മോഷണം പോയ ആ 303 മൊബൈലുകളും കണ്ടെത്തി പൊലീസ്; പഴയ ഫോണ്‍ വാങ്ങരുതെന്ന് നിര്‍ദേശം
നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ 303 മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്.
കന്യാകുമാരി: കന്യാകുമാരി ജില്ലയില്‍ മോഷണം പോയ 303 മൊബൈല്‍ ഫോണ്‍ കണ്ടെത്തി തിരികെ നല്‍കിയെന്ന് എസ്പി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണുകളാണ് കന്യാകുമാരി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറിയത്. നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ 303 മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. മൊബെെൽ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഫോണുകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കാനും എസ്പി നിര്‍ദ്ദേശം നല്‍കിയിട്ടിട്ടുണ്ട്. പഴയ മൊബൈല്‍ ഫോണ്‍ വാങ്ങല്‍ ഒഴിവാക്കണം എന്നും ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും കന്യാകുമാരി എസ്.പി അറിയിച്ചു. കണ്ടെടുത്ത് നല്‍കിയ 303 ഫോണുകള്‍ 60 ലക്ഷം രൂപ മൂല്യമുള്ളതാണെന്നും പൊലീസ് അറിയിച്ചു.
യുവാവ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്കെത്തിയ പാറശാല സ്വദേശിയായ യുവാവിനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വന്യക്കോട് കോട്ടവിള വീട്ടില്‍ രാജന്റെ മകന്‍ രാഹുല്‍ (21) താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം ലോഡ്ജിലെ ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളും ആരോപണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് രാത്രിയോടെ നാട്ടില്‍ എത്തിക്കും. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പാറശാല പൊലീസില്‍ പരാതി നല്‍കി.