Asianet News MalayalamAsianet News Malayalam

26കാരനെ കുരുക്കി 15കാരന്റെ ഹണിട്രാപ്പ്, കൊടൈക്കനാൽ ട്രിപ്പിന് കഴിഞ്ഞെത്തിയ സംഘത്തെ വരവേറ്റത് പൊലീസ്

കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്.

26 year old youth lands in honey trap by 15 year old boy loss money and beaten up police arrest 5 in malappuram
Author
First Published Sep 19, 2024, 12:12 PM IST | Last Updated Sep 19, 2024, 12:12 PM IST

മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചുവരുത്തി മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ. അരീക്കോട് കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്.

ഹണിട്രാപ്പ് കെണിയൊരുക്കിയത് 15കാരനാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.  26കാരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് തട്ടിപ്പിന് തുടക്കം. 15കാരനുമായുള്ള സൗഹൃദം ശക്തമായതോടെയാണ് അരീക്കോട് വെച്ച് കൌമാരക്കാരനെ കാണാമെന്ന് പരാതിക്കാരൻ അറിയിച്ചത്. എന്നാൽ അരീക്കോട്ടെത്തിയ 26കാരനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. 

ഭീഷണിക്ക് വഴങ്ങിയ 26കാരൻ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് 26കാരൻ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സംഭവം കേസെടുത്ത് അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയ സംഘത്തെ തന്ത്രപരമായി വലയിലാക്കുകയുമായിരുന്നു. പ്രതികളിൽ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിലും രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios