മഹാരാഷ്ട്രയിലും കൂടത്തായി മോഡല്‍ കൂട്ടക്കൊല; വിഷം നല്‍കി കൊലപ്പെടുത്തിയത് ഒരു കുടുംബത്തിലെ അഞ്ചുപേരെ
ഗച്ച്റോളിയിലെ ശങ്കർ കുംഭാരെ, ഭാര്യ വിജയ, മക്കളായ റോഷൻ, കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൂട്ടക്കൊല. മഹാരാഷ്ട്രയിലെ ഗച്ച്റോളിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നല്‍കി കൊലപ്പെടുത്തി. സംഭവത്തില്‍ ബന്ധുക്കളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗച്ച്റോളിയിലെ ശങ്കർ കുംഭാരെ, ഭാര്യ വിജയ, മക്കളായ റോഷൻ, കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ ഈ അഞ്ച് പേരും 20 ദിവസത്തിനിടെയാണ് കൊല്ലപ്പെടുന്നത്. പരിശോധനയില്‍ എല്ലാവരുടെയും മരണത്തില്‍ സാമ്യതയുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. എല്ലാവരുടേയും ആരോഗ്യസ്ഥിതിയിലുണ്ടായത് ഒരേ മാറ്റങ്ങളായിരുന്നു. ഓരോരുത്തര്‍ക്കും പലസമയങ്ങളിലായി കുറഞ്ഞ അളവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്.
സെപ്തംബർ പകുതിയോടെയാണ് പ്രതികൾ വിഷം നൽകി തുടങ്ങിയത്. പതിയെ ആന്തരികാവയവങ്ങളെ നശിപ്പിക്കുന്ന സ്ലോ പോയിസണാണ് ഉപയോഗിക്കപ്പെട്ടത്. കൊല്ലപ്പെട്ട റോഷന്‍റെ ഭാര്യ സംഘമിത്രയാണ് പ്രതികളിലൊരാൾ. ബന്ധുക്കൾക്ക് താത്പര്യമില്ലാതിരുന്ന വിവാഹമായിരുന്നു സംഘമിത്രയുടേത്. ഭർത്യവീട്ടിൽ കടുത്ത ഗാർഹിക പീഡനം സംഘമിത്ര നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്.
ഇവർ ഇതിന് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘമിത്രയുടെ അച്ഛൻ ഈയിടെയാണ് ആത്മഹത്യ ചെയ്തത്. ഇതിന് പുറകിലും ഭർത്യവീട്ടുകാരുടെ പ്രേരണയുണ്ടായിരുന്നതായി ആരോപണം ഉണ്ട്. കൊല്ലപ്പെട്ട ശങ്കറിന്‍റെ ബന്ധു റോസയാണ് കേസിലെ രണ്ടാം പ്രതി. സ്വത്ത് തർക്കമാണ് ഇവരുടെ പക. സംഘമിത്രയ്ക്ക് കുടുംബവുമായുള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് റോസ കൊലപാതകത്തിൽ ഒപ്പം കൂടിയത്. ഓൺലൈൻ വഴിയാണ് വിഷത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇവരെ സഹായിച്ചവരെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
കാനഡയിലേക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് തിരിച്ചടി; നടപടികൾ വൈകും