത്
ടെന്നസി: ഔദ്യോഗിക ചുമതല നിർവ്വഹിക്കുന്നതിനിടെ പൊലീസുകാരൻ വെടിവച്ച് കൊന്നത് ഏഴ് നായകളെ. അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മിണ്ടാപ്രാണികളെ കരുണയില്ലാതെ വെടിവച്ച് വീഴ്ത്തിയത്. മക്നൈറി കൗണ്ടിയിലെ ഒരു വീട്ടിൽ വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് നായ്ക്കളുടെ ക്ഷേമം അന്വേഷിക്കാൻ നിയോഗിച്ചതാണ് 24കാരനായ പൊലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്.
24കാരനായ കോണർ ബ്രാക്കിംഗ് എന്നയാളെ സംഭവത്തിന് പിന്നാലെ ചുമതലയിൽ നിന്ന് മാറ്റി. പിന്നാലെ ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുത്തിരിക്കുകയുമാണ്. നവംബർ ആദ്യവാരമാണ് സംഭവം നടന്നത്. ക്ഷേമ പരിശോധനയ്ക്ക് എത്തിയ യുവ പൊലീസ് ഉദ്യോഗസ്ഥൻ നായകളെ തുറന്ന് വിട്ട ശേഷം സർവ്വീസ് റിവോൾവർ ഉപയോഗിച്ചാണ് വെടിവച്ച് വീഴ്ത്തിയത്.
ഏഴ് വളർത്തുനായകളെ വെടിവച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിൽ പൊലീസുകാരനെന്ന് വ്യക്തമായത്. പരിസര പ്രദേശങ്ങളിലെ സിസിടിവി അടക്കം പരിശോധിച്ചപ്പോഴാണ് സംഭവത്തിലെ പ്രതി പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായത്. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനും മൃഗങ്ങളെ മനപൂർവ്വം മുറിവേൽപ്പിക്കുന്നതും അടക്കമുള്ള കുറ്റകൃത്യങ്ങളാണ് യുവ ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.
അന്വേഷണം നടക്കുന്നതിനിടെ യുവ ഉദ്യോഗസ്ഥൻ പൊലീസ് സംഘത്തിന് മുന്നിൽ ചൊവ്വാഴ്ച കീഴടങ്ങുകയായിരുന്നു. ആറ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് 24കാരനെതിരെ ചുമത്തിയിട്ടുള്ളത്. ജോലിയിൽ നിന്ന് രാജി വയ്ക്കാൻ നിർദ്ദേശം ഇയാൾക്ക് പൊലീസ് നൽകിയിട്ടുണ്ട്. 720 ആളുകൾ മാത്രം താമസിക്കുന്ന ബെഥേൽ സ്പ്രിംഗ്സ് എന്ന ജനവാസ മേഖലയിലായിരുന്നു യുവപൊലീസുകാരന്റെ അതിക്രമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം