സമാനതകളേറെ, പക്ഷേ കോതമംഗലത്തെ സാറാമ്മയെ കൊന്നത് അലക്സും കവിതയുമല്ല; പിന്നെ ആര് ? വലവിരിച്ച് പൊലീസ്

കോതമംഗലത്തെ സാറാമയുടെ കൊലപാതകം നടന്ന് പത്തു ദിവസത്തിനുശേഷമാണ് 40 കിലോമീറ്റര്‍ അകലെ അടിമാലിയില്‍ ഫാത്തിമ കൊല്ലപ്പെടുന്നത്. രണ്ട് കൊലപാതകങ്ങൾക്കും നിരവധി സമാനതകൾ ഉണ്ടായിരുന്നു. 

kothamangalam 72 year old saramma murder case investigation follow up

കൊച്ചി: കോതമംഗലം സ്വദേശിയായകള്ളാട്ട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിന്‍റെ( 72)  കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കഴിഞ്ഞ മാർച്ച് 25നാണ് മോഷണ ശ്രമത്തിനിടെ സാറാമ്മ കൊല്ലപ്പെട്ടത്. ഇതിന് ഏതാനും ദിവസത്തിന് ശേഷം അടിമാലിയിലെ ഫാത്തിമ കൊല്ലപ്പെട്ടതും ഏറെക്കുറെ സമാന രീതിയിലായിരുന്നു. ഈ കേസിലെ പ്രതികളായ അലക്സും കവിതയും പിടിയിലായതുമാണ്. ഇവർ തന്നെയാണോ സാറാമ്മയെ കൊന്നതെന്ന സംശയം ആദ്യ ഘട്ടത്തിൽ പൊലീസിന് ഉണ്ടായിരുന്നു.

എന്നാൽ സാറാമ്മയെ കൊന്നില്ലാതാക്കിയത് അലക്സും കവിതയുമല്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് അന്വേഷണ സംഘം.  പ്രതികളായ അലക്സും കവിതയും സാറാമ മരിക്കുന്ന ദിവസം കോതമംഗലത്തെത്തിയിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. കോതമംഗലത്തെ സാറാമയുടെ കൊലപാതകം നടന്ന് പത്തു ദിവസത്തിനുശേഷമാണ് 40 കിലോമീറ്റര്‍ അകലെ അടിമാലിയില്‍ ഫാത്തിമ കൊല്ലപ്പെടുന്നത്. രണ്ട് കൊലപാതകങ്ങൾക്കും നിരവധി സമാനതകൾ ഉണ്ടായിരുന്നു. 

ഇരുവരും കൊല്ലപ്പെട്ടത് പട്ടാപ്പകലാണ്. ഇരയായത് വയോധികമാരും. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി നടന്ന കുറ്റകൃത്യം. കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ രണ്ടിടത്തും പൊടികള്‍ വിതറിയിരുന്നു. സാറാമ്മയുടെ വീട്ടില്‍ മഞ്ഞൾപ്പൊടിയും ഫാത്തിമയുടെ വീട്ടില്‍ മുളക് പൊടിയും. ഈ സമാനതകളൊക്കെയാണ് കൃത്യം നടത്തിയത് ഒരേ സംഘമാണോയെന്ന സംശയം പൊലീസിനുണ്ടാകുന്നത്. ഫാത്തിമയുടെ കോലപാതകത്തില്‍ അലക്സും കവിതയും പിടിയിലായ ഉടന്‍ പൊലീസ് ചോദ്യം ചെയ്തതും ഇതാണ്. 

അന്നേ പ്രതികള്‍ സാറാമ്മയുടെ കൊലപാതകം നിക്ഷേധിച്ചിരുന്നു. തുടര്‍ന്ന് ഫാത്തിമയുടെ കൊലപാതകത്തില്‍ ഇരുവരും റിമാന്‍റിലായി. ഇതിന് ശേഷമാണ് ഇവരുടെ മൊബൈല്‍ ലോക്കേഷനടക്കം പരിശോധിച്ച് വിശദമായി അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ പ്രതികള്‍ സാറാമ്മ മരിക്കുന്ന ദിവസം കോതമംഗലത്ത് എത്തിയിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചു. അലക്സും കവിതയും ഇപ്പോള്‍ അടിമാലി സബ് ജെയിലില്‍ റിമാന്‍റിലാണ്. സാറാമ്മയുടെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികൾക്കായി വല വിരിച്ചിരിക്കുകയാണ് പൊലീസ്.

Read More : ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും

Latest Videos
Follow Us:
Download App:
  • android
  • ios