ഹോസ്റ്റലില്‍ കയറി കവർച്ച നടത്തിയ സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി, അറസ്റ്റിലായവരിൽ യുവതിയും
പതിനഞ്ചു ദിവസത്തോളം പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു വരികയായിരുന്ന ഒരു യുവതി ഉള്‍പ്പെടെ നാലംഗ സംഘമാണ് പിടിയിലായത്
തൃശൂര്‍: കവര്‍ച്ചാ കേസ് പ്രതികളെ സിനിമാ സ്‌റ്റൈലില്‍ പിടികൂടി. ഇക്കഴിഞ്ഞ 16ന് എറണാകുളത്ത് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ച് സ്വര്‍ണമാല, മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ന്ന കേസിലെ പ്രതികളായ ഒരു യുവതിയും മൂന്നു യുവാക്കളും അടങ്ങിയ നാലംഗ സംഘത്തെയാണ് ഇരിങ്ങാലക്കുടയില്‍ പൊലീസ് സാഹസികമായി പിടികൂടിയത്. ഷാഡോ പൊലീസ് ചമഞ്ഞാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. നിരവധി കേസുകളില്‍ പ്രതികളായ ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടില്‍ ജെയ്‌സണ്‍ (39), എറണാകുളം പോണേക്കര സ്വദേശി കോട്ടുങ്ങല്‍ സെജിന്‍ (21), അരൂര്‍ തൃച്ചാട്ടുകുളം സ്വദേശി ഉബൈസ് മന്‍സില്‍ കെയ്‌സ് (35), ഇയാളുടെ സുഹൃത്ത് രാജാക്കാട് ഉണ്ടമല സ്വദേശിനി പാലക്കല്‍ വീട്ടില്‍ മനു (30) എന്നിവരാണ് പിടിയിലായത്.
എറണാകുളത്തു നിന്നെത്തിയ പൊലീസ് സംഘത്തിന് ചാലക്കുടിയില്‍ വച്ചാണ് പ്രതികള്‍ ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിക്കുന്നത്. ഇക്കാര്യം ഇരിങ്ങാലക്കുടയിലുള്ള ഒരു പൊലീസുകാരന്റെ ശ്രദ്ധയില്‍ കൊല്ലം രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ അതുവഴി പോകുന്നത് ശ്രദ്ധയില്‍പ്പെടുകയും ബൈക്കില്‍ പിന്തുടര്‍ന്ന് കാറിന്റെ നമ്പര്‍ മനസിലാക്കി എറണാകുളം ടീമിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം പൊലീസ് മറ്റൊരു കാറിലെത്തി മറ്റു സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു. ഇതിനിടെ ഊരകത്തുവച്ച് പ്രതികള്‍ കാര്‍ തിരിച്ചു. പുറകെ പൊലീസ് സംഘവും പിന്തുടര്‍ന്നു. വിവരം ഇരിങ്ങാലക്കുടയ്ക്ക് കൈമാറി.
ഇതോടെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു, ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്റ്റേഷനു സമീപം കാര്‍ തടഞ്ഞു. പൊലീസിനെ കണ്ടതോടെ പോലീസുകാര്‍ക്കു നേരേ ശരവേഗത്തില്‍ കാര്‍ ഓടിച്ച് എതിര്‍ദിശയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീപ്പ് കുറുകെയിട്ടു കാര്‍ തടഞ്ഞ് മൂന്നു യുവാക്കളെയും സാഹസികമായി പിടികൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
പതിനഞ്ചു ദിവസത്തോളം പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു വരികയായിരുന്ന ഒരു യുവതി ഉള്‍പ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. ഇവരെ പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോയി. ഡിവൈ.എസ്.പി. ടി.കെ. ഷൈജു, ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐമാരായ അനില്‍കുമാര്‍, ജോര്‍ജ്, എ.എസ്.ഐ. സി.എ. ജോബ്, സീനിയര്‍ സി.പി.ഒമാരായ ഉമേഷ്, ഷംനാദ്, വിപിന്‍, ജീവന്‍, എറണാകുളം സൗത്ത് എസ്.ഐ. മനോജ്, സി.പി.ഒമാരായ സുമേഷ്‌കുമാര്‍, ജിബിന്‍ ലാല്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം