55 കേസുകൾ, 66 സർക്കാർ ഉദ്യോഗസ്ഥർ, 4 ഏജന്‍റുമാർ; കൈക്കൂലി കൈയ്യോടെ പൊക്കി, 2023ൽ റെക്കോർഡിട്ട് വിജിലൻസ്

റവന്യൂ വകുപ്പിലെ 17 പേരേയും, തദ്ദേശസ്വയംഭരണ വകുപ്പിലെ 15 പേരെയും, ആരോഗ്യവകുപ്പിലെ 6 ഉം, പൊലീസ് വകുപ്പിൽ 4 ഉം, രജിസ്ട്രേഷൻ വകുപ്പിൽ നിന്നും 3 പേരുമടക്കം 55 സർക്കാരുദ്യോഗസ്ഥരാണ് 2023ൽ പിടിയിലായത്.

Kerala Vigilance Department with record achievement in registering bribery cases in 2023 vkv

തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ 2023-ൽ റെക്കാർഡ് നേട്ടവുമായി സംസ്ഥാന വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ. 2023-ൽ 55 ട്രാപ്പ് കേസ്സുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും, അഴിമതി കണ്ടെത്തുന്നതിന്‍റെ ഭാഗമായുള്ള മിന്നൽ പരിശോധനകൾ 1910 എണ്ണമായി വർദ്ധിപ്പിച്ചും, കൂടുതൽ വിജിലൻസ് അന്വേഷണങ്ങൾ നടത്തിയുമാണ് സംസ്ഥാന വിജിലൻസ് ഈനേട്ടം കൈവരിച്ചത്.  അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുമ്പോൾ തന്നെ കൈയോടെ പിടികൂടുന്ന ട്രാപ്പ് കേസ്സുകളുടെ എണ്ണത്തിൽ 2023-ൽ വിജിലൻസ് സർവ്വകാല റിക്കോർഡാണ് രേഖപ്പെടുത്തിയത്. 

സംസ്ഥാന വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രൂപീകരിച്ച 1964 ന് ശേഷം ആദ്യമായിട്ടാണ് ഒരു കലണ്ടർ വര്‍ഷം തന്നെ 55 ട്രാപ്പ് കേസ്സുകൾ  റിപ്പോർട്ട് ചെയ്തത്. ഈ 55 ട്രാപ്പ് കേസ്സുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെയും, ഏജെന്റുമാരായ 4 സ്വകാര്യ വ്യക്തികളെയും കൈയോടെ പിടികൂടി ജയിലിലടച്ചു. 2023-ല്‍  തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും 15 ഉം,  റവന്യൂ വകുപ്പിൽ നിന്നും 14 ഉം, ആരോഗ്യ വകുപ്പില്‍ നിന്നും 5 ഉം, പൊലീസ് വകുപ്പിൽ നിന്നും 4 ഉം, കൃഷി, രജിസ്ട്രേഷൻ, സർവ്വേ, മോട്ടോർ വാഹനം എന്നീ വകുപ്പുകളിൽ നിന്നും 2 വീതവും, ടൂറിസം, വനം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടിക ജാതി വികസനം, കെ.എസ്.ആർ.ടി.സി,  വിദ്യാഭ്യാസം, സിവില്‍സപ്ലൈസ്‌ എന്നീ വകുപ്പുകളില്‍ നിന്നും ഓരോന്ന് വീതവും ട്രാപ്പ്  കേസ്സുകളാണ് 2023-ൽ റിപ്പോർട്ട് ചെയ്തത്. 

റവന്യൂ വകുപ്പിലെ 17 പേരേയും, തദ്ദേശസ്വയംഭരണ വകുപ്പിലെ 15 പേരെയും, ആരോഗ്യവകുപ്പിലെ 6 ഉം, പൊലീസ് വകുപ്പിൽ 4 ഉം, രജിസ്ട്രേഷൻ വകുപ്പിൽ നിന്നും 3 പേരെയും,  കൃഷി, സർവ്വേ, മോട്ടോർ വാഹന വകുപ്പ് എന്നിവയിൽ നിന്നും 2 വീതവും, ടൂറിസം, വനം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടിക ജാതി വികസനം, കെ.എസ്.ആർ.ടി.സി,  വിദ്യാഭ്യാസം, സിവില്‍സപ്ലൈസ്‌  വകുപ്പുകളിലെ ഓരോ ഉദ്ധ്യോഗസ്ഥരെയുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ  വിജിലന്‍സ് 2023-ല്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ഇത്രയും ഉദ്ധ്യോഗസ്ഥരെ ഒരു വര്‍ഷം ട്രാപ് കേസുകളില്‍ ഉള്‍പ്പെടുന്നതും ആദ്യമായിട്ടാണ്.

ഇക്കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്ത ട്രാപ് കേസുകളില്‍ 9 എണ്ണം തിരുവനന്തപുരം വിജിലൻസിന്റെ തെക്കന്‍ മേഖലയില്‍ നിന്നും,  18 ട്രാപ് കേസുകള്‍ വടക്കന്‍  മേഖലയില്‍ നിന്നും,  9 ട്രാപ് കേസുകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും, 19 ട്രാപ് കേസുകള്‍ മധ്യ മേഖലയില്‍ നിന്നുമാണ് റിപ്പോര്‍ട്ട്‌  ചെയ്തത്.  2018-ല്‍ 16 ഉം, 2019-ല്‍ 17 ഉം, 2020-ല്‍ 24 ഉം, 2021-ൽ 30, 2022-ൽ 47 ഉം ട്രാപ് കേസുകളാണ്  റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.  സർക്കാർ ഓഫീസുകളിലെ അഴിമതി കണ്ടെത്തി തടയുന്നതിലേക്കായി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ നടത്തിവരുന്ന മിന്നൽ പരിശോധനകളുടെ എണ്ണത്തിലും 2023-ൽ റെക്കോർഡിട്ടു. 

2023-ൽ ഒരു ദിവസം 5.23 മിന്നൽ പരിശോധനകൾ എന്ന ശരാശരിയിൽ ആകെ 1910 മിന്നൽ പരിശോധനകളാണ് സംസ്ഥാനത്ത് വിജിലൻസ് നടത്തിയത്. 2022-ൽ ഇത് ഒരു ദിവസം 4.7 എന്ന ശരാശരിയിൽ 1715 എണ്ണവും, 2021-ൽ 1019 മിന്നൽ പരിശോധനകളും ഉം, 2020-ൽ 861 ഉം, 2019-ൽ 1330 ഉം,2018-ൽ 598 ഉം മിന്നൽ പരിശോധനകളുമാണ് ഇതിനുമുമ്പ് വിജിലൻസ് നടത്തിയത്. സംസ്ഥാന വ്യാപകമായി ഒരേ സമയം നടത്തുന്ന 17 സംസ്ഥാന തല മിന്നൽ പരിശോധനകളും 2023-ൽ വിജിലൻസ് നടത്തിയിട്ടുണ്ട്.

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios