ട്രാഫിക്ക് ബ്ലോക്ക് ബൈപ്പാസ് ചെയ്യാന്‍ നദിയിലൂടെ സാഹസിക ഡ്രൈവ്, താർ ഉടമയ്ക്കെതിരെ കേസ്
ചന്ദ്രാ നദിയിലൂടെ നീങ്ങുന്ന താറിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ഹിമാചൽ പ്രദേശ് പൊലീസ് കേസ് എടുത്തിരിക്കുന്നത്
സ്പിതി: ക്രിസ്തുമസ് പുതുവത്സരം ആഘോഷിക്കാനും മഞ്ഞ് വീഴ്ച ആസ്വദിക്കാനുമായി ഹിമാചൽ പ്രദേശിലേക്ക് ഒഴുകിയെത്തുന്നത് നിരവധി സഞ്ചാരികളാണ്. വാഹനങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളമുപയോഗിച്ച് ഇവിടേയ്ക്ക് എത്തുന്നവർ കനത്ത ട്രാഫിക്ക് ബ്ലോക്കുകളിലാണ് അകപ്പെടുന്നത്. മണിക്കൂറുകൾ കാത്തിരുന്നിട്ടാണ് പല സഞ്ചാരികൾക്കും തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താനാവുന്നത്. ഇതിനിടെ ട്രാഫിക്ക് ബ്ലോക്കിനെ ബൈപ്പാസ് ചെയ്യാനായി നദിയിലൂടെ മഹീന്ദ്ര താർ ഓടിച്ച ആൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
ലാഹൌളിലെ ചന്ദ്രാ നദിയിലൂടെ നീങ്ങുന്ന താറിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ഹിമാചൽ പ്രദേശ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 1988 ലെ മോട്ടോർ വാഹന നിയമ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസ് എടുക്കുന്നത് തുടർന്ന് ആരും ഇത്തരം സാഹസങ്ങൾ ചെയ്യാൻ മുതിരാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പരിസ്ഥിതി ദുർബല മേഖലയിലെ ഇത്തരം നടപടികൾ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വെള്ളം കുറവുള്ള നദിയിലെ വെള്ളത്തിലൂടെ അതിസാഹസികമായായിരുന്നു താറിന്റെ യാത്ര. അപ്രതീക്ഷിത ജലപ്രവാഹങ്ങൾക്ക് ഏറെ പേരുകേട്ടിട്ടുള്ളവയാണ് ഹിമാചലിലെ നദികൾ എന്നിരിക്കെയാണ് ഈ സാഹസം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം