Asianet News MalayalamAsianet News Malayalam

'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

 നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് സ്വര്‍ണമടങ്ങുന്ന നിധി ലഭിച്ചതായി സിറാജുല്‍ നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു

Non state laborers arrested in case of embezzling Rs 4 lakh name of fake Treasure
Author
First Published Jul 23, 2024, 9:58 PM IST | Last Updated Jul 23, 2024, 9:58 PM IST

തൃശൂര്‍: വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം രൂപ തട്ടിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘത്തിലെ മൂന്നുപേരെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ സിറാജുല്‍ ഇസ്ലാം (26), ഗുല്‍ജാര്‍ ഹുസൈന്‍ (27), മുഹമ്മദ് മുസ്മില്‍ ഹഖ് (24) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ ആശുപത്രി ചികിത്സയില്‍ കഴിയുന്ന സംഘത്തിലെ അബ്ദുള്‍ കലാം (26) പോലീസ് കാവലിലാണ്.

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് സ്വര്‍ണമടങ്ങുന്ന നിധി ലഭിച്ചതായി സിറാജുല്‍ നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം തന്നാല്‍ നിധിയായി ലഭിച്ച സ്വര്‍ണശേഖരം നല്കാമെന്നും പലരോടും പറയുകയും ചെയ്തുവത്രെ.

അമിത ലാഭം പ്രതീക്ഷിച്ച് നാദാപുരം സ്വദേശികളായ രാജേഷ്, ലെനിന്‍ എന്നിവര്‍ സിറാജുലിനെ സമീപിക്കുകയും ധാരണയിലെത്തുകയും ചെയ്തു. ഇതുപ്രകാരം ഇടപാടുകള്‍ നടത്താനായി സുരക്ഷിത സ്ഥലം തേടി മൂവരും കാറില്‍ തൃശൂരിലെത്തി. സിറാജുല്‍ ഇവിടേക്ക് സുഹൃത്തുക്കളായ മറ്റ് മൂന്നുപേരേയും വിളിച്ചുവരുത്തി. സ്വര്‍ണം കൈമാറുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ആറുപേരും ചേര്‍ന്ന് കാറില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി.

മുന്‍കൂറായി നാലുലക്ഷം നൽകാമെന്നും സ്വര്‍ണം വിൽപന നടത്തിയ ശേഷം ബാക്കി തുക കൈമാറാമെന്നും ഇവിടെവച്ച് ധാരണയായി. തുടര്‍ന്ന് പണം കൈപ്പറ്റി സ്വര്‍ണമാണെന്ന് പറഞ്ഞ പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ പൊതി തട്ടിപ്പറിച്ച് പണവുമായി അസം സ്വദേശികള്‍ റെയില്‍വേ ട്രാക്കിലൂടെ ഓടി.

കുറച്ച് ദൂരം ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് ഇവര്‍ ചാലക്കുടി പോലീസില്‍ പരാതി നല്കിയത്. കാര്‍ വാങ്ങാനാണെത്തിയതെന്നും അതിനായാണ് പണം നല്കിയതെന്നുമാണ് സ്റ്റേഷനില്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിധിയുടെ കഥ പുറത്തായത്. പുലര്‍ച്ചെ ഒന്നോടെ ചാലക്കുടി പാലത്തിന് മുകളില്‍നിന്ന് നാലുപേര്‍ പുഴയിലേക്ക് ചാടിയെന്നും ഒരാളുടെ ദേഹത്ത് ട്രെയിന്‍ തട്ടിയെന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് റെയില്‍വേ സ്റ്റേഷനില്‍ സന്ദേശം നല്കി.

ഇതുപ്രകാരം അഗ്‌നിസുരക്ഷാ സേനയുടെ സ്‌കൂബ ടീം പുഴയില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ തട്ടിപ്പുകാര്‍ വിദഗ്ധമായി രക്ഷപ്പെട്ടു. നാലുപേരെ പുലര്‍ച്ചെ തന്റെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയതായും അതില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നുവെന്നും മുരിങ്ങൂരിലെ ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയതോടെ പൊലീസ് അന്വേഷണത്തിന് വഴിത്തിരിവായി. ഇവര്‍ ഇറങ്ങിയെന്ന് പറയുന്ന അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലും പൊലീസ് അന്വേഷണം നടത്തി. 

ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജോലിസ്ഥലത്ത് നിന്നും വീണ് പരുക്കേറ്റതായി അറിയിച്ച് അസം തൊഴിലാളിയായ അബ്ദുള്‍ കലാം എന്ന പേരില്‍ ഒരാളെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വിവരം ലഭിച്ചു. പരുക്കേറ്റയാളെ തട്ടിപ്പിനിരയായവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അസം തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിലേക്ക് മുങ്ങാന്‍ തയാറെടുക്കുകയായിരുന്ന മൂന്ന് പേരെ പെരുമ്പാവൂരില്‍നിന്നും പിടികൂടുകയും ചെയ്തു.

വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios