'കാറിലെ കുളി': സഞ്ജുവിന് 'ഗംഭീര' പണി; 'യാത്ര ചെയ്ത കൂട്ടുകാരും കുടുങ്ങും'
അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജുവിനെതിരെ മണ്ണഞ്ചേരി പൊലീസും കേസെടുത്തു. ആര്‍ടിഒയുടെ പരാതിയിലാണ് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ആര്‍ടിഒയുടെ ശിക്ഷാ നടപടികളെ പരിഹസിച്ച് രണ്ട് ദിവസം മുന്‍പ് സഞ്ജു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍ നടപടിക്ക് ആര്‍ടിഒക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇതിനിടെ, നിയമലംഘനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ച് ഹൈക്കോടതിയും രംഗത്തെത്തി. സഞ്ജു വാഹനത്തില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. രൂപ മാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരോട് കോടതി നിര്‍ദ്ദേശിച്ചു.
വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കും. നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണം. വാഹനങ്ങളില്‍ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളില്‍, എണ്ണുന്നത് എങ്ങനെ? നടപടിക്രമങ്ങള്‍ അറിയാം