എൽവിഷ് യാദവ് സംഘടിപ്പിച്ച റേവ് പാർട്ടിയിൽ കണ്ടെത്തിയത് ശംഖുവരയന്റെ വിഷം, വ്യക്തമാക്കി പൊലീസ്
ഈ പാർട്ടികളിൽ പാമ്പുകളെ വിൽക്കുന്നതായും ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിക്കുന്നതായുമുള്ള ഒരു എൻജിഒയുടെ പരാതിയിലായിരുന്നു പരിശോധന.
ദില്ലി: ബിഗ് ബോസ് വിജയി നടത്തിയ റേവ് പാർട്ടിയിൽ നിന്ന് പിടിച്ചെടുത്ത സാംപിളുകളിൽ നിന്ന് കണ്ടെത്തിയത് ശംഖുവരയന്റെ വിഷമെന്ന് പൊലീസ്. പാർട്ടി നടന്ന് മാസങ്ങൾക്ക് ശേഷമാണ് പിടിച്ചെടുത്ത സാംപിളുകളിൽ പാമ്പിൻ വിഷം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ നവംബർ മാസത്തിലാണ് സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവ് സംഘടിപ്പിച്ച റേവ് പാർട്ടിയിൽ പൊലീസ് പരിശോധന നടത്തിയത്. ഈ പാർട്ടികളിൽ പാമ്പുകളെ വിൽക്കുന്നതായും ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിക്കുന്നതായുമുള്ള ഒരു എൻജിഒയുടെ പരാതിയിലായിരുന്നു പരിശോധന.
പരിശോധനയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും. 26കാരനായ എൽവിഷ് യാദവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എൽവിഷ് യാദവ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ഷൂട്ട് ചെയ്യാൻ പാമ്പുകളെ ഉപയോഗിച്ചെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. റേവ് പാർട്ടികളിൽ പങ്കെടുത്തവരാണ് പാമ്പിന്റെ വിഷം എടുത്തതെന്നും വിദേശ പൗരന്മാരും പാർട്ടിയിൽ പങ്കെടുത്തെന്നും പൊലീസ് വിശദമാക്കിയിരുന്നു. എൽവിഷ് യാദവ് ഉൾപ്പെടെ ആറ് പേരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. അഞ്ച് പാമ്പുകൾ ഉൾപ്പെടെ ഒമ്പത് പാമ്പുകളും പാമ്പിന്റെ വിഷവും പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
മൃഗസംരക്ഷണ എൻജിഒയുടെ പരാതിയെത്തുടർന്നാണ് നോയിഡയിലെ സെക്ടർ 49-ൽ റെയ്ഡ് നടന്നത്. പാമ്പുകളെ പിടികൂടി വിഷം വേർതിരിച്ചെടുക്കുന്ന ഇവർ എൽവിഷ് യാദവിന് ഉയർന്ന വിലയ്ക്ക് വിഷം വിറ്റെന്നും പാർട്ടികളിൽ വിഷം വിതരണം ചെയ്യുന്നതിനായി വൻ തുക പിരിച്ചെടുക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് വിശദമാക്കിയത്. എന്നാൽ ആരോപണം നിഷേധിച്ച എൽവിഷ് യാദവ് എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്നാണ് പ്രതികരിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം