Asianet News MalayalamAsianet News Malayalam

ലോക്ഡൗൺ പ്രണയം, ഒളിച്ചോട്ടം, വിവാഹം, കൈക്കുഞ്ഞുമായി വേർപിരിയൽ; അവസാനിച്ചത് കൂട്ടക്കൊലയിൽ

സംഗമിത്രയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയശേഷം ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി യുവതിയുടെ ഭർത്താവ് നസിബുർ റഹ്മാൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

Man murder wife her parents and surrender in police station with 9 month old baby in arms etj
Author
First Published Jul 26, 2023, 1:52 PM IST | Last Updated Jul 26, 2023, 1:55 PM IST

ഗുവാഹത്തി: കൊവിഡ് ലോക്ഡൌണ്‍ കാലത്തെ പ്രണയം അവസാനിച്ചത് കൂട്ടക്കൊലയില്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒന്നിലേറെ തവണ ഒളിച്ചോടി വിവാഹിതരായ ദമ്പതികളുടെ പ്രണയമാണ് ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചത്. അസമിലെ ഗോലാഘട്ടിലാണ് സംഭവം. 25 കാരനായ മെക്കാനിക്കല്‍ എന്‍ജിനിയറായ നസീബുര്‍ റഹ്മാനും 24 കാരിയായ സംഗമിത്ര ഘോഷും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലെത്തിയത്. തിങ്കളാഴ്ചയാണ് സംഗമിത്രയേയും രക്ഷിതാക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് നസീബുര്‍ റഹ്മാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

2020 ജൂണിലാണ് സംഗമിത്രയും നസീബുറും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ആവുന്നത്. 2020 ഒക്ടോബറില്‍ ഇവര്‍ കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടിയിരുന്നു. വിവരമറിഞ്ഞ് സംഗമിത്രയുടെ രക്ഷിതാക്കള്‍ യുവതിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനുള്ളില്‍ ഇരുവരും വിവാഹിതരായിരുന്നു. തൊട്ടടുത്ത വര്‍ഷം സംഗമിത്രയുടെ രക്ഷിതാക്കള്‍ മകള്‍ക്കെതിരെ മോഷണം ആരോപിച്ച് പരാതി നല്‍കി. പിന്നാലെ അറസ്റ്റിലായ യുവതി ഒരു മാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു. ജാമ്യം ലഭിച്ച പിറകേ യുവതി രക്ഷിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

2022 ജനുവരിയില് ദമ്പതികള്‍ വീണ്ടും ഒളിച്ചോടി. തമിഴ്നാട്ടിലെ ചെന്നൈയില്‍ അഞ്ച് മാസത്തോളം ഇവര്‍ ഒരുമിച്ച് താമസിക്കുകയും ഓഗസ്റ്റില്‍ തിരികെ ഗോലാഘട്ടില്‍ എത്തുകയുമായിരുന്നു. ഈ സമയത്ത് സംഗമിത്ര ഗര്‍ഭിണിയായി. തുടര്‍ന്ന് നസീബുറിന്‍റെ വീട്ടില്‍ ഇവര്‍ താമസിക്കാനും തുടങ്ങി. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് സംഗമിത്ര ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. നാല് മാസത്തിന് ശേഷം സംഗമിത്ര നസീബുറിന്‍റെ വീട്ടില്‍ നിന്ന് കുട്ടിയെയുമെടുത്ത് രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങി. പിന്നാലെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി സംഗമിത്ര ഭര്‍ത്താവിനെതിരെ പരാതിയും നല്‍കി. കേസില്‍ അറസ്റ്റിലായ നസീബുറിന് 28 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

ജയില്‍ മോചിതനായ ശേഷം കുഞ്ഞിനെ കാണാനെത്തിയ നസീബുറിനെ സംഗമിത്രയും വീട്ടുകാരും തടയുകയായിരുന്നു. പിന്നാലെ സംഗമിത്രയുടെ വീട്ടുകാര്‍ നസീബുറിനെ ആക്രമിക്കുന്നുവെന്ന് വിശദമാക്കി യുവാവിന്‍റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഇരു വീട്ടുകാരും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയായിരുന്നു. ഇതോടെയാണ് നസീബുര്‍ ഭാര്യയേയും ഭാര്യയുടെ മാതാപിതാക്കളേയും കൊലപ്പെടുത്തി കുഞ്ഞുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വടിവാളുപയോഗിച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനും പൊലീസ് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios