ഇൻസ്റ്റ​ഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; തടസമായത് 5 വയസുകാരി മകൾ, കൊലപ്പെടുത്തി അമ്മ, സംഭവം ദില്ലിയിൽ

ആശുപത്രി അധികൃതർ കുട്ടിയുടെ മ‍ൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയിരുന്നു. 

Mother kills 5 year old daughter after failing to marry Instagram friend incident in Delhi

ദില്ലി: ഇൻസ്റ്റാഗ്രാമിൽ സൗഹൃദം പുലർത്തിയ വ്യക്തിയെ വിവാഹം കഴിക്കാനായി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ മനംനൊന്ത് അമ്മ തൻ്റെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ അശോക് വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 

ആശുപത്രി അധികൃതർ കുട്ടിയുടെ മ‍ൃതദേഹത്തിൽ വിശ​ദമായ പരിശോധന നടത്തിയതിന് പിന്നാലെ കഴുത്തിൽ പാടുകൾ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഒരു കുട്ടിയെ മരിച്ച നിലയിൽ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുവന്നതായി അധികൃതർ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തതായും കുട്ടിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യാൻ എത്തിച്ചതായും ദില്ലി പൊലീസിൻ്റെ പ്രസ്താവനയിൽ പറയുന്നു.

ചോദ്യം ചെയ്യൽ നീണ്ടതോടെ കുട്ടിയുടെ അമ്മ പൊട്ടിത്തെറിക്കുകയും സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിൽ, ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ രാഹുൽ എന്നയാളെ കണ്ടുമുട്ടിയതായി പൊലീസിന് മനസ്സിലായി. പിന്നീട് രാഹുലിനെ വിവാഹം കഴിക്കാൻ യുവതി ദില്ലിയിലേയ്ക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ, കുട്ടിയെ സ്വീകരിക്കാനും വിവാഹത്തിനും സുഹൃത്ത് വിസമ്മതിച്ചു. സുഹൃത്ത് വിവാഹം നിരസിച്ചതിൽ മനംനൊന്ത് അമ്മ തൻ്റെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ദില്ലിയിലേയ്ക്ക് പോകുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിൽ കുട്ടിയോടൊപ്പം ബന്ധുവീട്ടിലാണ് താമസിച്ചിരുന്നതെന്ന് യുവതി വെളിപ്പെടുത്തി. അവിടെ വെച്ച് തൻ്റെ കുട്ടിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 103, 65 (2) ,സെക്ഷൻ 6, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

READ MORE:  ഇൻസ്റ്റ​ഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ്, തെരഞ്ഞെടുപ്പിൽ കിട്ടിയത് 153 വോട്ടുകൾ; അജാസ് ഖാന് കനത്ത തിരിച്ച‍ടി

Latest Videos
Follow Us:
Download App:
  • android
  • ios