പകൽ ബെൽറ്റ് കച്ചവടം, രാത്രിയിൽ അതിസാഹസികമായ മോഷണം, ടാർഗറ്റ് തുണിക്കടകൾ മാത്രം, 3 പേർ പിടിയിൽ
അടൂർ കരിക്കിനേത്ത് സിൽക്സിന്‍റെ അഞ്ചാം നിലയിലെത്തിയത് കെട്ടിടത്തിന്‍റെ പിൻഭാഗത്തുള്ള പൈപ്പ് വഴിയാണ് സാഹസികമായി കയറിയാണ്
അടൂര്‍: അന്തർ സംസ്ഥാന മോഷ്ടാക്കാളെ പത്തനംതിട്ട അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കേരളത്തിലുടനീളം വസ്ത്രശാലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. ആഗ്ര സ്വദേശി രാഹുൽ സിംഗ് സഹോദരൻ ഓംപ്രകാശ് ഇവരുടെ കൂട്ടാളി അങ്കൂർ എന്നിവരാണ് പിടിയിലായത്. ഓംപ്രകാശാണ് സംഘത്തിലെ സൂത്രധാരൻ.
കേരളത്തിലെ പ്രധാന നഗരങ്ങളിൽ ബെൽറ്റ് കച്ചവടവും മറ്റുമായി കറങ്ങി നടക്കും. ബഹുനില വസ്ത്രശാലകൾ കണ്ടുവെയ്ക്കും. മോഷണം ആസൂത്രണം ചെയ്ത ശേഷം സ്ഥലംവിടും. പിന്നീട് പദ്ധതിയെല്ലാം പറഞ്ഞുകൊടുത്ത് സഹോദരൻ രാഹുലിനെയും കൂട്ടാളി അങ്കൂറിനെയും മോഷണത്തിനായി നിയോഗിക്കും. തുണിക്കടകളിൽ മാത്രമാണ് സംഘം മോഷണം നടത്താറുള്ളത്. എത്ര വലിയ കെട്ടിടത്തിലും എന്ത് സാഹസം ചെയ്തും ഇവർ മോഷണം നടത്തും. അടൂർ കരിക്കിനേത്ത് സിൽക്സിന്‍റെ അഞ്ചാം നിലയിലെത്തിയത് കെട്ടിടത്തിന്‍റെ പിൻഭാഗത്തുള്ള പൈപ്പ് വഴി അതിസാഹസികമായി കയറിയാണ്.
മേൽക്കൂര പൊളിച്ച് ഭിത്തി തുരന്ന് താഴെനിലയിലുള്ള ക്യാഷ് കൗണ്ടറിലെത്തി. മൂന്ന് ലക്ഷ്ത്തിലധികം രൂപ കവർന്നു. ഒക്ടോബർ 18 ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞാണ് ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് അടൂർ പൊലീസ് പിടികൂടിയത്. മൂവർ സംഘത്തെ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ വസ്ത്രശാലകൾ കേന്ദ്രീകരിച്ചു നടന്ന പല മോഷണക്കേസുകളും തെളിയുമെന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം