താമസം വാടകമുറിയില്‍, ആഡംബരജീവിതം; പൊലീസെത്തിയപ്പോള്‍ എംഡിഎംഎ പായ്ക്കിങ്, കോഴിക്കോട് 3 പേര്‍ പിടിയില്‍
ഒരു വര്‍ഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വരുന്ന സായൂജിന്റെ സഹായികളാണ് ലെനിന്‍രാജും, സിറാജുമെന്ന് പൊലീസ്.
കോഴിക്കോട്: താമരശേരിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സംഘവും താമരശേരി പൊലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
താമരശേരി കാരാടി വിളയാറചാലില്‍ സായൂജ്.വി.സി(33), താമരശേരി കാരാടി പുല്ലോറയില്‍ ലെനിന്‍രാജ്(34), താമരശേരി പെരുമ്പള്ളി പേട്ടയില്‍ സിറാജ്(28) എന്നിവരാണ് അറസ്റ്റിലായത്. താമരശേരി -കോഴിക്കോട് റോഡില്‍ ഓടക്കുന്നിലെ വാടക മുറിയില്‍ നിന്നാണ് എംഡിഎംഎ ചില്ലറ വില്‍പ്പനക്കായി പായ്ക്ക് ചെയ്യുന്നതിനിടെ സംഘത്തെ പിടികൂടിയത്. 22 ഗ്രാം എംഡിഎംഎ കൂടാതെ ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പായ്ക്കിങ് കവറുകള്‍, ലഹരി ഉപയോഗിക്കുന്ന ബോങ്ങ് എന്നിവ സഹിതമാണ് പ്രതികളെ പിടികൂടിയത്.
ഒരു വര്‍ഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വരുന്ന സായൂജിന്റെ സഹായികളാണ് ലെനിന്‍രാജും, സിറാജുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് സായൂജ് എത്തിക്കുന്ന ലഹരി മരുന്ന് വാടക മുറിയില്‍ വച്ച് പായ്ക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് വില്‍ക്കുന്നത്. ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നതാണ് സായൂജിന്റെ രീതിയെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുന്‍പ് താമരശേരി അമ്പലമുക്കില്‍ നാട്ടുകാരുടെ നേര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. അതേ ലഹരി മാഫിയ സംഘത്തില്‍പെട്ടയാളാണ് സായൂജെന്നും പൊലീസ് അറിയിച്ചു.
താമരശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു, സീനിയര്‍ സി പി ഒ ജയരാജന്‍ എന്‍.എം, സി പി ഒ ജിനീഷ് പി.പി, താമരശേരി എസ്‌ഐമാരായ ജിതേഷ്.കെ.എസ്, റോയിച്ചന്‍.പി.ഡി, റസാഖ്.വി.കെ, എ എസ് ഐ സജീവ് ടി, സി പി ഒ മാരായ പ്രവീണ്‍.സി.പി, രജിത. കെ, രാകേഷ്.എ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കളമശ്ശേരി സ്ഫോടനം: 3 പേരുടെ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി