14 വർഷങ്ങൾ കൊണ്ട് 6 കൊലപാതകങ്ങൾ, സംശയമുന ജോളിയ്ക്ക് നേരെ നീണ്ടതെങ്ങനെ?
കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തർക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. കേസ് ചുരുളഴിഞ്ഞതെങ്ങനെ?
കോഴിക്കോട്: വെറും സ്വത്ത് തർക്കമെന്ന് കരുതിയിരുന്ന കേസ്. എന്നാൽ പിന്നീടങ്ങോട്ട് ആസൂത്രിതമായി പന്ത്രണ്ട് വർഷത്തെ ഇടവേളയിൽ ആറ് പേർ കൊല്ലപ്പെട്ടതിന്‍റെ ചുരുളഴിഞ്ഞതെങ്ങനെ?
കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തിന്‍റെ വിശദമായ വിവരങ്ങൾ ഇങ്ങനെയാണ്:
കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തിയത്. ഇദ്ദേഹം അമേരിക്കയിലായിരുന്നു. താമരശ്ശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേർത്ത് റൂറൽ എസ്‍പിക്ക് റോജോ പരാതി നൽകിയ ശേഷമാണ് ഈ കേസിന് ജീവൻ വച്ചതെന്ന് പറയാം.
ആദ്യം ഇങ്ങനെ കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തർക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും പൊലീസ് ചേർത്ത് വച്ച് പരിശോധിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല.
എന്നാൽ വടകര എസ്‍പിയായി കെ ജി സൈമൺ ചാർജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിൽ വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേർത്ത് വച്ചു. ശാസ്ത്രീയമായി കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ഓരോന്നായി പുറത്തെടുത്തു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകി.
കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭർത്താവിന്‍റെ അച്ഛന്‍റെ സഹോദരപുത്രനായ ഷാജു സ്കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിന്‍റെ ആദ്യഘട്ടത്തിൽ വർഷങ്ങളുടെ ഇടവേളകളിൽ കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തി. ആദ്യം മരിച്ചത് ഭർത്താവ് റോയിയുടെ അമ്മ അന്നമ്മ, 2002-ൽ. പിന്നീട് മരിച്ചത് ഭർത്താവിന്‍റെ അച്ഛൻ ടോം തോമസ്, ഇത് 2008-ൽ. പിന്നീട് ഭർത്താവിനെത്തന്നെ പതിയെ വിഷം നൽകി കൊന്നു. ആ മരണം നടന്നത് 2011-ൽ. ഇതിന് ശേഷം, ഭർത്താവിന്‍റെ അമ്മ അന്നമ്മയുടെ സഹോദരൻ മാത്യുവിനെ കൊന്നു, ഈ മരണം നടന്നത് 2014-ൽ. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുമ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമാണ് ഷാജുവിന്‍റെ ഭാര്യ സിലിയെയും പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമകളെയും കൊല്ലുന്നത്. ഈ മരണങ്ങൾ നടന്നത് 2014-ലും 2016-ലുമാണ്.
ഇതിന് ശേഷം വ്യാജ ഒസ്യത്തെഴുതി ഈ കുടുംബത്തിന്‍റെ സ്വത്ത് മുഴുവൻ ഇവർ കൈക്കലാക്കി. ഇതിൽ രണ്ടേക്കർ ഭൂമി വിറ്റു. ഇതിന്‍റെ പണം ചെലവാക്കി. ഈ ഒരു ഘട്ടത്തിൽ മാത്രമാണ് ബന്ധുക്കൾക്ക് പോലും സംശയം തോന്നുന്നത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനായി, ആർക്കും സംശയം തോന്നാതിരിക്കാൻ ഓരോരുത്തരെയായി ജോളി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെല്ലാമൊടുവിൽ 2014-ൽ ഷാജുവും ജോളിയും വിവാഹിതരായി.
പല രീതിയിൽ പലർക്കായി പല സമയത്താണ് ഇവർ ഓരോ കുടുംബാംഗങ്ങൾക്കായി വിഷം നൽകി കൊലപ്പെടുത്തിയിരിക്കുന്നത്. ഷാജു സ്കറിയയുടെ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഒരു വിവാഹച്ചടങ്ങിന് പോയപ്പോൾ അതിനിടെ ഭക്ഷണത്തിൽ വിഷം കലർത്തിയാണ്. റോയ് തോമസിനെ കൊന്നത് ആട്ടിൻ സൂപ്പിൽ വിഷം കലർത്തി നൽകിയാണ്. അങ്ങനെ ഓരോ സാഹചര്യം സൃഷ്ടിച്ച് കൊലപാതകം നടത്താൻ ജോളിയ്ക്ക് കഴിഞ്ഞു. ഓരോ കൊലപാതകത്തിന്‍റെ ഇടങ്ങളിലും ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതാണ് പൊലീസിന്‍റെ സംശയമുന ജോളിയിലേക്ക് നീളാൻ കാരണം.
മാത്രമല്ല, ഈ ഒസ്യത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നപ്പോഴൊക്കെ, ഈ പ്രദേശത്തൊന്നുമില്ലാത്ത ചൂളൂർ മേഖലയിൽ നിന്നുള്ളവരാണ് സാക്ഷികളായി ഒപ്പിട്ടിരിക്കുന്നത് എന്നത് നാട്ടുകാർക്ക് തന്നെ സംശയം കൂട്ടി. ഇതിന്‍റെ പേരിൽ കുടുംബത്തിൽ വലിയ തർക്കങ്ങൾ ഉയർന്നതിനെത്തുടർന്ന് ഈ ഒസ്യത്ത് ജോളി തിരിച്ചു നൽകുകയായിരുന്നു. അങ്ങനെ പ്രശ്നത്തിൽ നിന്ന് തലയൂരാനായിരുന്നു അവരുടെ ശ്രമം. ഇതിനിടെ കുറച്ച് ഭൂമി ജോളി വിറ്റിരുന്നു.
പിന്നീട് റോയിയുടെ സഹോദരൻ റോജോയുടെ പരാതിയിലാണ് ഒടുവിലിപ്പോൾ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞിരിക്കുന്നത്.
Read more at: കൂടത്തായിയിൽ കുടുംബത്തിലെ ഓരോരുത്തരെയും കൊന്നത് 'സ്ലോ പോയിസണിംഗ്', മരുമകൾ കസ്റ്റഡിയിൽ